Follow Us On

20

April

2024

Saturday

12 മാസത്തിനിടെ യു.എസിൽ ആക്രമിക്കപ്പെട്ടത് 67 ദൈവാലയങ്ങൾ; അടിയന്തരശ്രദ്ധ ക്ഷണിച്ച് മെത്രാൻ സമിതി

12 മാസത്തിനിടെ യു.എസിൽ ആക്രമിക്കപ്പെട്ടത് 67 ദൈവാലയങ്ങൾ; അടിയന്തരശ്രദ്ധ ക്ഷണിച്ച് മെത്രാൻ സമിതി

വാഷിംഗ്ടൺ ഡി.സി: ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രക്ഷോപങ്ങളുടെ മറവിൽ നടന്നത് ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അമേരിക്കയിൽ ആക്രമണത്തിനിരയായത് 67 കത്തോലിക്കാ ദൈവാലയങ്ങൾ. ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും വിശ്വാസികളുടെയും അടിയന്തര ശ്രദ്ധക്ഷണിച്ച് അമേരിക്കയിലെ കത്തോലിക്കാ മെത്രാൻ സമിതി പുറത്തുവിട്ട റിപ്പോർട്ടാണ് നടുക്കുന്ന ഈ വിവരം വെളിപ്പെടുത്തുന്നത്. ദൈവാലയങ്ങൾ തകർക്കുന്നതും തിരുരൂപങ്ങൾ അവഹേളിക്കുന്നതും ഇത്രയേറെ വ്യാപകമായ നാളുകൾ സമീപകാല ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ.

25 സംസ്ഥാനങ്ങളിലാണ് അക്രമസംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. തിരുസ്വരൂപങ്ങൾ തകർക്കുക, വിരൂപമാക്കുക, ശവകുടീരങ്ങളിൽ നാസി ചിഹ്നം വരയ്ക്കുക, കത്തോലിക്ക വിരുദ്ധ പരമർശങ്ങൾ എഴുതുക, ദൈവാലയ സമീപത്ത് അമേരിക്കൻ പതാക കത്തിക്കുക തുടങ്ങിയവയാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടാതെ, മിസൗറിയിലെ ബനഡിക്ട്യൻ ആശ്രമത്തിനുനേരെ വെടിവെപ്പ് ആക്രമവും ഫ്‌ളോറിഡയിലെ ദൈവാലയത്തിൽ തീയിടാനുള്ള ശ്രമവും ഉണ്ടായി. ലോസാഞ്ചലസിലെ സെന്റ് ഗബ്രിയേൽ ആർക്ക്ഏഞ്ചൽ മിഷൻ ദൈവാലയത്തിലും സെന്റ് ചാൾസ് കത്തോലിക്കാ സ്‌കൂളിലും ഉണ്ടായ തീപിടുത്തത്തിന്റെ കാരണങ്ങൾ കണ്ടെത്താനാകാത്തതും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദൈവാലയങ്ങൾക്കും വിശുദ്ധ സ്ഥലങ്ങൾക്കുംനേരെ നടക്കുന്ന അക്രമങ്ങൾ ഇതിനുമുമ്പും അമേരിക്കയിലെ മെത്രാൻ സമിതി പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ, അക്രമങ്ങൾക്ക് കാര്യമായ കുറവുണ്ടായിട്ടില്ല. ആരാധനാലയങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്താൻ സാമ്പത്തിക സഹായം വർദ്ധിപ്പിക്കണമെന്ന് കഴിഞ്ഞ ഒക്ടോബറിൽ മറ്റ് മതവിഭാഗങ്ങൾക്കൊപ്പം അമേരിക്കൻ മെത്രാൻ സമിതിയുടെ മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കമ്മിറ്റിയും യു.എസ് കോൺഗ്രസിനോട് അഭ്യർത്ഥിച്ചിരുന്നു. മതവിശ്വാസം ഭയമില്ലാതെ ജീവിക്കാൻ പൗരൻമാർക്ക് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ പ്രധാന ചുമതലയാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ റിപ്പോർട്ട് കൂടുതൽ പ്രസക്തമാകുന്നു.

ഫോട്ടോ ക്യാപ്ഷൻ: കാലിഫോർണിയയിലെ വെഞ്ച്യൂരേയിൽ സ്ഥാപിതമായിരിക്കുന്ന വിശുദ്ധ ജൂണിപ്പെറോയുടെ തിരുരൂപം തകർക്കാൻ ആക്രമികൾ എത്തുമെന്ന് അറിഞ്ഞ് അത് തടയാൻ പ്രദേശവാസികളായ യുവജനങ്ങൾ സുരക്ഷാവലയം ഒരുക്കിയപ്പോൾ (ഫയൽ ചിത്രം)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?