Follow Us On

25

June

2021

Friday

‘വിളക്കേന്തിയ വനിത’യ്ക്ക് 201-ാം പിറന്നാൾ! അറിയാമോ ഫ്‌ളോറൻസ് നൈറ്റിംഗേലും ഭാരതവും തമ്മിലുള്ള ബന്ധം?

ഫാ. ജോഷി മയ്യാറ്റിൽ

‘വിളക്കേന്തിയ വനിത’യ്ക്ക് 201-ാം പിറന്നാൾ! അറിയാമോ ഫ്‌ളോറൻസ് നൈറ്റിംഗേലും ഭാരതവും തമ്മിലുള്ള ബന്ധം?

ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ ഇന്ന് (മേയ് 12) ലോകമെമ്പാടും നഴ്‌സസ് ദിനമായി ആചരിക്കുമ്പോൾ, ആധുനിക നഴ്‌സിങ്ങ് മേഖലയുടെ വികാസ പരിണാമങ്ങളെക്കുറിച്ചും ക്രൈസ്തവസഭ അതിൽ വഹിച്ച പങ്കിനെക്കുറിച്ചും പങ്കുവെക്കുന്നു ലേഖകൻ.

ഈ മഹാമാരിക്കാലത്ത് പകരം വെക്കാനില്ലാത്ത ഒന്നാണ് നഴ്‌സുമാരുടെ ശുശ്രൂഷ. വലിയ ധീരതയോടെ കൊറോണയ്‌ക്കെതിരേയുള്ള യുദ്ധത്തിൽ ഇന്ന് മുന്നണിപ്പോരാളികളായിരിക്കുന്നത് ലോകമെമ്പാടുമുള്ള നഴ്‌സുമാരാണ്. കോവിഡ് 19 ഇരുൾ പരത്തുന്ന രോഗാതുരമായ ലോകത്തിൽ പ്രത്യാശയുടെ ദീപം തെളിക്കാൻ ഉത്ഥിതന്റെ നിയോഗം സിദ്ധിച്ചവരാണിവർ!

ഈ സന്ദർഭത്തിൽ ഇന്ത്യക്കാരായ നാം മറ്റൊന്നുകൂടി അറിയണം, ഇന്ത്യയിലെ നഴിസിങ്ങ് പരിശീലന മേഖലയും ഫ്‌ളോറൻസ് നൈറ്റിംഗേലിനോട് കടപ്പെട്ടിരിക്കുന്നു എന്നതുതന്നെ. 1867ൽ ഡൽഹി സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലിൽ ഇന്ത്യൻ നഴ്‌സുമാരെ പരിശീലിപ്പിക്കാനുള്ള പ്രഥമകേന്ദ്രം ആരംഭിച്ചത് നൈറ്റിംഗേലിന്റെ പിന്തുണയോടുകൂടെയായിരുന്നു.

നൈറ്റിംഗേൽ കൊളുത്തിയ പുണ്യദീപം

1853 ഒക്‌ടോബർ മുതൽ 1856 ഫെബ്രുവരി വരെ റഷ്യൻ സാമ്രാജ്യവും ഒട്ടോമൻ സാമ്രാജ്യം, ഫ്രാൻസ്, ബ്രിട്ടൻ, സർദേഞ്ഞ എന്നീ ശക്തികളും തമ്മിൽ നടന്ന ക്രീമിയൻ യുദ്ധകാലത്ത് പരുക്കേറ്റു പോർക്കളത്തിൽ വീണ ആയിരക്കണക്കിന് സൈനികർക്ക് ആധുനികവൈദ്യശാസ്ത്രമനുസരിച്ചുള്ള ചികിത്സ ചിട്ടയായി നൽകാൻ ഡോക്ടർമാരോടൊപ്പം അശ്രാന്തപരിശ്രമം ചെയ്ത 38 നഴ്‌സുമാർക്ക് നേതൃത്വം നൽകിയ ധീരവനിതയാണ് ഫ്‌ളോറൻസ് നൈറ്റിംഗേൽ. രാത്രികാലങ്ങളിൽ ഒരു റാന്തലുമേന്തി സൈനികരായ രോഗികളെ നോക്കാൻ സ്ഥിരം ഇറങ്ങിയിരുന്ന അവർക്ക് പട്ടാളക്കാർ നൽകിയ പേരാണ് ‘ലേഡി വിത് ദ ലാംപ്’- ‘വിളക്കേന്തിയ വനിത’

1820 മെയ് 12ന് ഇറ്റലിയിലെ ഫ്‌ളോറൻസിൽ ഒരു ബ്രിട്ടീഷ് കുടുംബത്തിലായിരുന്നു ജനനം. പതിനേഴാം വയസ്സിൽ ദൈവം തന്നെ പരസേവനത്തിനായി വിളിക്കുന്നുവെന്ന ശക്തമായ ബോധ്യം നൈറ്റിംഗേലിനുണ്ടായി. സാമ്പത്തികമായും സാമൂഹികമായും ഉയർന്ന കുടുംബത്തിന്റെ എതിർപ്പുകൾ അവഗണിച്ച് 24-ാം വയസ്സിൽ അവൾ രോഗീപരിചരണമെന്ന കല അഭ്യസിക്കാനും അതിന്റെ പ്രയോഗത്തിൽ അനേകരെ കൂടെക്കൂട്ടാനും തുടങ്ങി.

ക്രീമിയായിലെ ശുശ്രൂഷയിലൂടെ പ്രശസ്തയായ ഫ്‌ളോറൻസ് നൈറ്റിംഗേൽ 1860ലാണ് സ്വന്തമായി ഒരു നഴ്‌സിങ്ങ് പരിശീലനസ്ഥാപനം തുടങ്ങിയത്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയോടു ചേർന്നായിരുന്നു അത്. ക്രൈസ്തവവിശ്വാസത്തിന്റെ സുശക്തമായ അടിത്തറയിലാണ് ഫ്‌ളോറൻസ് നൈറ്റിംഗേൽ ആധുനിക നഴ്‌സിങ്ങ് സമ്പ്രദായം കരുപ്പിടിപ്പിച്ചത്.

നൈറ്റിംഗേൽ ഇന്ത്യയിലും

ആധുനികഭാരതത്തിന്റെ നഴ്‌സിങ് മേഖലയിലെ അതുല്യമായ ക്രൈസ്തവ സംഭാവന ഒരാൾക്കും നിഷേധിക്കാനാവില്ല. ചാതുർവർണ്യവും അജ്ഞതയും സ്ത്രീയുടെ പിന്നാക്കാവസ്ഥയുമെല്ലാം ചേർന്ന് ഭരതത്തിലെ ആരോഗ്യപരിചരണമേഖലയിൽ നൂറ്റാണ്ടുകളോളം തികഞ്ഞ ശൂന്യത സൃഷ്ടിച്ചിരുന്നു. സൂതികർമിണികൾ മാത്രമായിരുന്നു പറയത്തക്ക നഴ്‌സുമാർ. ഈ പശ്ചാത്തലത്തിൽ, ഭാരതത്തിലെ നഴ്‌സിങ്ങ് മേഖലയ്ക്കു തുടക്കംകുറിച്ചത് ക്രൈസ്തവ സംസ്‌കാരമായിരുന്നു. 1664ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസിൽ ആരംഭിച്ച മിലിറ്ററി ആശുപത്രിയിൽ നഴ്‌സിങ്ങ് ശുശ്രൂഷയ്ക്കായി സ്ത്രീജനങ്ങൾ എത്തിയത് ലണ്ടനിൽനിന്നായിരുന്നു.

പിൽക്കാലത്ത്, സാക്ഷാൽ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ സവിശേഷ ശ്രദ്ധയും പിന്തുണയും ഭാരതത്തിന്റെ നഴ്‌സിങ്ങ് പരിശീലനമേഖലയിലുണ്ടായിരുന്നു എന്ന സത്യം പലരും മനസ്സിലാക്കിയിട്ടില്ല. ഇന്ത്യയിലെ പട്ടിണിയകറ്റാൻ സ്ത്രീജനങ്ങളെ ആതുരശുശ്രൂഷ പഠിപ്പിക്കണമെന്ന വിപ്ലവകരമായ നിലപാടാണ് നൈറ്റിംഗേലിനുണ്ടായിരുന്നത്. 1867ൽ ഡൽഹി സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലിൽ ഇന്ത്യൻ നഴ്‌സുമാരെ പരിശീലിപ്പിക്കാനുള്ള പ്രഥമകേന്ദ്രം ആരംഭിച്ചത് നൈറ്റിംഗേലിന്റെ പിന്തുണയോടുകൂടെയായിരുന്നു.

പഠനത്തിന്റെ മാർഗരേഖ തയ്യാറാക്കുന്നതിനും അവരുടെ സഹായമുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട രണ്ടു ശിഷ്യകളെയാണ് പരിശീലനകേന്ദ്രം തുടങ്ങാനായി അവർ ഡൽഹിയിലേക്ക് അയച്ചത്. 1871ൽ നാലു വിദ്യാർത്ഥികളുമായി മദ്രാസ് സർക്കാർ ആശുപത്രിയിൽ നഴ്‌സിങ്ങ് പരിശീലനത്തിനായി ആറു മാസത്തെ കോഴ്‌സ് ആരംഭിച്ചു. 1888ൽ ബ്രിട്ടീഷ് പൗരന്മാരെ ശുശ്രൂഷിക്കാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷു നഴ്‌സുമാർ പിന്നീട് ഇന്ത്യക്കാർക്ക് പരിശീലനം നൽകി. ബ്രിട്ടീഷ് ഇന്ത്യയിൽ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി വ്യാപകമായി നഴ്‌സിങ്ങ് പരിശീലനകേന്ദ്രങ്ങൾ ആരംഭിച്ചു. 1947ൽ ഇന്ത്യൻ നഴ്‌സിങ്ങ് നിയമവും 1949ൽ ഇന്ത്യൻ നഴ്‌സിങ്ങ് കൗൺസിലും നിലവിൽ വന്നു. ബിരുദാനന്തര നഴ്‌സിങ്ങ് പഠനവും പിന്നീട് ശക്തിപ്പെട്ടു.

മഹാരാജാവ് അഭ്യർത്ഥിച്ചു, കേരളത്തിലുമെത്തി

തിരുവനന്തപുരത്തും കൊല്ലത്തും സർക്കാർ ആശുപത്രി കോമ്പൗണ്ടുകളിൽ ഹോളി ക്രോസ് സിസ്റ്റേഴ്‌സിന്റെ മഠം ഉണ്ടായതെങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? കായംകുളത്തിനടുത്ത് നൂറനാട് എന്ന സ്ഥലത്തുള്ള ലെപ്രസി സാനിറ്റോറിയത്തിൽ ഹോളിക്രോസ് സിസ്റ്റേഴ്‌സ് ശുശ്രൂഷചെയ്യുന്നതിനും ആ കോമ്പൗണ്ടിനുള്ളിൽ അവരുടെ മഠമുണ്ടായതിനും കാരണമെന്തെന്ന് മനസ്സിലാക്കിയിട്ടുണ്ടോ?

തിരുവതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവ് കൊട്ടാരംവൈദ്യനായ ഡോ. പുന്നൻ ലൂക്കോസിന്റെ അഭിപ്രായം മാനിച്ച് സ്വിറ്റ്‌സർലണ്ടിൽനിന്നുള്ള മിഷനറിയും കൊല്ലം മെത്രാനുമായിരുന്ന അലോഷ്യസ് മരിയ ബെൻസിഗർ പിതാവിനെ ചെന്നുകണ്ട് അഭ്യർത്ഥിച്ചതിന്റെ ഫലമാണ് കേരളത്തിൽ ഇന്നു കാണുന്ന നഴ്‌സിങ്ങ് സമ്പ്രദായം.

1906ൽ സ്വിറ്റ്‌സർലണ്ടിൽനിന്നു വന്ന ഹോളിക്രോസ് സിസ്റ്റേഴ്‌സിന്റെ ശുശ്രൂഷാചൈതന്യവും അർപ്പണമനോഭാവവും മലയാളിയുടെ രോഗീശുശ്രൂഷയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. തിരുവനന്തപുരം ജനറലാശുപത്രിയോടുചേർന്ന് സിസ്റ്റർ ഫ്രാൻസി, സിസ്റ്റർ കമില്ല, സിസ്റ്റർ പൗള എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപിച്ച നേഴ്‌സിങ്ങ് പരിശീലനകേന്ദ്രം മഹാവിജയമായി. അങ്ങനെ, കേരളത്തിലെ നഴ്‌സിങ്ങ് മേഖല വളർന്നത് ക്രൈസ്തവ മാനവികതയുടെ മടിത്തട്ടിലാണ്. 1963ൽ തിരുവനന്തപുരത്തെ സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ ആരംഭിച്ച ബിരുദാനന്തര നഴ്‌സിങ്ങ് പഠനം ഭാരതത്തിൽ രണ്ടാമത്തേതാണ്.

നഴ്‌സിങ്ങിന്റെ ക്രൈസ്തവാടിത്തറ

ആതുരസേവനം ക്രിസ്തുവിശ്വാസത്തോട് ഏറെ ചേർന്നുപോകുന്നതുകൊണ്ടുതന്നെയാണ് നഴ്‌സിങ്ങിന്റെ ചരിത്രവും വർത്തമാനവും നല്ലൊരു ശതമാനവും ക്രൈസ്തവമായിരിക്കുന്നത്. ”ഞാൻ രോഗിയായിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചു” എന്നു പറഞ്ഞത് ദൈവവും മനുഷ്യനുമായ യേശുക്രിസ്തുവാണ് (മത്താ 25,36). യേശു നടത്തിയ നിരവധി രോഗശാന്തികൾ എക്കാലത്തെയും ആതുരശുശ്രൂഷകർക്ക് സവിശേഷാംഗീകാരവും പ്രോത്സാഹനവും നല്കുന്നതാണ്. യേശു പറഞ്ഞ നല്ല സമരിയാക്കാരനെക്കുറിച്ചുള്ള ഉപമ (ലൂക്കാ 10:25-37) നഴ്‌സിങ്ങ് മേഖലയ്ക്കുള്ള അവിടത്തെ കൈയൊപ്പാണ്. അന്ത്യവിധിയെക്കുറിച്ചുള്ള പ്രബോധനമാകട്ടെ (മത്താ 25:31-46), നഴ്‌സിങ്ങ് ശുശ്രൂഷയുടെ ചക്രവാളങ്ങളെ സ്ഥലകാലാതീതമാക്കുകയും ചെയ്യുന്നു.

രോഗത്താൽ തമോമയമാകുന്ന എല്ലാ മനസ്സുകളിലും ഉത്ഥിതന്റെ പ്രകാശം കൊളുത്താൻ ലോകമെമ്പാടുമുള്ള എല്ലാ നഴ്‌സുമാർക്കും സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. നഴ്‌സുമാർക്കായി സമർപ്പിതമായിരിക്കുന്ന ഈ വർഷം അവരുടെ ക്ഷേമവും സുസ്ഥിതിയും ഉറപ്പുവരുത്താൻ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന ഏവർക്കും കഴിയട്ടെ! പ്രാർത്ഥനയോടും കൃതജ്ഞതയോടും കൂടെ ഭൂമിയിലെ ഈ മാലാഖമാരെ സഹഗമിക്കാൻ നമുക്കേവർക്കും ശ്രദ്ധിക്കാം. ആ കൈകളിലെ ദീപം എന്നും ജ്വലിച്ചുനിൽക്കട്ടെ!

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?