Follow Us On

25

June

2021

Friday

ജോൺ പോൾ ദ ഗ്രേറ്റ്!

റോയി അഗസ്റ്റിൻ, മസ്‌കറ്റ്

ജോൺ പോൾ ദ ഗ്രേറ്റ്!

ജോൺ പോൾ രണ്ടാമൻ പാപ്പ കത്തോലിക്കാ സഭയുടെ മാത്രം സ്വത്തായിരുന്നില്ല. വിശ്വമാനവീകതയുടെ വീറുറ്റ പടനായകനായിരുന്നു അദ്ദേഹം. സംസ്‌കാരങ്ങളും സാമ്രാജ്യങ്ങളും കല്ലിന്മേൽ കല്ലു ശേഷിക്കാതെ കടന്നു പോയേക്കാം, പ്രത്യയശാസ്ത്രങ്ങളും പ്രതീകങ്ങളും മാഞ്ഞു പോയേക്കാം. എങ്കിലും ക്രിസ്തുവിന്റെ ഈ വികാരി ജനങ്ങളുടെ ഹൃദയത്തിൽ എന്നും ജീവിക്കും- വിശുദ്ധ ജോൺ പോളിന് ഇന്ന് 101-ാം പിറന്നാൾ!

സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ കത്തിച്ചുവെച്ച മെഴുകു തിരികളുമായി ഉറക്കമൊഴിഞ്ഞ പതിനായിരങ്ങൾ വിളിച്ചുപറഞ്ഞത് കേൾക്കാതെ അദ്ദേഹം യാത്രയായി, ഒന്നിനുവേണ്ടിയും കാത്തു നിൽക്കാതെ. കർമകാണ്ഡത്തിന്റെ അന്ത്യംവരെ നല്ല ഓട്ടം ഓടി വിജയശ്രീലാളിതനായി അദ്ദേഹം സ്വർഗം പൂകി, 2005 ഏപ്രിൽ രണ്ടിന്‌.

എങ്കിലും ജോൺ പോൾ രണ്ടാമന് മരിക്കാൻ കഴിയുമോ…? ഇല്ലെന്നു തന്നെയാണുത്തരം. നിങ്ങളും ഞാനുമുൾപ്പെടുന്നൊരു തലമുറയുടെ മനസിലും ഹൃദയത്തിലും അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു. ഒരു ജന്മംകൊണ്ട് ചെയ്യാവുന്നതിന്റെ എത്രയോ ഇരട്ടിയാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്! അതാണല്ലോ ഈ 101-ാം ജന്മദിനത്തിലും അദ്ദേഹം ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ജീവിത പരിസരങ്ങളിൽ മരിച്ചിട്ടും മറയാതെ നിലകൊള്ളുന്നത്.

സഭയും ലോകവും അത്ഭുതം കൂറിയ 28 വർഷങ്ങൾ…

ജോൺ പോൾ രണ്ടാമന്റെ സഭാ ഭരണത്തിന്റെ പ്രത്യേകതയാണിത്.ഏറ്റവും കൂടുതൽ കാലം പത്രോസിന്റെ സിംഹാസനത്തിലിരുന്ന് സഭയെ നയിച്ചവരിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന അദ്ദേഹം, ക്രൈസ്തവസാക്ഷ്യത്തിന് പുതിയ മാനങ്ങളും സഭൈക്യത്തിന് പുത്തൻ അർത്ഥ തലങ്ങളും പകർന്നു. ഭൂതകാലത്തിലെന്നതു പോലെ വർത്തമാനകാല സാഹചര്യങ്ങളിലും സുവിശേഷ ചൈതന്യത്തിൽനിന്ന് സഭ അകന്നുപോയിട്ടുണ്ടെന്ന് പരസ്യമായി ഏറ്റുപറഞ്ഞ അദ്ദേഹത്തെ കമ്മ്യൂണിസത്തിന്റെ തകർച്ചക്ക് നേതൃത്വം നൽകിയവരിൽ സുപ്രധാനിയെന്ന് ചരിത്രം വിശേഷിപ്പിക്കുന്നു.

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേൽ ഗോർബച്ചോവ് പറയുന്നത് കേൾക്കുക: ‘ജോൺ പോൾ രണ്ടാമൻ പാപ്പ ഇല്ലായിരുന്നെങ്കിൽ 1980കളുടെ അവസാനം കിഴക്കൻ യൂറോപ്പിൽ എന്തു സംഭവിക്കുമായിരുന്നെന്ന് പ്രവചിക്കുക അസാധ്യമായേനെ.’

ആധുനിക ലോകത്തിന്റെ പ്രയാണത്തോടൊപ്പം നടക്കാനും അതേ ലോകത്തിന്റെ അധാർമികതയ്ക്കും അധഃപതനങ്ങൾക്കുമെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കാനും മുന്നറിയിപ്പുകൾ നൽകാനും അദ്ദേഹത്തിന് കഴിഞ്ഞത് തന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടു മാത്രം. കഷ്ടപ്പാടിന്റെ നെരിപ്പോട് നെഞ്ചിൽ വിങ്ങലായ ബാല്യം. പിതാവും മാതാവും ഒടുവിൽ ഏക ആശ്രയമായിരുന്ന സഹോദരനും നഷ്ടമായ കൗമാരം. അഭിനേതാവിന്റെ യൗവ്വനവും പാറമടത്തൊഴിലാളി ആയിരിക്കെ രഹസ്യമായി സെമിനാരി പഠനം നടത്തിയ അസാമാന്യ ധീരതയുമൊക്കെ ആ ജീവിതത്തിൽ നമുക്കു കണ്ടെത്താൻ കഴിയും. പട്ടാള ട്രക്കിന്റെ രൂപത്തിൽ പാഞ്ഞടുത്ത മരണത്തെ മനക്കരുത്തു കൊണ്ടു പരാജയപ്പെടുത്തിയ അദ്ദേഹം കർത്താവിന്റെ ബലിപീഠത്തിലേക്ക് പദമൂന്നിയത് കന്യാമറിയത്തിന്റെ കരം പിടിച്ചായിരുന്നു.

കമ്മ്യൂണിസ്റ്റ് ഉരുക്കു കോട്ടയായിരുന്ന പോളണ്ടിൽ ജനിച്ച അദ്ദേഹം തന്റെ പ്രഭാമയ വ്യക്തിത്വം ഒന്നുകൊണ്ടു മാത്രം തന്റെ ജന്മനാട്ടിലെ കമ്മ്യൂണിസ്റ്റ് കിരാതത്വത്തിന്റെ അടിത്തറയിളക്കി. ആധുനിക ചരിത്രത്തിലെ ഏറ്റവും കൊടിയ പീഡനങ്ങളുടെ സാക്ഷ്യവുമായി തികച്ചുമൊരു അപരിചിതനെപ്പോലെ പത്രോസിന്റെ പിൻഗാമിയായെത്തിയ പോളണ്ടുകാരൻ തന്റെ മണ്ണിലും മനസിലും ലയിച്ചു കിടന്ന ചരിത്രത്തിൽനിന്ന് പുതിയൊരു പാത വെട്ടിത്തുറന്നു. തന്റെ കാലഘട്ടത്തിന്റെ മനസാക്ഷിയായി എത്ര പെട്ടെന്നാണദ്ദേഹം മാറിയത്? റഷ്യൻ ജനതയുടെയുള്ളിൽ അണയാതെ കിടന്ന ആത്മീയതയുടെ അഗ്‌നി അദ്ദേഹം കനലൂതി കത്തിച്ചപ്പോൾ സോവിയറ്റ് സാമ്രാജ്യം അതിൽ ചിറകു കരിഞ്ഞു വീണു.

ജോൺ പോൾ രണ്ടാമൻ എന്ന പേര് അദ്ദേഹം സ്വീകരിച്ചപ്പോൾ ജോൺ 23-ാമൻ, പോൾ ആറാമൻ, ജോൺ പോൾ ഒന്നാമൻ എന്നീ തന്റെ മുൻഗാമികളുടെ പാത തന്നെ ആയിരിക്കും അദ്ദേഹവും പിന്തുടരുക എന്നാണ് ലോകം കരുതിയത്. സഭാ കാര്യങ്ങളിൽ അതേറെക്കുറെ ശരിയായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ലോകവീക്ഷണം അവരിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നു. ക്രിസ്തീയ ധാർമികതയ്ക്കപ്പുറം ഒന്നിലും താൽപ്പര്യവും കടുംപിടുത്തവും പ്രകടിപ്പിക്കാതിരുന്ന അദ്ദേഹം, ക്രൈസ്തവ ധാർമികതയുടെ അടിസ്ഥാനത്തിൽ എല്ലാറ്റിനെയും നിർവചിച്ചു- യുദ്ധത്തെയും സമാധാനത്തെയും രോഗത്തെയും വേദനകളെയും…

സഞ്ചാരിയായ പാപ്പ

മാറി വരുന്ന ലോകക്രമത്തിൽ വത്തിക്കാനിൽ മാത്രം ഒതുങ്ങി നിൽക്കുന്നൊരു പാപ്പയെ അല്ല ലോകത്തിനാവശ്യം എന്ന് അദ്ദേഹം കാണിച്ചു തന്നു. സകല ഭൂഖണ്ഡങ്ങളിലും കാലുകുത്തിയ ആദ്യ പാപ്പയായിരുന്നു ജോൺ പോൾ രണ്ടാമൻ. ഇത്രയേറെ വിദേശയാത്ര നടത്തിയ മറ്റൊരു രാഷ്ട്രത്തലവനും ഭൂമുഖത്തില്ല തന്നെ. അദ്ദേഹത്തിന്റെ യാത്രകളെ വിമർശിച്ചവരും കുറവായിരുന്നില്ല. 102 യാത്രകളിലായി 132 രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. 12,46,000 കിലോമീറ്റർ നീണ്ട യാത്ര അദ്ദേഹം ചെയ്തു. 30 തവണ ലോകം ചുറ്റാനെടുക്കുന്ന ദൂരമാണിത്. ഭൂമിയിൽ നിന്ന് മൂന്നു തവണ ചന്ദ്രനിലേക്കെത്താനും!

തീവ്രവാദികൾ തങ്ങളുടെ ഒന്നാം നമ്പർ ശത്രുവായി പ്രഖ്യാപിച്ചപ്പോഴും അദ്ദേഹം കുലുങ്ങിയില്ല. അക്രമത്തിന്റെയും അനീതിയുടെയും യാതനകളുടെയും മധ്യേ സാന്ത്വനമില്ലാതെ അലയുന്നവർക്കിടയിൽ പ്രത്യാശയുടെ പ്രവാചകനായും ആശ്വാസ ദൂതനായും അദ്ദേഹം കടന്നുചെന്നു. കടന്നുചെന്നിടത്തൊക്കെ മനുഷ്യാവകാശത്തിന്റെയും മാനവികതയുടെയും കൊടുങ്കാറ്റദ്ദേഹം അഴിച്ചുവിട്ടു. വർണവിവേചനം, സമ്പന്ന രാജ്യങ്ങളുടെ മനുഷ്യത്വഹീനത, അനാവശ്യ ഉപരോധങ്ങൾ, കൂട്ടക്കുരുതികൾ, ഏകാതിപത്യ ഭരണകൂടങ്ങൾ എന്നിവയെ കരുത്തുറ്റ ഭാഷയിൽ അദ്ദേഹം അപലപിച്ചു.

മിയ കുൾപ്പ, മിയ കുൾപ്പ, മിയ മാക്‌സിമ കുൾപ്പ

സഭയുടെ വീഴ്ചകൾക്കും തെറ്റുകൾക്കും മാപ്പപേക്ഷിക്കാനും പ്രായശ്ചിത്വം ചെയ്യാനും അദ്ദേഹം മടി കാണിച്ചില്ല. ഇത്തരുണത്തിൽ സഭയുടെ ചരിത്രത്തെ അദ്ദേഹം മാറ്റിമറിച്ച ദിവസമായിരുന്നു 2000 മാർച്ച് 12. രണ്ടായിരാമാണ്ടിലെ വലിയ നോമ്പിന്റെ ആദ്യ ചൊവ്വാഴ്ച. അന്നാണദ്ദേഹം ചരിത്രപ്രധാനമായ ക്ഷമായാചനം നടത്തിയത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ ബലിമധ്യേ, 15-ാം നൂറ്റാണ്ടിലെ ഒരു ക്രൂശിതരൂപത്തിന്റെ കാൽപ്പാദങ്ങളിൽ ഊന്നിയ കരങ്ങളോടെ നമ്രശിരസ്‌കനായി അദ്ദേഹം കത്തോലിക്കാ സഭയുടെ 20 നൂറ്റാണ്ടുകളിലെ തെറ്റുകൾക്കു മാപ്പിരന്നു. സഭാംഗങ്ങൾ ചെയ്ത തെറ്റുകൾക്കു മാപ്പിരന്നതിനൊപ്പം, മറ്റുള്ളവർ സഭയോടു ചെയ്ത തെറ്റുകൾ ക്ഷമിക്കുകയും ചെയ്തു. ഭൂമി സൂര്യനെ വലം വെയ്ക്കുന്ന ഗ്രഹമാണെന്ന നിഗമനത്തിന്റെ പേരിൽ 1633ൽ സഭയുടെ പീഡനത്തിനു വിധേയനായ വാനശാസ്ത്രജ്ഞൻ ഗലീലിയോയെ മഹത്വത്തിന്റെ പീഠത്തിൽ അദ്ദേഹം പുനഃപ്രതിഷ്ഠിച്ചു.

അതേ സമയം, വിശ്വാസപ്രമാണങ്ങളുടെയും ധാർമിക മൂല്യങ്ങളുടെയും സഭയുടെ പ്രബോധനപരമായ അധികാരങ്ങളുടെയും കാര്യത്തിൽ കടുകിട വിട്ടുവീഴ്ചയ്ക്കദ്ദേഹം തയാറായില്ല.ആഗോളവൽകൃത യാന്ത്രിക യുഗത്തിൽ മനുഷ്യജീവനും മനുഷ്യത്വത്തിനും പരമ പ്രാധാന്യം കൽപ്പിച്ച അദ്ദേഹം, പുരോഗമനവാദിയെന്നു തനിക്കു പലയിടത്തുനിന്നും കിട്ടാവുന്ന പ്രശംസ പോലും വേണ്ടെന്നുവെച്ചു.

ജനന നിയന്ത്രണം, സ്വവർഗ രതി, വൈദികരുടെ വിവാഹം, വനിതാ പൗരോഹിത്യം, ദയാവധം, ഭ്രൂണഹത്യ, തുടങ്ങിയ ധാർമിക പ്രശ്‌നങ്ങളോടുള്ള തന്റെ നിലപാട് മരണക്കിടക്കയിൽ പോലും അദ്ദേഹം മുറുകെപ്പിടിച്ചു. താൻ മൺമറഞ്ഞു പോയാലും മറഞ്ഞു പോകാത്ത കുറെ ചിന്തകളുടെ നേരും നെറിവും അദ്ദേഹത്തിനു ബാക്കി വെയ്ക്കാൻ കഴിഞ്ഞു.

കാസ്‌ട്രോയ്ക്കും പ്രിയങ്കരൻ

വിപ്ലവസേനയുടെ മുറതെറ്റാതെയുള്ള മാർച്ചു പാസ്റ്റുകൾമാത്രം കണ്ടു പരിചയിച്ച ക്യൂബൻ തലസ്ഥാന നഗരിയയായ ഹവാനയിലെ ‘ചെ ഗുവേര സ്മാരക’ത്തോട് ചേർന്ന് യേശുക്രിസ്തുവിന്റെ തിരുസ്വരൂപം സ്ഥാപിച്ച ബലിവേദി ഉയർന്നതും ജോൺ പോൾ രണ്ടാമന്റെ കാലത്താണ്. ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രേക്ഷിതനായ ജോൺ പോൾ രണ്ടാമൻ അർപ്പിച്ച ദിവ്യബലിയിൽ പങ്കുകൊള്ളാൻ ക്യൂബൻ വിപ്ലവത്തിന്റെ പിതാമഹനെന്നു വിളിക്കപ്പെടുന്ന ഫിഡൽ കാസ്‌ട്രോ പതിവുള്ള സൈനിക യൂണിഫോമിനു പകരം നീല സ്യൂട്ടണിഞ്ഞ് നിന്നത് അത്ഭുതം കൂറുന്ന കണ്ണുകളോടെയാണ് ലോകം വീക്ഷിച്ചത്.

ഹെർമ്മോണിലെ ദേവദാരു

രോഗി ഇച്ഛിക്കുന്ന പാൽ കൽപ്പിക്കുന്ന വൈദ്യനായി കൈയടി നേടാൻ അദ്ദേഹം ശ്രമിച്ചില്ലെങ്കിലും അദ്ദേഹം നേടിയെടുത്തോളം കൈയടി മറ്റൊരു പാപ്പയ്ക്കും ലഭിച്ചിട്ടില്ല. തന്നെ വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ച തുർക്കി ഭീകരൻ മുഹമ്മദ് അലി അഗ്കയെ ജയിലിൽ ചെന്നു കണ്ട് മാപ്പു നൽകിയ അദ്ദേഹം, ക്ഷമയില്ലാതെ സമാധാനം ഉണ്ടാവില്ല എന്ന സന്ദേശവും ലോകത്തിനു നൽകി.

യുവജനതയുടെ മാനസപുത്രനായിരുന്നു അദ്ദേഹം. ആഗോള യുവജന സമ്മേളനങ്ങൾക്കെത്തിയ ലക്ഷങ്ങളുടെ കണ്ഠങ്ങളിൽനിന്ന് കടലിരമ്പം പോലെ ‘വിവാ ഇൽ പാപ്പാ’ വിളികളുയർന്നപ്പോഴൊക്കെ അദ്ദേഹം അവരോടു പറഞ്ഞത് യുവജനങ്ങളെ നിങ്ങളാണ് സഭ എന്നായിരുന്നു.

ജോൺ പോൾ രണ്ടാമൻ പാപ്പ കത്തോലിക്കാ സഭയുടെ മാത്രം സ്വത്തായിരുന്നില്ല. വിശ്വമാനവീകതയുടെ വീറുറ്റ പടനായകനായിരുന്നു അദ്ദേഹം. സംസ്‌കാരങ്ങളും സാമ്രാജ്യങ്ങളും കല്ലിന്മേൽ കല്ലു ശേഷിക്കാതെ കടന്നു പോയേക്കാം, പ്രത്യയശാസ്ത്രങ്ങളും പ്രതീകങ്ങളും മാഞ്ഞു പോയേക്കാം. എങ്കിലും ക്രിസ്തുവിന്റെ ഈ വികാരി ജനങ്ങളുടെ ഹൃദയത്തിൽ എന്നും ജീവിക്കും. വിശുദ്ധിയുടെ ഒരു നിലാത്തുണ്ടുപോലെ, ഹെർമ്മോണിലെ ദേവദാരു പോലെ. വിശുദ്ധ ജോൺ പോൾ അങ്ങു ഞങ്ങളുടെ ഹൃദയങ്ങളിലുണ്ടാകും ഓർമകളിലും!

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?