റോസറി മാരത്തണിന്റെ സമാപന ദിനത്തിൽ ഫ്രാൻസിസ് പാപ്പ ‘കെട്ടുകൾ അഴിക്കുന്ന’ നാഥയ്ക്കു മുന്നിൽ അണയുമ്പോൾ, അടുത്തറിയാം വിഖ്യാതമായ ആ മരിയൻ ചിത്രത്തിന്റെ ചരിത്രം.
ജർമൻ സംസ്ഥാനമായ ബവേറിയയിലെ ഔഗ്‌സ്ബുർഗിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ പത്രോസിന്റെ ദൈവാലയത്തിൽ പ്രതിഷ്ഠിതമായ വിഖ്യാതമായ മരിയൻ ചിത്രമാണ് ‘കെട്ടുകൾ അഴിക്കുന്ന’ നാഥ. തിന്മയ്‌ക്കെതിരെ വിജയം നേടുന്നതിന്റെയും കരുണയുടെയും പ്രത്യാശയുടെയും സന്ദേശം പകരുന്ന ‘കെട്ടുകൾ അഴിക്കുന്ന’ നാഥയോടുള്ള വണക്കം പ്രചരിക്കാൻ തുടങ്ങത് 18-ാം നൂറ്റാണ്ടിലാണ്. മറ്റു പല മരിയൻ ഭക്തികളുംപോലെ ഇത് പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണം വഴിയല്ല പ്രചാരത്തിലായത്. മറിച്ച്, മാതാവിന്റെ മധ്യസ്ഥശക്തിയുടെ ഫലങ്ങളാലത്രേ.
അത്ഭുതം സംഭവിച്ച ആശ്രമ ചാപ്പൽ
വോൾഫ്ഗാങ്ങ് ലാംഗെൻമാന്റൽ (1568- 1637) എന്ന ഒരു ജർമൻകാരന്റെ ജീവിതവുമായി ഇഴചേർന്നുകിടക്കുന്നതാണ് കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രത്തിന്റെ ചരിത്രം. വോൾഫ്ഗാങ്ങും ഭാര്യ സോഫിയും മാതൃകാ ദാമ്പതികളായിരുന്നു. എന്നാൽ, 1612 ആയപ്പോഴേക്കും ആ ദാമ്പത്യത്തിൽ ചില വിള്ളലുകൾ വീഴാൻ തുടങ്ങി. ഒരു വേള വിവാഹമോചനത്തിന്റെ വക്കുവരെ എത്തി. ദാമ്പത്യം സംരക്ഷിക്കുന്നതിൽ പ്രാർത്ഥനയ്ക്കുള്ള സ്ഥാനം അറിയാമായിരുന്ന വോൾഫ്ഗാങ്ങ് ഈശോസഭാഗം ഫാ. ജേക്കബ് റേമിനെ സന്ദർശിക്കാൻ തീരുമാനിച്ചു.
ഔഗ്‌സ്ബുർഗിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള ഇംഗോൾസ്റ്റാഡ് സർവകലാശാലയിലെ അധ്യാപകനായിരുന്നു ഫാ. റേം. തീക്ഷ്ണമതിയായ വോൾഫ്ഗാങ്ങ് 28 ദിവസത്തിനിടയിൽ നാല് തവണ ഫാ. റേമിനെ സന്ദർശിക്കുകയും വിശുദ്ധനായ ആ വൈദികനിൽനിന്ന് ഉപദേശം സ്വീകരിക്കുകയും ചെയ്തു. മരിയഭക്തനായിരുന്ന ഫാ. റേം ജ്ഞാനത്തിലും അസാധാരണമായ ബുദ്ധി വൈഭവത്തിലും പ്രശസ്തനായിരുന്നു.
ഒരിക്കൽ പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷീകരണം ഫാ. റേമിന് ലഭിച്ചതായി പറയപ്പെടുന്നുണ്ട്. ഈ ദർശനത്തിൽ, ‘അമ്മ മൂന്നു പ്രാവശ്യം സ്തുത്യർഹവതി’ എന്ന വാചകം പ്രത്യക്ഷപ്പെട്ടു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഓരോ തവണ കാണുമ്പോഴും വോൾഫ്ഗാംങ്ങും ഫാ. റേമും കന്യാമറിയത്തിന്റെ മുമ്പിൽപ്പോയി പ്രാർത്ഥിക്കുക പതിവായിരുന്നു. അവരുടെ കൂടിക്കാഴ്ചയുടെ അവസാന ദിനം, കൃത്യമായി പറഞ്ഞാൽ 1615 സെപ്റ്റംബർ 28ന് ഫാ. റേം ആശ്രമ ചാപ്പലിൽ മഞ്ഞു മാതാവിന്റെ ചിത്രത്തിനു മുമ്പിൽ പ്രാർത്ഥിക്കുകയായിരുന്നു.
രണ്ടുപേരും പരസ്പരം കണ്ടപ്പോൾ വോൾഫ്ഗാങ്ങ് തന്റെ വിവാഹ റിബൺ റേമച്ചനു നൽകി. പ്രാർത്ഥനയോടെ ആ വന്ദ്യ വൈദീകൻ വിവാഹ റിബൺ മാതൃസന്നിധിയിലേക്കു ഉയർത്തി, അത്ഭുതമെന്നു പറയട്ടെ റിബണിന്റെ കെട്ടുകൾ ഓരോന്നായി സ്വയം അഴിഞ്ഞു, അതിന്റെ നിറം വെളുത്തതായി. ഈ സംഭവത്തിനു ശേഷം വോൾഫ്ഗാങ്ങും സോഫിയയും വിവാഹമോചനം എന്ന തീരുമാനം ഉപേക്ഷിക്കുകയും വിശ്വസ്ത ദമ്പതികളായി തുടരുമെന്ന് മാതൃസന്നിധിയിൽ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
പേരമകന്റെ സമ്മാനം
വർഷങ്ങൾ കടന്നുപോയി, വോൾഫ്ഗാങ്ങിന്റെ കൊച്ചുമകൻ ഹിരോണിമസ് അംബ്രോസിയസ് ലാംഗെൻമാന്റൽ (1666- 1709) വൈദികനും കാനൻ നിയമ പണ്ഡിതനുമായി. 1700ന്റെ ആദ്യ വർഷങ്ങളിൽ ഔഗ്‌സ്ബർഗിലെ ആം പെർലാഹിലുള്ള വിശുദ്ധ പത്രോസിന്റെ ദൈവാലയത്തിൽ ഒരു ബലിപീഠം ദാനം ചെയ്യാൻ ഫാ. ഹിരോണിമസിന്റെ കുടുംബം തീരുമാനിച്ചു. അത്തരം സംഭാവനകൾ അക്കാലത്ത് ഒരു സാധാരണ പാരമ്പര്യമായിരുന്നു. ബലിപീഠം ‘സദുപദേശത്തിന്റെ മാതാവിനു’ സമർപ്പിക്കപ്പെട്ടതായിരുന്നു.
ബലിപീഠത്തിൽ ചിത്രരചന നടത്താൻ നിയോഗിച്ചത് ജോഹാൻ മെൽച്ചിയർ ജോർജ് ഷ്മിറ്റഡനർ എന്ന ചിത്രകാരനെയാണ്. വോൾഫ്ഗാങ്ങ്, സോഫി, ഫാ. റേം എന്നിവർക്കുണ്ടായ അനുഭവത്തെ അടിസ്ഥാനമാക്കിയാണ് ജോഹാൻ പെയിന്റിംഗ് നടത്തിയത്. അതിനാലാണ്, വിവാഹജീവിതത്തിന്റെ റിബണിന്റെ കെട്ടുകൾ അഴിക്കുന്ന കന്യാമറിയത്തെ കോ ജോഹാൻ ചിത്രീകരിച്ചത്.
ചിത്രത്തിന്റെ ഉള്ളടക്കം
അമലോത്ഭവയായ കന്യകാ മറിയം സർപ്പത്തെ തന്റെ പാദങ്ങളാൽ ചതച്ചുകൊല്ലുന്നു. പാപത്തിന്റെ കണിക പോലും ഏൽക്കാത്ത മറിയമാണ് സാത്താനെതിരായുള്ള പോരാട്ടത്തിലെ ശാശ്വത എതിരാളി. മറിയം പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണ് എന്നതിന്റെ സൂചനയാണ് ചിത്രത്തിലെ പ്രാവ്. അമ്മയെ സഹായിക്കാൻ ദൂതന്മാരുണ്ട്, ഒരാൾ നമ്മുടെ ജീവിതത്തിന്റെ കെട്ടുകൾ അടങ്ങിയ റിബൺ മറിയത്തിനു സമർപ്പിക്കുമ്പോൾ, മറ്റൊരു മാലാഖ കെട്ടുകളഴിച്ച റിബൺ മറിയത്തിൽനിന്ന് സ്വീകരിക്കുന്നു. ചിത്രത്തിനടിയിലായി ആകുലനായ വോൾഫ്ഗാങ്ങിനെ മുഖ്യദൂതനായ റാഫേൽ സന്യാസാശ്രമത്തിലേക്കു നയിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നു.
കാലക്രമേണ, ലാംഗെൻമാന്റൽ കുടുംബത്തിന്റെ കഥ ആളുകൾ മറന്നു തുടങ്ങിയെങ്കിലും ഔഗ്‌സ്ബർഗിലെ ആം പെർലാഹിലുള്ള വിശുദ്ധ പത്രോസിന്റെ ദൈവാലയത്തിൽ കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്നു. കുറച്ച് വർഷങ്ങൾ അതേ നഗരത്തിലെ കർമലീത്താ മഠത്തിലായിരുന്നു ഈ ചിത്രത്തിന്റെ സ്ഥാനം. യുദ്ധങ്ങളും വിപ്ലവങ്ങളും അതിജീവിച്ച ഈ മരിയൻചിത്രം ഇന്നും അനേകരുടെ അഭയമാണ്. ദാമ്പത്യ ജീവിതത്തിൻ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ പ്രത്യേക മധ്യസ്ഥകൂടിയാണ് കുരുക്കഴിക്കുന്ന മാതാവ്.
Leave a Comment
Your email address will not be published. Required fields are marked with *