Follow Us On

25

June

2021

Friday

വിശുദ്ധ യൗസേപ്പിന്റെ വർഷം: വിശ്വാസം പ്രഘോഷിക്കാൻ മോട്ടോർസൈക്കിളിലേറി ബ്രാങ്കോയുടെ സംഘം!

വിശുദ്ധ യൗസേപ്പിന്റെ വർഷം: വിശ്വാസം പ്രഘോഷിക്കാൻ മോട്ടോർസൈക്കിളിലേറി ബ്രാങ്കോയുടെ സംഘം!

സിഡ്‌നി: ആഗോളസഭ ആഹ്വാനം ചെയ്ത വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിൽ മോട്ടോർസൈക്കിളിൽ വ്യത്യസ്ഥമായ തീർത്ഥാടനത്തിന് ഒരുങ്ങുകയാണ് ന്യൂ സൗത്ത് വെയിൽസ് സ്വദേശിയായ ബ്രാങ്കോ പോൾജാക്കിന്റെ നേതൃത്വത്തിലുള്ള ബൈക്ക് റൈഡേഴ്‌സ്! മൂന്നു ദിവസത്തെ തീർത്ഥാടനത്തിൽ 800 കിലോമീറ്റർ സഞ്ചരിച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഏഴു ദൈവാലയങ്ങൾ സന്ദർശിക്കുന്നതിലൂടെ സവിശേഷമാംവിധം വിശ്വാസസാക്ഷ്യം പ്രഘോഷിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

‘മോട്ടോർ സൈക്കിൾ മിനിസ്ട്രി’യുടെ സഹകരണത്തോടെ നടത്തുന്ന ‘റൈഡ് ഫോർ സെന്റ് ജോസഫ്’ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ നിരവധിപേരാണ് ഇതിനകം മുന്നോട്ട് വന്നിട്ടുള്ളത്. ജൂൺ 11ന് ഓട്‌ലിയിലെ സെന്റ് ജോസഫ് ദൈവാലയത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര ബുള്ളി, കംഗാരു വാലി, ഓറഞ്ച്, മെഗലോംഗ് വാലി എന്നിവിടങ്ങൾ പിന്നിട്ട് കേമ്പർഡൗണിൽ പൂർത്തിയാകും. അമലോൽഭവ മാതാവിന്റെ നാമധേയത്തിലുള്ള കാർകോറിലെ ദൈവാലയവും സന്ദർശിക്കാൻ സംഘം പദ്ധതിയിട്ടിട്ടുണ്ട്.

ഓരോ ദൈവാലയത്തിലും ഒരു മണിക്കൂർ വീതം ചെലവഴിക്കാനാണു തീരുമാനം. മൂന്നു ദിവസത്തെ യാത്രയിലെ രണ്ടു രാത്രികളിലും ദൈവാലയങ്ങളിലാകും താമസിക്കുക.വിശുദ്ധ യൗസേപ്പിതാവിനോടുള്ള ലുത്തിനിയ ചൊല്ലിയും വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ പുറത്തിറക്കിയ അപ്പസ്‌തോലിക ലേഖനമായ ‘പാട്രിസ് കോർഡ്’ (പിതാവിന്റെ ഹൃദയത്തോടെ) ധ്യാനിച്ചുമാണ് തീർത്ഥാടനം നടത്തുന്നതെന്ന് ബ്രാങ്കോ പറഞ്ഞു.

ബ്രോങ്കോയെ സംബന്ധിച്ചിടത്തോളം, പാതിവഴിയിൽ തകരാമായിരുന്ന തന്റെ ദാമ്പത്യജീവിതം കാത്തുസൂക്ഷിച്ചു നിലനിർത്തിയ ദൈവത്തിനുള്ള കൃതജ്ഞതാർപ്പണം കൂടിയാണ് ഈ തീർത്ഥാടനം. വിവാഹം കഴിഞ്ഞ നാളുകളിൽതന്നെ കലഹംമൂലം ബ്രാങ്കോയും ഭാര്യയും വിവാഹമോചനത്തിന്റെ വക്കിലെത്തി. ആ സമയത്ത് കണ്ടുമുട്ടിയ ഒരു കന്യാസ്ത്രീ ഇരുവരേയും ഒരു ധ്യാനത്തിലേക്ക് നയിക്കുകയായിരുന്നു. തങ്ങളുടെ വിശ്വാസജീവിതത്തെ കൂടുതൽ ആഴപ്പെടുത്തിയ ആ ധ്യാനമാണ് ആ ദാമ്പത്യജീവിതത്തിൽ വഴിത്തിരിവായത്.

ദാമ്പത്യത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന അവർ അടിയുറച്ച പ്രോ ലൈഫ് കുടുംബവുമാണ്. ആറ് മക്കളാണ് ആ ദമ്പതികൾക്ക്. കാർകോർ എന്ന സ്ഥലത്തുവെച്ചായിരുന്നു അവരുടെ ധ്യാനം. ഈ തീർത്ഥാടനത്തിൽ, കാർകോറിലെ അമലോത്ഭവ നാഥയുടെ ദൈവാലയം ഉൾപ്പെടുത്താനുള്ള കാരണവും അതുതന്നെ. തന്റെ വിശ്വാസാനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ ബൈക്ക് യാത്രകൾ പതിവാക്കിയ അദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ: ‘ജീവിതം എല്ലായ്‌പ്പോഴും കഠിനമേറിയ പാതയാണ്, പ്രാർത്ഥനയോടെ മുന്നോട്ടുപോവുക.’

(വാർത്തയിലെ ചിത്രത്തിെ വലത്തേ അറ്റത്ത് നിൽക്കുന്നതാണ് ബ്രാങ്കോ)

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?