Follow Us On

20

April

2024

Saturday

‘റോസറി മാരത്തൺ’ സമാപനം 31ന്; പാപ്പ ജപമാല നയിക്കും ‘കെട്ടുകൾ അഴിക്കുന്ന’ നാഥയുടെ സന്നിധിയിൽ

‘റോസറി മാരത്തൺ’ സമാപനം 31ന്; പാപ്പ ജപമാല നയിക്കും ‘കെട്ടുകൾ അഴിക്കുന്ന’ നാഥയുടെ സന്നിധിയിൽ

വത്തിക്കാൻ സിറ്റി: കോവിഡ് മുക്തിക്കായി ആഗോള കത്തോലിക്കാ സമൂഹം ഒന്നടങ്കം അണിചേരുന്ന മേയ് മാസ ‘റോസറി മാരത്തണി’ന്റെ സമാപന ശുശ്രൂഷകൾക്ക് ഫ്രാൻസിന് പാപ്പ കാർമികത്വം വഹിക്കും. മേയ് 31 വൈകിട്ട് 05.40ന് വത്തിക്കാൻ ഗാർഡനിൽ പ്രതിഷ്ഠിക്കുന്ന ‘കെട്ടുകൾ അഴിക്കുന്ന’ ദൈവമാതാവിന്റെ ഛായാചിത്രത്തിനു മുന്നിലായിരിക്കും പാപ്പ ജപമാല പ്രാർത്ഥന നയിക്കുക. തിന്മയ്‌ക്കെതിരെ വിജയം നേടുന്നതിന്റെയും കരുണയുടെയും പ്രത്യാശയുടെയും സന്ദേശം പകരുന്ന ‘കെട്ടുകൾ അഴിക്കുന്ന’ മാതാവിന്റെ ചിത്രം പാപ്പയുടെ പ്രത്യേക നിർദേശപ്രകാരമാണ് ക്രമീകരിക്കുന്നത്.

അഞ്ച് രഹസ്യങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കാൻ അഞ്ച് വിശേഷാൽ നിയോഗങ്ങളും (അഴിയപ്പെടേണ്ട അഞ്ച് കെട്ടുകൾ) പാപ്പ തിരഞ്ഞെടുത്തിട്ടുണ്ട്. മഹാമാരിയുടെ നാളുകളിൽ പ്രബലപ്പെട്ട ഏകാന്തത, നിസംഗത, ബന്ധങ്ങളിലുണ്ടായ മുറിവ് എന്നിവയിൽനിന്നുള്ള മുക്തിയാണ് ആദ്യ നിയോഗം. തൊഴിലില്ലായ്മ പരിഹരിക്കപ്പെടണം എന്നതാണ് രണ്ടാമത്തെ നിയോഗം. യുവജനങ്ങളും വനിതകളും കുടുംബനാഥന്മാരും ഉൾപ്പെടെയുള്ള തൊഴിലാളികൾക്കൊപ്പം, തൊഴിലാളികളെ സംരക്ഷിക്കാൻ വെല്ലുവിളി നേരിടുന്ന തൊഴിൽ ദാതാക്കളെയും ഈ രഹസ്യത്തിൽ സമർപ്പിക്കും.

പ്രതിസന്ധിമൂലമുള്ള സാമൂഹിക പിരിമുറുക്കങ്ങളുടെ ഫലമായി വീടുകളിൽ സംഭവിക്കുന്ന അതിക്രമങ്ങൾ വിശിഷ്യാ, സ്ത്രീകൾക്ക് എതിരായ അക്രമങ്ങൾക്ക് എതിരായാണ് മൂന്നാമത്തെ നിയോഗം. പണക്കാരനെന്നും പാവപ്പെട്ടവനെന്നുമുള്ള വ്യത്യാസമില്ലാതെ ശാസ്ത്രീയ ഗവേഷണങ്ങളുടെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭ്യമാകുന്ന അവസ്ഥ സംജാതമാകണം എന്നതാണ് നാലാമത്തെ നിയോഗം.

കത്തോലിക്കാ വിശ്വാസീസമൂഹത്തിന് അജപാലന ജീവിതത്തിലെ എല്ലാ മേഖലകളിലും പുതിയ ഉണർവ് അനുഭവവേദ്യമാകുക, യുവജനങ്ങൾ ഉത്തമ ജീവിത പങ്കാളികളെ കണ്ടെത്തി നല്ല കുടുംബങ്ങൾക്ക് രൂപം നൽകുക എന്നിവയാണ് അഞ്ചാമത്തെ രഹസ്യത്തിൽ സമർപ്പിക്കുന്നത്. ജപമാല അർപ്പണത്തിന്റെ സമാപനത്തിൽ, കെട്ടുകൾ അഴിക്കുന്ന നാഥയുടെ ചിത്രത്തിൽ പാപ്പ കിരീടധാരണവും നടത്തും.

ജർമനിയിലെ സംസ്ഥാനമായ ബവേറിയയിലെ ഔഗ്‌സ്ബുർഗിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ പത്രോസിന്റെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിഖ്യാത മരിയൻ ചിത്രമാണ് കുരുക്കഴിക്കുന്ന മാതാവ്. രണ്ട് മാലാഖമാർ കൈവശം വച്ചിരിക്കുന്ന ഒരു വെളുത്ത റിബണിലെ കെട്ടുകൾ പരിശുദ്ധ കന്യാമറിയം അഴിക്കുന്നതാണ് ചിത്രം. ഓഗ്‌സ്ബർഗ് ബിഷപ്പ് ബെർട്രാം ജോഹന്നാസ് മിയർ കൊണ്ടുവരുന്ന ഛായാചിത്രത്തിന്റെ പതിപ്പ് വത്തിക്കാൻ ഗാർഡനിലെ വേദിയിൽ പ്രതിഷ്ഠിക്കുന്നതോടെയാകും സമാപന ദിനത്തിലെ ജപമാല പ്രാർത്ഥന ആരംഭിക്കുക.

മേയ് ഒന്നിന് വത്തിക്കാൻ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ ഉദ്ഘാടനം കുറിച്ച റോസറി മാരത്തണിന് ഓരോ ദിവസവും വിവിധ രാജ്യങ്ങളിലെ ബസിലിക്കകളാണ് നേതൃത്വം നൽകുന്നത്. ഓരോ ദിവസവും അർപ്പിക്കാൻ വേണ്ടി വിശേഷാൽ നിയോഗങ്ങളും പാപ്പ തിരഞ്ഞെടുത്ത് നൽകിയിരുന്നു. മേയ് 14ലെ ജപമാല അർപ്പണത്തിനായി ഇന്ത്യയിൽനിന്നുള്ള വേളാങ്കണ്ണി ബസിലിക്കയാണ് പാപ്പ തിരഞ്ഞെടുത്ത്. ഓരോ ദിവസത്തെയും ജപമാല അർപ്പണം, വത്തിക്കാൻ മീഡിയ തത്‌സമയം ലഭ്യമാക്കുന്നുണ്ട്. ശാലോം വേൾഡ് പ്രയർ (SW PRAYER) ചാനലിലും ജപമാല അർപ്പണം തത്‌സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?