Follow Us On

20

May

2022

Friday

വാഴ്ത്തപ്പെട്ട ഹന്ന ഹെലീന: കത്തോലിക്കാസഭയുടെ  അൾത്താരയിലേക്ക് ഉയർത്തപ്പെട്ട പ്രഥമ നഴ്‌സ്!

ഫാ. ജയ്സൺ കുന്നേൽ mcbs

വാഴ്ത്തപ്പെട്ട ഹന്ന ഹെലീന: കത്തോലിക്കാസഭയുടെ  അൾത്താരയിലേക്ക് ഉയർത്തപ്പെട്ട പ്രഥമ നഴ്‌സ്!

ഭൂമിയിലെ കാവൽ മാലാഖമാരായ നഴ്‌സുമാർ വാനോളം പുകഴ്ത്തപ്പെടുകയും ‘അന്താരാഷ്ട്ര നഴ്‌സസ് ദിനാ’ചരണത്തിന്റെ (മേയ് 12) പ്രസക്തി കൂടുതൽ തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, അൾത്താര വണക്കത്തിനു യോഗ്യയായ ആദ്യ നഴ്‌സിനെ പരിചയപ്പെടാം.

അൾത്താരയുടെ വണക്കത്തിനു യോഗ്യയായ ആദ്യത്തെ അൽമായ നഴ്‌സാണ് വാഴ്ത്തപ്പെട്ട ഹന്ന ഹെലീന ക്രിസനോവ്‌സ്‌ക എന്ന പോളണ്ടുകാരി. 2018 ഏപ്രിൽ 28 നു ഒരു ചരിത്രം പിറക്കുകയായിരുന്നു. അന്നാണ്, രജിസ്റ്റേർഡ് നഴ്‌സിനെ കത്തോലിക്കാ സഭയിൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. ഒരു പ്രൊഫഷണൽ ഓർഗനൈസേഷൻ അവരുടെ അംഗങ്ങളിൽ ഒരാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർത്തണമെന്ന് സഭയോടു അഭ്യർത്ഥിച്ചതും ഇതാദ്യമായിരുന്നു.

പോളണ്ടിലെ ക്രാക്കോവിലാണ് നഴ്‌സിംഗ് ശുശ്രൂഷക്കും നഴ്‌സിംഗ് വിദ്യാഭ്യാസത്തിനുമായി ക്രിസനോവ്‌സ്‌ക തന്റെ ജീവിതം സമർപ്പിച്ചത്. ആരോഗ്യ പരിപാലന മേഖല പലപ്പോഴും അവഗണിച്ചിരുന്ന രോഗികളുടെ വീട്ടിലുള്ള പരിചരണത്തിന് ഹന്ന ഹെലീന നൽകിയ സംഭാവനകൾ അനന്യമാണ് . രോഗികളെയും ദരിദ്രരെയും യഥാർഥത്തിൽ ശുശ്രൂഷിക്കാൻ ‘സ്വയം പിൻവാങ്ങുകയും സ്‌നേഹത്തിന്റെ വിശാലമായ തടാകത്തിലേക്കു യാത്ര ചെയ്യുകയും വേണം’ എന്നു ക്രോസനോവ്‌സ്‌ക നിരന്തരം മറ്റുള്ളവരെ ഓർമപ്പെടുത്തിയിരുന്നു.

യൂണിവേഴ്‌സിറ്റി അധ്യാപകനായിരുന്ന ഇഗ്‌നസി ക്ർസാനോവ്‌സ്‌കിയുടെയും വാണ്ട സ്ലെൻകിയറുടെയുംമകളായി 1902 ഒക്ടോബർ മാസം ഏഴാം തീയതി പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സയിലാണ് ഹന്ന ഹെലീന ക്രിസനോവ്‌സ്‌കയുടെ ജനനം . വലിയ വ്യവസായ ശൃഖലയും ഭൂസ്വത്തുമുണ്ടായിരുന്ന കുടുംബം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൽപ്പരരായിരുന്നുവെങ്കിലും മതപരമായ കര്യങ്ങളിൽ അത്ര സജീവമായിരുന്നില്ല. ഉർസുലിൻ ഹൈസ്‌കൂളിൽ വിദ്യാർത്ഥിയായിരിക്കെ ഒന്നാം ലോകമഹായുദ്ധത്തിൽ മുറിവേറ്റവരെ ക്രാക്കോവോ റെയിൽവേ സ്റ്റേഷനിൽ ശ്രൂഷിക്കുന്ന സംഘടനയുടെ ഭാഗമായി 1920 വാർസോയിലെ സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ പഠനം ആരംഭിച്ചു.

1925 ൽ ഒരു സ്‌കോളർഷിപ്പു ലഭിച്ചതിനെ തുടർന്നു ഫ്രാൻസിൽ ഉന്നത പരിശീലനം നടത്തി. അമേരിക്കൻ റെഡ്‌ക്രോസ് അംഗങ്ങളുടെ കൂടെ പ്രവർത്തിക്കുകയും ചെയ്തു. 1926 മുതൽ 1929 വരെ ക്രാക്കോവിലെ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് നഴ്‌സസ് ആൻഡ് ഹൈജനിസ്റ്റ്‌സിൽ അധ്യാപികയായ ഹന്ന 1929 മുതൽ 1939 വരെ ‘നഴ്‌സ് പോളണ്ട്’ എന്ന ആരോഗ്യ മാസികയുടെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. 1937ൽ പോളിഷ് നഴ്‌സുമാരുടെ കത്തോലിക്കാ അസോസിയേഷൻ രൂപീകരിക്കുന്നതിൽ ഹന്ന ക്രസനോവ്‌സ്‌ക മുൻ നിരയിലുണ്ടായിരുന്നു.

1939ൽ രണ്ടാം ലോകമഹായുദ്ധം പോളണ്ടിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്റെ സമൂഹത്തിലെ രോഗികളെയും മുറിവേറ്റവരെയും പരിചരിക്കുന്നതിനായി നഴ്‌സുമാരെ സംഘടിപ്പിക്കാൻ ഹന്ന മുന്നോട്ടിറങ്ങി. 1940ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് പിതാവിനെയും സഹോദരനെയും അവൾക്കു നഷ്ടമായി. യുദ്ധാനന്തരം, ക്രാക്കോവിൽ ഒരു യൂണിവേഴ്‌സിറ്റി ഓഫ് മെറ്റേണിറ്റി ആൻഡ് നഴ്‌സിംഗ് തുറന്നപ്പോൾ, ഹോം നഴ്‌സിംഗ് ഡിപ്പാർട്ടുമെന്റിന്റെ അധ്യക്ഷയായി ഹന്നയെ നിയമിച്ചു. പിന്നീട് കോബിയേഴ്‌സിനിലെ സ്‌കൂൾ ഓഫ് സൈക്കിയാട്രിക് നഴ്‌സിംഗിൽ ഡയറക്ടറായും ജോലി ചെയ്തു.

ബെനഡിക്റ്റിൻ ആധ്യാത്മികതയിൽ താൽപ്പര്യമുണ്ടായിരുന്ന ഹന്ന 1956 മുതൽ അൽമായർക്കായുള്ള ബെനഡിക്‌റ്റൈൻ ഒബ്ലേറ്റിൽ അംഗമായിരുന്നു. കമ്മ്യൂണിസ്റ്റ് സർക്കാരുമായുള്ള അഭിപ്രായ വിത്യാസങ്ങളെ തുടർന്നു ഔദ്യോഗിക ജോലിയിൽനിന്നു നേരത്തെ വിരമിച്ച ഹന്ന ഹെലീന, ക്രോക്കോവിലുടനീളം ദരിദ്രർക്കായി ഇടവക അധിഷ്ഠിത ഗാർഹിക പരിചരണ ശൃഖംലയ്ക്കു രൂപം നൽകാനുള്ള ആഗ്രഹം, ഫാ. കരോൾ വോയ്റ്റിവയെ (വിശുദ്ധ ജോൺ പോൾ രണ്ടാമൻ) അറിയിച്ചു. അവർ ഇരുവരുടെയും നേതൃത്വത്തിൽ ‘ഹോം നഴ്‌സിംഗ്’ ശുശ്രൂഷ ക്രോക്കോവിൽ സജീവമായി.

പ്രൊഫഷണൽ നഴ്‌സുമാരുടെ നേതൃത്വത്തിലുള്ള ഈ സംഘത്തിനു വൈദികർ, കന്യാസ്ത്രീകൾ, സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ, കുടുംബാംഗങ്ങൾ, അയൽക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാവരിലുംനിന്നും പൂർണ പിന്തുണ ലഭിച്ചു. ഹന്നയുടെ നഴ്‌സിംഗ് രംഗത്തെ സംഭവാനകളെ ആദരിച്ചു ‘പ്രോ എക്ലസ്യാ എത് പൊന്തിഫിച്ചേ’ മെഡൽ 1965ലും ‘ഓർഡർ ഓഫ് പോളോണിയ റെസ്റ്റിറ്റുട്ട’ അംഗീകാരം 1971 ലും തേടിയെത്തി. 1966 വേദനകളുടെ ആരംഭമായിരുന്നു, ആ വർഷം ഹന്നയ്ക്കു കാൻസർ സ്ഥിരീകരിച്ചു, ഒടുവിൽ 1973 ഏപ്രിൽ 29നു മരണത്തിനു കീഴടങ്ങുന്നതുവരെ അവൾ പോരാടി.

റാക്കോവിക്കി സെമിത്തേരിയിൽ നടന്ന മൃതസംസ്‌കാര ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിച്ച പഴയ സഹപ്രവർത്തകൻകൂടിയായിരുന്ന കർദിനാൾ കരോൾ വോയ്റ്റിവ ചരമപ്രസംഗത്തിൽ ഇപ്രകാരം അനുസ്മരിച്ചു: ‘പ്രിയ ഹന്ന, ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതിനു നിനക്കു നന്ദി. കരുണയുള്ളവർ ഭാഗ്യവാൻമാർ എന്ന യേശുവിന്റെ മലയിലെ പ്രസംഗ ഭാഗത്തിനു നീ ജീവതംകൊണ്ടു സാക്ഷ്യം നൽകി. ഹന്നയെ അടുത്തറിയാവുന്നവർക്കറിയാം ദൈവത്തെയും അയൽക്കാരെയും പൂർണഹൃദയത്തോടെ സ്‌നേഹിക്കുക എന്ന വലിയ കൽപ്പനയ്ക്കു എത്ര വിരോചിതമായ രീതിയിലാണ് അവൾ സാക്ഷ്യം നൽകിയതെന്ന്.’

1995ൽ കത്തോലിക്ക നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും സംഘടന (Catholic Association of Nurses and Midwives) ഹന്നയുടെ നാമകരണ നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ക്രോക്കോവ് ആർച്ച്ബിഷപ്പായിരുന്ന കർദിനാൾ ഫ്രാൻസിസ്സെക് മച്ചാർസ്‌കിക്കു ഒരു നിവേദനം സമർപ്പിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു പ്രൊഫഷനൽ കൂട്ടായ്മ അവരുടെ ഒരംഗത്തെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നാമകരണ നടപടി ആരംഭിക്കണമെന്ന് ഔദ്യോഗികമായി കത്തോലിക്കാ സഭയോട് ആവശ്യപ്പെടുന്നത്.

1998 നവംബർ മൂന്നിനു ഹന്നയുടെ നാമകരണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. 2015ൽ ഹന്നയെ ധന്യയായി പ്രഖ്യാപിച്ചു. 2017 ജൂലൈ ഏഴിനു ഹന്നയുടെ മാധ്യസ്ഥതയിലൂടെ നടന്ന അത്ഭുതം വത്തിക്കാൻ അംഗീകരിച്ചു. 2018 ഏപ്രിൽ 28നു ക്രോക്കോവിലെ ദൈവകരുണയുടെ ബസലിക്കയിൽ നടന്ന ചടങ്ങിൽ കർദിനാൾ അഞ്ചലോ അമാത്ത ഹന്ന ഹെലീന ക്രിസനോവ്‌സ്‌കയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർത്തി. വാഴ്ത്തപ്പെട്ട ഹന്നയുടെ തിരുനാൾ ഏപ്രിൽ 28നാണ് തിരുസഭ ആഘോഷിക്കുന്നത്. നഴ്‌സുമാരുടെ സ്വർഗീയ മധ്യസ്ഥയായ വാഴ്ത്തപ്പെട്ട ഹന്നായോടു എല്ലാ നഴ്‌സുമാർക്കു വേണ്ടിയും നമുക്കു മാധ്യസ്ഥം യാചിക്കാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?