Follow Us On

28

March

2024

Thursday

സൗകര്യം വര്‍ധിക്കുമ്പോഴാണ് മനുഷ്യന്‍ ദൈവത്തെ മറക്കുന്നത്

സൗകര്യം വര്‍ധിക്കുമ്പോഴാണ് മനുഷ്യന്‍ ദൈവത്തെ മറക്കുന്നത്

”ഇന്ന് സമൂഹമില്ല ആള്‍ക്കൂട്ടമേ ഉള്ളൂ. മുമ്പ് മനുഷ്യന്‍ അയല്‍വാസിയുമായി ബന്ധവും പരിചയവും പുലര്‍ത്തിയിരുന്നു. കാരണം അന്ന് വീടുകള്‍ക്ക് മതില്‍ക്കെട്ടുകളില്ലല്ലോ.” ഇങ്ങനെ പറഞ്ഞാണ് ‘സ്വര്‍ണനാവുകാരന്‍’ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത സംഭാഷണം തുടങ്ങിയത്. ”പണ്ടൊക്കെ ഒരാള്‍ക്ക് മറ്റൊരാളുടെ വീട്ടില്‍ കയറിച്ചെല്ലാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. ഒരു ആവശ്യം, അത് വിവാഹമോ മരണമോ എന്തെങ്കിലും ആവട്ടെ, ഗ്രാമം മുഴുവന്‍ അതില്‍ സജീവമാകുമായിരുന്നു. അന്ന് ഇത്രയും സാമ്പത്തിക സൗകര്യങ്ങളൊന്നുമില്ല. എന്നാല്‍, സ്‌നേഹവും കരുതലും വളരെയേറെ ഉണ്ടായിരുന്നു.” പഴയകാലവും ഇന്നത്തെ കാലവും തമ്മില്‍ ഇഴപിരിച്ചുകൊണ്ട് അദ്ദേഹം സൗമ്യമായി ചിരിക്കുന്നു.

? ഭാരതത്തില്‍ ഇന്നും ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടില്ലാത്ത ആളുകളുണ്ട്. എന്തുകൊണ്ടാണ് ക്രൈസ്തവരുടെ സംഖ്യ ഭാരതത്തില്‍ വര്‍ധിക്കാത്തത്.

• സഭയില്‍ ചേര്‍ക്കുന്നതിനായിരുന്നു മുമ്പ് സുവിശേഷവേല. ഇന്ന് ദൈവത്തെ അറിയുക എന്നതാണ് പ്രധാനം. മുമ്പ് വിദ്യാഭ്യാസം, ആതുരശുശ്രൂഷ എന്നീ മേഖലകളില്‍ സഭയ്ക്കായിരുന്നു പ്രാധാന്യം. വിദ്യാഭ്യാസത്തിനും മറ്റുമുള്ള ക്രമീകരണങ്ങള്‍ സഭയിലൂടെയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഈ മേഖലയിലെല്ലാം ഇന്ന് വ്യത്യാസം വന്നു. ധാരാളം വ്യക്തികള്‍ ഈ മേഖലകളിലേക്ക് കടന്നുവന്നു. സഭയുടെ പ്രാധാന്യം കുറച്ചുകാട്ടുന്ന രീതിയിലേക്കായി കാര്യങ്ങള്‍. ഇപ്പോള്‍ ധനവാന്മാര്‍ വര്‍ധിക്കുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമായിമാറിക്കൊണ്ടിരിക്കുന്നു. ഇവര്‍ തമ്മിലുള്ള വിടവ് വളരെ വലുതായി. സൈക്കിളായിരുന്നല്ലോ മുമ്പത്തെ പ്രധാന വാഹനം. ഇന്ന് സൈ ക്കിള്‍ ഉപയോഗിക്കുന്നത് കുറവായി കാണുകയാണെല്ലാവരും. ഇപ്പോള്‍ വാഹനങ്ങള്‍ ഉപയോഗത്തിനല്ല, അന്തസ് നിലനിര്‍ത്താന്‍ വേണ്ടിയാണ്. സൗകര്യങ്ങള്‍ വര്‍ധിക്കുന്തോറും മനുഷ്യന് ദൈവത്തിന്റെ ആവശ്യബോധം കുറഞ്ഞുവരും.
അടുത്തിയിടെ എന്റെ പ്രായത്തിനടുത്ത് വരുന്ന ഒരു സ്‌നേഹിതന്റെ വീട്ടില്‍ പോയി. ഉച്ചയോടടുത്ത സമയമായിരുന്നു. മക്കളും കൊച്ചുമക്കളും കൂടെയുണ്ട്. എല്ലാവരും സംസാരിച്ചിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ ഗൃഹനായിക സ്‌നേഹിതനെ വിളിച്ചുകൊണ്ട് അക ത്തെ മുറിയിലേക്കു പോയി. പിന്നീട് കണ്ടില്ല. ഊണിന് സമയമായി ഞാന്‍ സ്‌നേഹിതനെ അന്വേഷിച്ചു. അപ്പോള്‍ മക്കള്‍ പറയുകയാണ്, ”അപ്പച്ചന് പ്രായമായി. കോഴിയിറച്ചിയുടെ എല്ലുകഷണമോ മീനിന്റെ മുള്ളോ ഒക്കെ അപ്പച്ചന്‍ വായില്‍വച്ച് ചവച്ച് തുപ്പി മേശപ്പുറത്തിട്ടാല്‍ അത് എല്ലാവര്‍ക്കും ബുദ്ധിമുട്ടാകും. അതുകൊണ്ട് അപ്പച്ചന്‍ നേരത്തെ ഊണു കഴിച്ചു.” എനിക്കു വലിയ പ്രയാസമായി. ഞാന്‍ പറഞ്ഞു, ഞാനും പ്രായമുള്ള ആളാണ്. ഞാന്‍ ഇറച്ചിയും മീനും മീനും കഴിക്കുമ്പോഴും നിങ്ങള്‍ക്ക് ഈ ബുദ്ധിമുട്ടുണ്ടാകും. ഇതാണ് പല കുടുംബങ്ങളിലെയും വൃദ്ധജനങ്ങളുടെ അവസ്ഥ. ചിലയിടത്ത് അവര്‍ക്ക് നേരത്തെ ഭക്ഷണം കൊടുക്കും. ചിലപ്പോള്‍ അതുമില്ല. മനുഷ്യന്‍ ഓരോ നിമിഷവും സ്വാര്‍ത്ഥനായി മാറുകയാണ്.

? 95-ാം വയസിലേക്ക് അങ്ങ് പ്രവേശിക്കുന്നു. അടുത്ത നൂറ്റാണ്ടിനെക്കുറിച്ച് എന്ത് തോന്നുന്നു.

• ഭാവിയെക്കുറിച്ച് തികഞ്ഞ പ്രത്യാശയാണ് എനിക്കുള്ളത്. അതിരു കവിഞ്ഞ ഉല്‍ക്കണ്ഠ ആവശ്യമില്ല. നമ്മുടെ ആളുകള്‍ വളരെയധികം സഭയെ സ്‌നേഹിക്കുന്നവരാണ്. ഇന്ന് പലരും പറയാറുണ്ട്. വിശ്വാസം പോയി; സഭയും പോയി എന്നൊക്കെ. പെട്ടെന്നുള്ള റിസല്‍ട്ടാണ് നമുക്ക് താല്‍പര്യം. മിഷന്‍ സഭയുടേതല്ല. ദൈവിത്തിന്റേതാണ്. കൂടുതല്‍ സമര്‍പ്പണത്തോടും വിനയത്തോടുംകൂടെ അതില്‍ പങ്കുചേരാന്‍ നാം തയാറാകണം. ഭാവി ദൈവം കരുപ്പിടിപ്പിക്കട്ടെ.

? ക്രൈസ്തവ സഭകള്‍ ഇന്ന് വളയധികം വെല്ലുവിളികളെ നേരിടുന്നുണ്ടല്ലോ.

• ക്രിസ്തീയ സഭകള്‍ ക്രിസ്തുവിന്റെ കണ്ണിലൂടെയാണ് ലോകത്തെ നോക്കേണ്ടത്. യേശുക്രിസ്തുവിലൂടെ വെളിവാകുന്ന ദൈവത്തിന്റെ പ്രതീകങ്ങളാകണം സഭകള്‍. വിശ്വാസികള്‍ ക്രിസ്തുവുമായി വ്യക്തിബന്ധത്തിലേക്ക് വളരണം. ക്രിസ്തുവാണ് സഭയുടെ ശിരസ്. വീണ്ടെടുപ്പ്  ക്രിസ്തുവിലൂടെയും. ആ വീണ്ടെടുപ്പ് അനുഭവത്തിലേക്ക് വിശ്വാസിയെ നയിക്കുന്ന ഉപാധിയാകണം സഭ. ഈ ദൗത്യം നിറവേറ്റുക എന്നതാണ് സഭ ഇന്ന് നേരിടുന്ന വെല്ലുവിളി.  ഇന്നത്തെ ലോകം ക്രിസ്തീയ ജീവിതത്തിനെതിരെ ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുക എന്നതാണ് ക്രൈസ്തവരുടെ ചുമതല. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ക്രിസ്ത്യാനിയെ ഒരുക്കുക എന്നത് സഭയുടെ ചുമതലും. ആധുനിക ലോകം മുമ്പോട്ടുവയ്ക്കുന്ന കാര്യപരിപാടികള്‍ക്ക് ഉപരിയായി ദൈവം കല്‍പിക്കുന്ന തീര്‍പ്പുകള്‍ നടപ്പിലാക്കുന്ന ഉപകരണങ്ങളാകണം സഭകള്‍.

?ദൈവാലയങ്ങളില്‍ ശുശ്രൂഷക്കെത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നില്ലേ.

• അങ്ങനെ കുറയുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പള്ളിയില്‍ വരുന്നവരുടെ എണ്ണത്തില്‍ ഇടക്കാലത്ത് കുറച്ച് കുറവ് വന്നിട്ടുണ്ടാകാം. ഇപ്പോള്‍ ഇത് മാറിവരുന്നുണ്ട്. കുര്‍ബാന കഴിഞ്ഞ് വൈദികന്‍ അവസാന ആശീര്‍വാദം നല്‍കുമ്പോള്‍ ആമ്മേന്‍ എന്ന പ്രതിവാക്യം ആളുകള്‍ പറയുന്നത് മിക്കവാറും കാറിനകത്തേക്ക് കയറിക്കൊണ്ടായിരിക്കുമെന്നുമാത്രം. കാരണം ഇന്ന് അത്രയ്ക്ക് തിരക്കാണല്ലോ മനുഷ്യന്. പള്ളികളില്‍ നിറയെ ആളുകള്‍ വന്നേക്കാം. എന്നാല്‍ ക്രിസ്തുവില്‍ ചേര്‍ന്ന ജീവിതം നയിക്കുന്നവര്‍ ഇക്കാലത്ത് വളരെ കുറവാണ്.

എന്റെ പ്രായത്തിനടുത്ത് വരുന്ന ഒരു സ്‌നേഹിതന്റെ വീട്ടില്‍ പോയി. മക്കളും കൊച്ചുമക്കളും കൂടെയുണ്ട്. കുറെക്കഴിഞ്ഞപ്പോള്‍ ഗൃഹനായിക സ്‌നേഹിതനെ വിളിച്ചുകൊണ്ട് അകത്തെ മുറിയിലേക്കു പോയി. ഊണിന് സമയമായി ഞാന്‍ സ്‌നേഹിതനെ അന്വേഷിച്ചു. അപ്പോള്‍ മക്കള്‍ പറയുകയാണ്, ”അപ്പച്ചന് പ്രായമായി. കോഴിയിറച്ചിയുടെ എല്ലുകഷണമോ മീനിന്റെ മുള്ളോ ഒക്കെ അപ്പച്ചന്‍ വായില്‍വച്ച് ചവച്ചുതുപ്പി മേശപ്പുറത്തിട്ടാല്‍ അത് എല്ലാവര്‍ക്കും ബുദ്ധിമുട്ടാകും. അതുകൊണ്ട് അപ്പച്ചന്‍ നേരത്തെ ഊണു കഴിച്ചു.”

? മക്കള്‍ മറുനാട്ടിലും മാതാപിതാക്കള്‍ വലിയ വീടുകളില്‍ തനിച്ചു. നമ്മുടെ വീടുകള്‍ ശൂന്യമാകുന്നില്ലേ.

• ശരിയാണ്, ഇത് വളരെ വലിയ പ്രശ്‌നമാണ്. ചോരയും നീരുമൊഴുക്കി, വളര്‍ത്തി, വലുതാക്കി പഠിപ്പിച്ച മാതാപിതാക്കളെ വിദേശത്ത് ജോലിക്കുപോകുന്ന മക്കള്‍ അവരുടെ വാര്‍ധ്യക്യകാലത്ത് ഒന്നുകില്‍ വീട്ടില്‍ ഉപേക്ഷിക്കുന്നു. അല്ലെങ്കില്‍ വൃദ്ധമന്ദിരങ്ങളില്‍ കൊണ്ടാക്കുന്നു. ഈ ദുരവസ്ഥ നമ്മുടെ സമൂഹത്തിന്റെ ശാപമാണ്.

? അങ്ങയുടെ ജീവിതത്തില്‍ ദൈവം പ്രത്യേകമായി ഇടപെട്ട സംഭവം

• എന്റെ ജീവിതം മുഴുവനും ദൈവത്തിന്റെ ഇടപെടലുകളായിട്ടാണ് ഞാന്‍ കാണുന്നത്. ക്രിസ്തീയ വിശ്വാസമുള്ള കുടുംബത്തിലായിരുന്നു ജനനം. പിതാവ് മാര്‍ത്തോമാ സഭയിലെ വികാരി ജനറല്‍. ബാല്യത്തില്‍ത്തന്നെ പിതാവിന്റെ വിശ്വാസ തീക്ഷ്ണതയും മാതാവിന്റെ ആദര്‍ശധീരതയും മനസില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. എന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ പ്രോത്സാഹനം ദൈവത്തിന്റെ ഇടപെടലായി കാണാനാവും.

? ഇടവകകൂട്ടായ്മകള്‍ സജീവമാകുവാന്‍ വൈദികര്‍ക്ക് എന്തു ചെയ്യാന്‍ കഴിയും.

• എന്റെ അഭിപ്രായത്തില്‍ വൈദികര്‍ പള്ളി കേന്ദ്രീകരിച്ചല്ല പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളെ കേന്ദ്രീകരിച്ചാകണം. ഇന്ന് ക്രിസ്തുവിനെക്കാള്‍ വേദപുസ്തകത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരുണ്ട്. പക്ഷേ, യേശുക്രിസ്തുവിനാണ് പ്രാധാന്യം നല്‍കേണ്ടത്. എത്ര തിരക്കാണെങ്കിലും ഇടവക വികാരിമാര്‍ വിശ്വാസികളുടെ വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കാന്‍ സമയം കണ്ടെത്തിയേ മതിയാവൂ. അതിനായിട്ടാണല്ലോ അവര്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

? അവസാനമായി ഒരു കാര്യംകൂടി. അങ്ങയുടെ ആരോഗ്യത്തിന്റെ രഹസ്യം.

• രഹസ്യം അങ്ങനെ പരസ്യമാക്കാന്‍ പാടില്ലല്ലോ. എങ്കിലും സണ്‍ഡേ ശാലോം വായനക്കാരോട് പറയാം. എന്റെ മനസിനെ വിഷമിപ്പിക്കുന്ന ഒന്നുംതന്നെ ഞാന്‍ മനസില്‍ സൂക്ഷിക്കില്ല. എല്ലാറ്റിലും ഉപരി ദൈവത്തിന്റെ കൈകളില്‍ സുരക്ഷിതനാണ് ഞാനെന്ന ചിന്ത എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഇതൊക്കെയാണ് എന്റെ ആരോഗ്യ രഹസ്യം.


ജയ്‌സ് കോഴിമണ്ണില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?