Follow Us On

25

June

2021

Friday

എന്റെ മുറിവുകൾ രൂപതയുടെ വിശുദ്ധീകരണത്തിനായി  സമർപ്പിക്കുന്നു; ക്രിസ്തീയക്ഷമയുടെ സാക്ഷ്യമായി നിയുക്ത ബിഷപ്പിന്റെ വാക്കുകൾ

എന്റെ മുറിവുകൾ രൂപതയുടെ വിശുദ്ധീകരണത്തിനായി  സമർപ്പിക്കുന്നു; ക്രിസ്തീയക്ഷമയുടെ സാക്ഷ്യമായി നിയുക്ത ബിഷപ്പിന്റെ വാക്കുകൾ

റുംബെക്: വധിക്കാനെത്തിയ ആക്രമികൾ ഏൽപ്പിച്ച മുറിവുകളും വേദയും താൻ ഇടയദൗത്യം ഏൽക്കാൻ പോകുന്ന രൂപതയുടെ വിശുദ്ധീകരണത്തിനായി സമർപ്പിക്കുന്നുവെന്ന നിയുക്ത ബിഷപ്പിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. തെക്കൻ സുഡാനിലെ റുംബെക് രൂപതയുടെ നിയുക്ത ബിഷപ്പും കോംബോനി സഭാംഗവും ഇറ്റാലിയൻ മിഷണറിയുമായ ഫാ. ക്രിസ്ത്യൻ കാർലാസെറെയാണ് തനിക്കുണ്ടായ വേദനകൾ രൂപതയുടെ വിശുദ്ധീകരണത്തിനായി സമർപ്പിച്ചത്. ആയുധധാരികളുടെ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ട അദ്ദേഹം ആശുപത്രിയിൽ ചികിത്‌സയിലാണിപ്പോൾ.

‘റുംബെകിലെ സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ഞാൻ ദൈവമുമ്പാകെ ശിരസു നമിക്കുന്നു. പാപികളുടെ മാനസാന്തരത്തിനായും പ്രാർത്ഥിക്കുന്നു. നമ്മുടെ ദൈവമായ കർത്താവ് റുംബെക്കിലെ സഭയെ എല്ലാ തിന്മകളിൽനിന്ന് ശുദ്ധീകരിക്കാനും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുംവേണ്ടി ഞാൻ അനുഭവിക്കുന്ന വേദനകൾ സമർപ്പിക്കുന്നു.അക്രമത്തിനും വിഭജനത്തിനും പിശാചിൽനിന്ന് വരുന്ന സ്വാർത്ഥ മോഹങ്ങൾക്കും ഒരിക്കലും ഇടം നൽകരുത്,’ ആശുപത്രിയിൽനിന്ന് പ്രമുഖ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച അദ്ദേഹം, അക്രമങ്ങൾ ലോകത്തിലെ ഒരു സംസ്‌കാരത്തിന്റെയും ഭാഗമല്ലെന്നും വ്യക്തമാക്കി. യേശുവിന്റെ പ്രബോധനങ്ങൾക്ക് അനുസൃതമായ സഭയായി മാറാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് വിശ്വാസികളെ ഓർമിപ്പിച്ചതിനൊപ്പം, ‘ദക്ഷിണ സുഡാനിലെ സ്‌നേഹത്തിനായി’ തന്നെ ഏൽപ്പിച്ച ദൗത്യം പൂർണഹൃദയത്തോടെ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. മേയ് 23 ന് പെന്തക്കുസ്താ ദിനത്തിൽ നടത്താനിരുന്ന അദ്ദേഹത്തിന്റെ മെത്രാഭിഷേക തിരുക്കർമങ്ങൾ മാറ്റിവെച്ചു. വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ട അദ്ദേഹത്തിന്റെ വാക്കുകൾ ക്രിസ്തീയക്ഷമയുടെ നേർസാക്ഷ്യം എന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുകയാണ് ഇപ്പോൾ.

ഏപ്രിൽ 25 രാത്രി 12.45നാണ് നിയുക്ത ബിഷപ്പിനുനേരെ ആക്രമണം ഉണ്ടായത്. രണ്ടു കാലുകളിലായി മൂന്ന് വെടിയുണ്ടകൾ പതിച്ച അദ്ദേഹത്തെ റുംബെക് രൂപതയിലെ കുവാം (സി.യു.എ.എം.എം) ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2005ൽ തെക്കൻ സുഡാനിൽ എത്തിയശേഷം മാലാകൽ രൂപതയിൽ സേവനം ചെയ്യുകയായിരുന്ന ഫാ. ക്രിസ്ത്യനെ കഴിഞ്ഞ മാർച്ച് എട്ടിനാണ് റുംബെക് രൂപതയുടെ ഇടയനായി ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുത്തത്. 2011 ജൂലൈയിൽ ബിഷപ്പ് സെസരെ മാസൊളാരി കാലം ചെയ്തശേഷം ബിഷപ്പ് ഇല്ലാത്ത സ്ഥിതിയിലായിരുന്നു റുംബെക്ക് രൂപത.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?