Follow Us On

31

January

2023

Tuesday

‘റോസറി മാരത്തണി’ൽ പങ്കെടുക്കുന്ന വിശ്വാസീസമൂഹത്തിന്‌ ദൈവമാതാവിന്റെ കത്ത്! 

ഫാ. ജോ കല്ലുപുര എസ്.ഡി.ബി

‘റോസറി മാരത്തണി’ൽ പങ്കെടുക്കുന്ന വിശ്വാസീസമൂഹത്തിന്‌ ദൈവമാതാവിന്റെ കത്ത്! 

മേയ് മാസാചരണത്തിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്ത ‘റോസറി മാരത്തണി’ലൂടെ വിശ്വാസീസമൂഹം മുന്നേറുമ്പോൾ ജപമാലയുടെ ശക്തിയെക്കുറിച്ച് പരിശുദ്ധ അമ്മ നൽകിയ വെളിപ്പെടുത്തലുകൾ ധ്യാനിക്കാം.

യേശുവിന്റെ ജീവിതത്തെ ധ്യാനിക്കുന്ന ജപമാലയർപ്പണം ക്രിസ്തുകേന്ദ്രീകൃതമായ പ്രാർത്ഥനയാണ്. സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നന്മ നിറഞ്ഞ മറിയമേ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്നീ ജപങ്ങൾ തിരുവചനപ്രാർത്ഥനകളാണ്. തിരുവചനങ്ങൾ ആവർത്തിച്ച് പ്രാർത്ഥിക്കുമ്പോൾ അതിന് സവിശേഷശക്തിയുണ്ട്. ജപമാല പ്രാർത്ഥനയിൽ പരിശുദ്ധ അമ്മ നമ്മോടൊപ്പം പ്രാർത്ഥിക്കും. പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച അനുഗ്രഹം നമുക്കും ലഭിക്കാൻ ദൈവത്തിനു മുമ്പിൽ അമ്മ മാധ്യസ്ഥം യാചിക്കും.

ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെ ഓർമിപ്പിച്ച് പരിശുദ്ധ അമ്മ തന്ന സന്ദേശങ്ങളിൽനിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. പരിശുദ്ധ അമ്മ വെളിപ്പെടുത്തിയ ഈ സന്ദേശങ്ങൾ അമ്മയുടെ സ്വന്തം വാക്കുകളാണ്; ജപമാല പ്രാർത്ഥന കൂടുതൽ സജീവമാക്കാനുള്ള ക്ഷണവും.

ഒന്ന് 

‘മക്കളേ, എനിക്കേറ്റവും പ്രിയപ്പെട്ട പ്രാർത്ഥനയാണ് ജപമാല. നിങ്ങൾ ജപമാല ചൊല്ലുമ്പോൾ നിങ്ങളോടൊപ്പം ഞാനും പ്രാർത്ഥിക്കേണ്ടതിന് നിങ്ങൾ എന്നെ ക്ഷണിക്കുക. ജപമാല മണികൾ എന്റെ വിരലിലൂടെ ഞാൻ ചലിപ്പിക്കും. അപ്പോൾ നിങ്ങൾ സ്വർഗീയമാതാവിന്റെ കൂടെ പ്രാർത്ഥിക്കുന്ന മക്കളായിത്തീരും. അതിലൂടെ സാത്താന്റെയും അവന്റെ ദുഷ്ടസൈന്യത്തിന്റെയും ഭീകരസമരത്തെ എതിർത്തുനിൽക്കാൻ കഴിയും. അവന്റെ സമരത്തിനെതിരെയുള്ള സുശക്തമായ ഒരു ആയുധമാണിത്. ജപമാല ചൊല്ലുമ്പോൾ സ്വർഗനിവാസികളോടൊപ്പം പരിശുദ്ധത്രിത്വം സ ന്തോഷിക്കും. നിങ്ങൾക്കുചുറ്റും സംരക്ഷണം ഒരുക്കുന്നു; നിങ്ങൾക്കായി കോട്ടകൾ സൃഷ്ടിക്കപ്പെടുന്നു.’

രണ്ട്

‘പാപികളുടെ മാനസാന്തരത്തിനായി ജപമാലയർപ്പിച്ച് പ്രാർത്ഥിക്കുമ്പോൾ സ്വർഗം സന്തോഷിക്കുകയും ഞാൻ നിങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കുകയും ചെയ്യും.’

മൂന്ന് 

‘മക്കളേ, അന്ധകാരശക്തികളെ തോൽപ്പിക്കുന്ന ജപമാലയെന്ന ആയുധം നിത്യരക്ഷയുടെ അലംഘനീയമായ ഉറപ്പാണ്. പാഷണ്ഡതകളെ ഉന്മൂലനം ചെയ്ത്, പാപത്തെ ക്ഷയിപ്പിച്ച് തിന്മയുടെ ശക്തിയെ നശിപ്പിക്കാൻ കഴിവുള്ള ഈ പ്രാർത്ഥന ഏറ്റം അത്യാവശ്യമായിരിക്കുന്ന സമയമാണിത്. കാരണം ഇത്രമാത്രം നാശവും അപകടവും തിന്മയും യുദ്ധഭീഷണിയും ഉണ്ടായിട്ടുള്ള കാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.

‘ലോകത്തിൽ ദൈവിക സമാധാനം ഉണ്ടാകാൻ നിരന്തരം ജപമാല ചൊല്ലിയും പരിശുദ്ധ കുർബാനയുടെ ശക്തിസ്വീകരിച്ചും പ്രാർത്ഥിക്കുക. പരിശുദ്ധ കുർബാനയുടെ മഹത്തായ രഹസ്യത്തെയും ശക്തിയെയും കുറിച്ച് ലോകത്തിന് ബോധ്യം പകരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നിങ്ങൾ ദിവ്യകാരുണ്യനാഥന്റെ സന്നിധിയിലേക്ക് ഓടിയണയുക. ഈ അമ്മ എപ്പോഴും അവിടെയുണ്ട്. ജപമാലഭക്തി പ്രചരിപ്പിക്കുക, ജപമാലഭക്തർ എന്തു ചോദിച്ചാലും അതു ലഭിക്കും.’

നാല് 

‘അണുശക്തിയേക്കാൾ പതിന്മടങ്ങ് ശക്തമാണ് ഈ പ്രാർത്ഥന. ലളിതമായ ഈ പ്രാർത്ഥനയിലൂടെ സ്വർഗീയ മാതാവിനെ നിങ്ങൾ അനുധാവനം ചെയ്യുമ്പോൾ സാത്താൻ നിങ്ങളെ ഭയപ്പെടും. അതിനാൽ മക്കളേ, ശിശുസഹജമായ മനസ്സോടെ ഈ പ്രാർത്ഥന ചൊല്ലുക. പിശാചിന്റെ അഹങ്കാരം പരാജിതമാകും. ഞാൻ അവനെ ചങ്ങലകൾ കൊണ്ടല്ല, ബലഹീനമെന്ന് തോന്നുന്നതും എന്നാൽ ബലിഷ്ഠമായതുമായ പരിശുദ്ധ ജപമാലകൊണ്ട് ബന്ധിക്കുമ്പോൾ താൻ താഴ്ത്തപ്പെടുമെന്ന് സംശയലേശമെന്യേ അവൻ മനസ്സിലാക്കും.’

അഞ്ച് 

‘ജപമാല എന്ന ആയുധം മുറുകെപ്പിടിക്കൂ. സാത്താനെതിരെ പോരാടാനുള്ള ആയുധമാണ് ജപമാല. എല്ലാ മക്കളും മനമുരുകി പ്രാർത്ഥിക്കട്ടെ. പ്രാർത്ഥനയേക്കാൾ വലിയ ശക്തിയില്ല.’

ആറ് 

‘ഈ പ്രാർത്ഥനയ്ക്കായി നിങ്ങൾ എന്നെ ക്ഷണിക്കുമ്പോൾ നിങ്ങളുടെ പ്രാർത്ഥനയോടുചേർത്ത്, എന്റെ പ്രാർത്ഥന പുത്രനിലൂടെ പിതാവിന് അർപ്പിക്കുന്നു. അപ്പോൾ അത് ഫലപ്രദമാകും. കാരണമെന്തെന്നാൽ ഈ സ്വർഗീയ അമ്മയുടെ അപേക്ഷകൾക്ക് ഇല്ല എന്ന് പറയാൻ യേശുവിന് കഴിയില്ല. മക്കളേ, ജപമാല രഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുമ്പോൾ യേശുവിന്റെ മനുഷ്യാവതാരംമുതൽ ഉയിർപ്പുവരെയുള്ള ജീവിതം മുഴുവനും നിങ്ങൾ ഗ്രഹിക്കുകയും രക്ഷാകരദൗത്യത്തിലേക്ക് കൂടുതൽ ആഴത്തിലിറങ്ങുകയും ചെയ്യുന്നു. അങ്ങനെ നിങ്ങൾ ഈ സ്വർഗീയ അമ്മയിലൂടെ സ്‌നേഹത്തിന്റെ രഹസ്യത്തെ മനസ്സിലാക്കുന്നു. ഇതുവഴി പരിശുദ്ധഅമ്മയിലൂടെ യേശുവിന്റെ തിരുഹൃദയത്തിലെ ദിവ്യപ്രഭ, സ്‌നേഹമാകുന്ന ആ വലിയ നിധി നിങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നു.

ഏഴ് 

‘കറുത്ത മൃഗമായ സാത്താനെ തോൽപ്പിക്കുന്നതിനായി വെളിപാടിലെ കന്യകയായ ഈ അമ്മയോടൊപ്പം ജപമാല ചൊല്ലുക.’

എട്ട് 

‘ജപമാലയിൽ അർപ്പിക്കുന്ന സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയുടെ ആവർത്തനത്തിലൂടെ പിതാവിന്റെ പൂർണ മഹിമയ്ക്കായി നിങ്ങൾ രൂപവൽക്കരിക്കപ്പെടുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ചൊല്ലി പരിശുദ്ധത്രിത്വത്തെ നിങ്ങൾ ആരാധിക്കുന്നു. നന്മനിറഞ്ഞ മറിയമേ…, പരിശുദ്ധ മറിയമേ… എന്ന പ്രാർത്ഥനയിലൂടെ ഈ അമ്മയോടൊപ്പം സാത്താനെതിരെ പ്രവർത്തിക്കാൻ നിങ്ങൾക്ക് ധൈര്യം ലഭിക്കുന്നു. അതിനാൽ മക്കളേ, സൂര്യനെ അണിഞ്ഞിരിക്കുന്ന സ്ത്രീയാകുന്ന എന്റെ നേതൃത്വത്തിൽ സാത്താനെതിരെ മഹാസമരം നടത്താൻ ജപമാല എന്ന ആയുധം ഉപയോഗിക്കാൻ എല്ലാ മക്കളെയും ഉദ്‌ബോധിപ്പിക്കുക. ഭയപ്പെടരുത്, ദൈവം നമ്മളോടുകൂടെ.’

ഒൻപത് 

‘അനേകർ ഈ ജപമാലവഴി രക്ഷപ്പെട്ടു. എന്നാൽ സാത്താനെ അനുധാവനം ചെയ്ത് ചഞ്ചലരായവർ ഉത്കൃഷ്ടമായതിനെ നഷ്ടപ്പെടുത്തി. മക്കളേ, വിശ്വാസത്തിൽ ഉറച്ചുനിന്ന് ജപമാല എന്ന ദിവ്യായുധം ഉപയോഗിച്ച് നിങ്ങൾ പടപൊരുതുവിൻ. ജപമാലയിലൂടെ ഞാൻ നയിക്കുന്ന സൈന്യത്തിൽ ഉറച്ചുനിൽക്കുക. ഉത്സാഹം നഷ്ടപ്പെടുത്താതെ ജപമാല പ്രചരിപ്പിക്കുക. അതുവഴി സാത്താനെ ആട്ടിപ്പായിക്കാൻ നിങ്ങൾ കൂടുതൽ ശക്തിയുള്ളവരാകും.’

പത്ത് 

‘ഒരു അമ്മ നായികയായിരിക്കുന്ന യുദ്ധത്തിൽ അമ്മയുടെ മക്കൾ ഒരുമിച്ച് പടപൊരുതുന്നതുപോലെ ഈ അമ്മയോടൊപ്പം പാപത്തിനെതിരെ ജപമാലയേന്തി യുദ്ധം ചെയ്യുക. മക്കളേ, നിങ്ങളുടെ യഥാർത്ഥരോഗം പാപമാണ്. പാപബോധമില്ലാത്താണ് ഇതിന് കാരണം.’

പതിനൊന്ന് 

‘മക്കളേ, ഉയർന്ന സ്വരത്തിൽ കണ്ണീരോടെ നിങ്ങളോട് ഞാൻ ആഹ്വാനം ചെയ്യുന്നു: സാത്താനെ ചെറുത്തു തോൽപ്പിക്കുക. ജപമാലപ്രാർത്ഥന, കൗദാശികജീവിതം, സഹനജീവിതം ഇവ സ്വീകരിക്കാൻ ഈ അമ്മയുടെ കണ്ണീരിനോട് അലിഞ്ഞുചേർന്ന് തയാറാവുക.’

പന്ത്രണ്ട് 

‘എന്റെ ശത്രുവായ ചുവന്ന സർപ്പം അവന്റെ അടിമത്തച്ചങ്ങലകൊണ്ട് നിങ്ങളെ വരിഞ്ഞുകെട്ടിയിരിക്കുന്നു. ദൈവത്തെ കൂടാതെ ജീവിക്കാമെന്ന മിഥ്യാധാരണ എന്റെ മക്കളിൽ നിറച്ചിരിക്കുന്ന അവൻ വിജയഗീതം ആലപിക്കുകയാണ്. എന്റെ പ്രിയമക്കളേ, ഓർക്കുക താമസംവിനാ അവൻ ബന്ധിതനാകും. ഈ അമ്മയോടൊപ്പം ജപമാലയെന്ന ശക്തമായ ചങ്ങല ഉപയോഗിച്ച് നിങ്ങളും മുന്നേറുക. എന്റെ പ്രാർത്ഥനയാണ് ജപമാല. ഈ പ്രാർത്ഥന നിങ്ങളിൽനിന്നും യാചിക്കാനാണ് ഞാൻ സ്വർഗത്തിൽനിന്നു വന്നിരിക്കുന്നത്. മക്കളേ, എന്റെ സുനിശ്ചിതമായ വിജയത്തിന്റെ അടയാളമാണ് ഈ ജപമാല പ്രാർത്ഥന.’

പതിമൂന്ന് 

‘മക്കളേ, ജപമാലയെന്ന ചങ്ങലയിൽ ബന്ധിതനായിക്കഴിഞ്ഞാൽ അവന്റെ എല്ലാ പ്രവർത്തനങ്ങളും നിർവീര്യമാക്കപ്പെടും. ഒരിക്കലും അവന് സ്വാതന്ത്ര്യം നേടാൻ കഴിയില്ല. അതിനാൽ മക്കളേ പാപങ്ങൾ ഉപേക്ഷിച്ച് ശിശുസഹജമായ മനസ്സോടെ പ്രാർത്ഥനയിൽ തീക്ഷ്ണതയുള്ളവരായി, കുമ്പസാരത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയുമെല്ലാം പരിശുദ്ധ ശക്തി സ്വീകരിച്ച് പിതാവിന്റെ പദ്ധതികൾക്ക് കീഴ്‌പ്പെടുവിൻ.’

പതിനാല് 

‘എളിമയിൽ വളരൂ, പാപസങ്കീർത്തനത്തിനണയൂ. പരിശുദ്ധ കുർബാനയും ജപമാലയുമാണ് നിങ്ങൾക്കായി അവശേഷിക്കുന്ന രക്ഷയുടെ ആയുധങ്ങൾ. അവയെ സ്വീകരിക്കുക, പ്രാർത്ഥിക്കുക. തീക്ഷ്ണമായി പ്രാർത്ഥിക്കുക. ഏറ്റവും വലിയ പാപി ഏറ്റവും അധികം കരുണയ്ക്ക് യോഗ്യനാണെന്നറിയുക. നിങ്ങളുടെ കണ്ണീരും വിലാപങ്ങളും പ്രാർത്ഥനകളും സ്വർഗത്തിലേക്ക് ഉയർത്തുവിൻ.’

പതിനഞ്ച് 

‘മക്കളേ, പരിശുദ്ധ കുർബാനയും ദൈവവചനവും ജപമാല പ്രാർത്ഥനയും നിങ്ങളുടെ ജീവിതത്തിലെ ശക്തിസ്രോതസ്സുകളാണ്. ദൈവമക്കളുടെ ശത്രുവായ പിശാച് ഏത് ഭൂവിഭാഗം കീഴ്‌പ്പെടുത്തിയാലും പ്രാർത്ഥയിലൂടെ അത് തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിൽ നിങ്ങളെ ശക്തരാക്കാൻ ഈ അമ്മ എപ്പോഴും കൂടെയുണ്ടാകും. ജപമാല എന്ന ലളിതമായ പ്രാർത്ഥന നിങ്ങളെ ലാളിത്തത്തിലും ഹൃദയശാന്തതയിലും ഹൃദയലാളിത്യത്തിലും ആധ്യാത്മികമായി രൂപീകരിക്കുന്നു.’

പതിനാറ്

‘മക്കളേ, ദൈവികനിയമത്തെ അവജ്ഞയോടെ തിരസ്‌കരിച്ച് ജീവിക്കാനായി സാത്താൻ വളരെ കൗശലപൂർവം മനുഷ്യമക്കളെ പ്രോത്സാഹിപ്പിക്കുന്നു. ആ കറുത്ത മൃഗത്തിന്റെ ഭയാനകവും വഞ്ചനാപൂർണവുമായ കടന്നാക്രമണങ്ങളിൽനിന്ന് രക്ഷപ്രാപിച്ച് ദൈവസന്നിധിയിലെത്താനുള്ള മാർഗങ്ങളെ നിങ്ങൾ തിരസ്‌ക്കരിക്കരുത്. ദൈവപ്രമാണങ്ങൾ അനുസരിച്ചും കൂദാശകൾ വിശിഷ്യാ പരിശുദ്ധ കുർബാന, കുമ്പസാരം എന്നിവയിലൂടെ എപ്പോഴും പ്രസാദവരസ്ഥിതിയിൽ നിലനിൽക്കുക. ജപമാല പ്രാർത്ഥനയിൽ ഈ അമ്മയോടൊപ്പം തീക്ഷ്ണതയുള്ളവരാകുക. കർത്താവിന്റെ കരുണ നിങ്ങൾ നിരസിക്കരുത്.’

പതിനേഴ്

‘ജപമാല പ്രാർത്ഥന കൈവിടരുത്. പരിശുദ്ധത്രിത്വം സന്തോഷിക്കുകയും സ്വർഗനിവാസികളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഈ പ്രാർത്ഥന ഭൂമിയിലെ മക്കളെ നിത്യാനന്ദത്തിന് അർഹരാക്കുമെന്നതിൽ തെല്ലും സംശയമില്ല. നമ്മുടെ ശക്തമായ ആയുധമായ ജപമാലയുമായി മുന്നേറുക.’

പതിനെട്ട് 

‘മക്കളേ, എന്റെ വിമലഹൃദയമാകുന്ന സക്രാരിയിൽ നിറഞ്ഞുനിൽക്കുന്ന പരിശുദ്ധ കുർബാനയുടെ ശക്തി വഴിയും (ഒന്നാമത്തെ ആയുധം) അണുശക്തിയേക്കാൾ പതിന്മടങ്ങ് ശക്തിയുള്ള ജപമാലപ്രാർത്ഥന (രണ്ടാമത്തെ ആയുധം) വഴിയും മാത്രമേ സാത്താന്റെ തല തകർക്കപ്പെടൂ.’

പത്തൊൻപത് 

‘പ്രകാശിപ്പിക്കേണ്ട പ്രകാശത്തെ മറച്ചുവെക്കുന്ന ലോകമേ, അമലോത്ഭവ ഹൃദയാഭിലാഷമായ രഹസ്യങ്ങൾ അനാവരണം ചെയ്യപ്പെടുമ്പോൾ പ്രകാശത്തെ മറക്കാൻ നിനക്കാകില്ല എന്നോർക്കൂ. രക്ഷയുടെ സമ്പൂർണത യേശുവിലൂടെ മാത്രം. ആ രക്ഷ പരിശുദ്ധ കുർബാനയിലൂടെ ലോകത്തിലേക്ക്, മനുഷ്യഹൃദയങ്ങളിലേക്ക് ഒഴുകിയിറങ്ങും. അതിനാൽ ജീവിക്കുന്ന വചനരഹസ്യം പരിശുദ്ധ ജപമാല വഴി സ്വന്തമാക്കൂ. ജപമാലയോടൊപ്പം പരിഹാര കുർബാന സ്വീകരണങ്ങൾ നടത്തൂ.’

ഇരുപത്‌

‘പ്രലോഭനങ്ങളിൽ വിജയം വരിച്ച്, നിങ്ങളെ തേടിയെത്തുന്ന സഹനങ്ങളെ ഭയപ്പെടാതെ സ്വീകരിച്ച് സഹനത്തിന്റെ രത്‌നകല്ലുകൾ പതിപ്പിച്ച കിരീടത്തിന് അവകാശികളാകുക. ജപമാല ഭക്തിയിലും ദിവ്യകാരുണ്യത്തിലും വചനത്തിലും ഉപവാസത്തിലും തീക്ഷ്ണതയുള്ളവരാകുക.’

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?