Follow Us On

04

June

2023

Sunday

കുരിശിൻ ചുവട്ടിലെ ക്ഷണക്കത്തുകൾ

കുരിശിൻ ചുവട്ടിലെ ക്ഷണക്കത്തുകൾ

ക്രിസ്തുവിനെ ജീവിതത്തിലേക്ക് ചേർത്തു നിർത്തേണ്ടതിന്റെ ആവശ്യകതയെ ഓർമിപ്പിക്കുകയാണ് ജോയി പുള്ളോലിക്കലിക്കലിന്റെ കുരിശിൻ ചുവട്ടിലെ ക്ഷണക്കത്തുകൾ. അനുദിന ജീവിതത്തിന്റെ വ്യത്യസ്തതലങ്ങളെ സ്പർശിച്ച് കടന്നുപോകുന്ന ഈ പുസ്തകം ലളിതമായ ചില ചിന്തകൾ കോർത്തിണക്കിയാണ് വായനക്കാരുടെ മുന്നിലെത്തിക്കുന്നത്. ജീവിതത്തിൽ നാം മറന്നുപോകുന്ന പലകാര്യങ്ങളും വിവിധങ്ങളായ ചിന്തകളിലൂടെ നമ്മെ ഓർമപ്പെടുത്തുന്നു പുസ്തകം.
ദൈവം തിരിച്ചുനൽകിയ ആധാരം
ജീവിതത്തിന്റെ താളക്രമങ്ങൾ തെറ്റിപ്പോകുന്നത് പലപ്പോഴും ആഗ്രഹങ്ങൾ സഫലമാകാൻ വൈകുന്നതുമൂലമാണ്. അല്ലെങ്കിൽ പ്രതീക്ഷകൾക്കുമീതെ യാതൊരു സാധ്യതയും നമുക്ക് കണ്ടെത്താൻ കഴിയാത്തതുകൊണ്ടുമാകാം. ഡോക്ടർമാർ പറയും ‘രോഗം മാറാൻ ഒരു സാധ്യതയുമില്ല’ അധ്യാപകർ പറയും ‘കുട്ടി ജയിക്കാൻ ഒരു സാധ്യതയുമില്ല’. ‘വിവാഹം നടക്കാൻ ഒരു സാധ്യതയുമില്ല’ എന്ന് മറ്റു ചിലർ വിധിയെഴുതും. എന്നാൽ സാധ്യതകളില്ലാത്തിടത്ത് സാധ്യതകൾ സൃഷ്ടിക്കുന്നവനാണ് ദൈവം എന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു ലേഖകൻ. വീടിന്റെ ആധാരം കൂട്ടുകാരന് വായ്പ എടുക്കാൻ നൽകുകയും പിന്നീട് അത് തിരികെ എടുത്ത് കൊടുക്കാതെ ഇരിക്കുകയും ചെയ്തപ്പോൾ നാളുകൾക്ക് ശേഷം ദൈവം ഇടപെട്ട് അധാരം തിരികെ ലഭിക്കുന്ന അനുഭവം വിവരിച്ചുകൊണ്ടാണ് ദൈവം ഇടപെടുന്ന അനുഭവം ലേഖകൻ വിവരിക്കുന്നത്. വ്യഭിചാരക്കുറ്റം ചുമത്തപ്പെട്ട സൂസന്നയുടെയും സിംഹക്കൂട്ടിലെറിയപ്പെട്ട ദാനിയേലിന്റെയും വൃദ്ധയായ സാറായുടെയും ജീവിതത്തിൽ അത്ഭുതകരമായ ഇടപെടലുകൾ നടത്തിയ ദൈവം, അസാധ്യമെന്ന് നാം കരുതുന്ന നമ്മുടെ ആവശ്യങ്ങളുടെമേൽ ശക്തമായി പ്രവർത്തിക്കുമെന്ന് ഓർമപ്പെടുത്തുന്നു. പ്രാർത്ഥിച്ചും ഉപവസിച്ചും ദാനധർമം ചെയ്തും നമുക്ക് ഈ സാധ്യതകളെ വർധിപ്പിച്ചെടുക്കാം. പ്രശ്‌നങ്ങൾ എന്തുമാകട്ടെ, കാരുണ്യവാനായ ദൈവത്തിന്റെ കൈയിൽ അതിന് പരിഹാരമുണ്ട് എന്നു വിശ്വസിക്കണം. കണ്ണീർ കുപ്പിയിൽ ശേഖരിച്ചുവെക്കുന്നവൻ നമ്മെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. സാധ്യതകളില്ലാത്തിടത്ത് സാധ്യതകളുളവാക്കുന്ന ദൈവം മാനുഷികദൃഷ്ടിയിൽ അപ്രാപ്യമെന്നുതോന്നിയ കാര്യങ്ങൾ സാധിച്ചുതരും. അടഞ്ഞ വാതിലുകൾ തുറക്കാൻ കഴിവുള്ള ദൈവകരുണയിൽ നമുക്ക് അഭയം തേടാൻ പുസ്തകം നമ്മോട് ആവശ്യപ്പെടുന്നു.
നിലവിളിക്ക് ഉത്തരം നൽകുന്നവൻ
”നിരപ്പായ വഴിയിലും അമിത ആത്മവിശ്വാസമരുത്” (പ്രഭാ 32:21). ആമയും മുയലും തമ്മിലുള്ള ഓട്ടപ്പന്തയത്തിൽ മുയലിന്റെ അമിത ആത്മവിശ്വാസമായിരുന്നു പന്തയത്തിൽ തോൽക്കാൻ കാരണമായത്. ”ശരിയെന്നു തോന്നിക്കുന്ന വഴി മരണത്തിലേക്ക് നയിക്കുന്നതാവാം” എന്ന ബൈബിൾ ഭാഗം ഉദ്ദരിച്ചുകൊണ്ട് അമിതവിശ്വസത്തിൽ നടക്കരുതെന്ന് ലേഖകനും നമ്മോട് ആവശ്യപ്പെടുന്നു. പ്രാർത്ഥനയിലൂടെയാണ് ജീവത്തിൽ ദൈവത്തിൽനിന്ന് നമുക്ക് ലഭിക്കേണ്ട ഉത്തരങ്ങൾ ലഭിക്കുന്നതെന്നും പുസ്തകം ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നു. ദുഷ്ടത പ്രവർത്തിച്ചിട്ടും അഹങ്കാരവും ധാർഷ്ട്യവും പുലർത്തിയിട്ടും മുന്നോട്ടുപോകാൻ ദൈവം അനുവദിക്കുന്നെങ്കിൽ ഒരു നിമിഷം ചിന്തിക്കണം. വീടിനെ താങ്ങിനിർത്തുന്ന തൂണുകൾപോലെ ആരുടെയൊക്കെയോ പ്രാർത്ഥനകളാണ് അനർത്ഥങ്ങളിൽപ്പെടുമ്പോൾ രക്ഷയാകുന്നതെന്ന കാര്യവും ലേഖകൻ നമ്മെ ഓർമപ്പെടുത്തുന്നു. മാനസാന്തരമില്ലാതെ മുന്നേറിയാൽ ഒരിക്കൽ നമുക്കുവേണ്ടി പ്രാർത്ഥിച്ചവർ നമ്മെ വിസ്മരിക്കാൻ ദൈവം ഇടയാക്കും. അപ്പോൾ പ്രാർത്ഥനയുടെ പിൻബലം നമുക്ക് നഷ്ടപ്പെടുകയും തകർച്ചകൾ ആരംഭിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്നു ഇവിടെ.
മുറിവുകളുണങ്ങുന്നതിന്
അന്തർമുഖത്വം, അത് ജീവിതത്തിന്റെ താഴ്‌വേരുകളെ പിഴുതെറിഞ്ഞ് സ്വയം ചുരുങ്ങാൻ കാരണമായിത്തീർന്നേക്കാം, ഓർമകളിലുടക്കിക്കിടക്കുന്ന, വിതുമ്പാൻ കഴിയാത്ത, ഘനീഭവിച്ചുപോയ നൊമ്പരങ്ങൾ സ്വയം ഒതുങ്ങിക്കൂടാനും സമൂഹത്തിൽ നിന്നകന്നുനിൽക്കാനും പ്രേരകമാകാറുണ്ടെന്നും ലേഖകൻ പറയുന്നു. മനസ്സിനേൽപ്പിക്കപ്പെടുന്ന ക്ഷതങ്ങൾ അന്തർമുഖത്വത്തിന് കാരണമാകാറുണ്ട്. വർഷകാലത്തെ മിന്നിമായുന്ന വെയിൽപോലെ, സ്വതന്ത്രമാകാത്ത സന്തോഷങ്ങളിൽ അവരുടെ ജീവിതം തികച്ചും മ്ലാനമാകുന്നു. ആരും തന്നെ സ്‌നേഹിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല എന്ന തോന്നൽ എല്ലാത്തിനോടും വെറുപ്പും വിദ്വേഷവുമുള്ളവരാക്കി അവരെ മാറ്റുന്നും ലേഖകൻ അഭിപ്രായപ്പെടുന്നു. വേദനാജനകമായ ബാല്യവും സ്‌നേഹരാഹിത്യം നിറഞ്ഞ ചുറ്റുപാടുകളും വ്യക്തികളെ അന്തർമുഖരാക്കുന്നു. ഇങ്ങനെയുള്ളവരിൽ ചിലർ സമൂഹത്തിന് അനഭിമതരായി വളർന്ന് തങ്ങളുടെ ആന്തരികമുറിവുകളെ മറക്കുന്നു. പുഴുവരിക്കുന്ന പൂമൊട്ടുകൾ, വിരിയുമ്പോൾ അഭംഗിയുള്ളതുപോലെ ഇത്തരക്കാരുടെ ജീവിതവും വികലതകൾ നിറഞ്ഞതായിരിക്കുമെന്ന് പുസ്തകം വ്യക്തമാക്കുന്നു. ജയിക്കാനുള്ളതാണ് നമ്മുടെ ജീവിതം. എന്നാൽ ദൈവത്തിനു മുമ്പിലുള്ള നമ്മുടെ വിജയം ഏതെങ്കിലും പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയുള്ളതല്ല. സാഹചര്യങ്ങളോടും പ്രശ്‌നങ്ങളോടും പ്രലോഭനങ്ങളോടും ഒപ്പം യാഥാർത്ഥ്യങ്ങളോടും പടവെട്ടി ജയിക്കണം. കൂദാശകളെയും മതപരമായ ആചാരങ്ങളെയും ധ്യാനങ്ങളേയും ധ്യാനാത്മക ചിന്തകളേയും വിമർശനബുദ്ധിയോടെ നേക്കിക്കാണുന്ന ദോഷൈകദൃക്കുകളായി നാം മാറാതിരിക്കണമെന്നും ലേഖകൻ ഒർമപ്പെടുത്തു്ന്നു.
കാത്തിരിപ്പുകളെ അറിയുന്ന ദൈവം
എത്രകാലമായി പ്രാർത്ഥിക്കുന്നു. ഓരോ കാര്യങ്ങൾ നിവർത്തിയാകാനുള്ള കാത്തിരിപ്പ് എത്രയാണ്? ആഗ്രഹിക്കുന്നത് ചിലപ്പോൾ വേഗത്തിൽ സംഭവിക്കുന്നു. ചിലപ്പോൾ കൊതിച്ചത് ലഭിക്കാതെയും വരുന്നു. സന്തോഷം ആഗ്രഹിച്ചാലും എത്രമാത്രം സങ്കടങ്ങളാണ് ഓരോ ദിവസവും സംഭവിക്കുന്നത്? അതുകൊണ്ടുതന്നെ ദൈവത്തെക്കുറിച്ചുള്ള പരാതികളാണ് എങ്ങും. ദൈവം എവിടെയോ നിശബ്ദനായിരിക്കുന്നതുപോലെ നമുക്ക് തോന്നിപ്പോകുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ലേഖകൻ വിചിന്തിനം ചെയ്യുന്നു ഇവിടെ. ഉള്ളിലെ നെരിപ്പോടുകൾ ജീവിതത്തിലെ സുഖവും സന്തോഷവും കവർന്നെടുക്കുന്ന അവസ്ഥ എത്ര ദുഷ്‌ക്കരമാണ്. സഹനങ്ങൾ നീണ്ടുനിൽക്കുമ്പോൾ മൗനം പാലിക്കുന്ന ദൈവത്തെ ഉൾക്കൊള്ളാൻ നമുക്ക് കഴിയാതെ വരുന്നു. ഉടനടി ഉത്തരം നൽകുന്ന ദൈവത്തെക്കുറിച്ചാണ് പലപ്പോഴും നാം ചിന്തിക്കുകയെന്നും ലേഖകൻ അഭിപ്രായപ്പെടുന്നു. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് എന്നും പുതുമ തിരയുന്ന മനുഷ്യൻ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് തങ്ങളുടെ ജീവിത രീതികൾ മെച്ചപ്പെടുത്താൻ കൂടുതൽ മൽസരിക്കുന്നു. പുത്തൻ ജീവിതസൗകര്യങ്ങളും സാങ്കേതികപരിജ്ഞാനവും അറിവും ഭൂരിഭാഗം ജനങ്ങളും നന്മയ്ക്ക് ഉപയോഗിക്കുമ്പോൾ ന്യൂനപക്ഷം അതിനെ ദുരുപയോഗം ചെയ്യുന്നു. ചുരുക്കത്തിൽ, അറിവും ജീവിതനിലവാരവും വർധിക്കുമ്പോൾ സ്വസ്ഥത നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്നും ലേഖകൻ വ്യക്തമാക്കുന്നു.
കുരിശിൻ ചുവട്ടിലെ ക്ഷണക്കത്തുകൾ
ലേഖകന്റെ വിവാഹത്തിന് ക്ഷണിക്കാനായിരുന്നു അദ്ദേഹം ആ വീട്ടിലെത്തിയത്. ക്ഷണക്കത്തുവാങ്ങും മുൻപേ അവിടുത്തെ അമ്മ ചോദിച്ചു: ”നീ മേരി കുടുംബത്തെ വിളിച്ചോ?” അമ്പരപ്പോടെ നിന്ന ലേഖകനോട് അവർ പറഞ്ഞു. ”ഈശോയും മാതാവും യൗസേപ്പുപിതാവുമുള്ള തിരുക്കുടുംബമുണ്ട്. അവരെയാണ് ആദ്യം വിളിക്കേണ്ടത്. അതിനുശേഷം മതി എനിക്കുള്ള കാർഡും ക്ഷണവും…”
ആ വാക്കുകൾ അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് തുറന്ന് സമ്മതിക്കുന്നു ലേഖകൻ ഇവിടെ. അദ്ദേഹത്തിന് അത് ഒരു പുതിയ അറിവായിരുന്നു. ഈശോയുടെ കുരിശിൻ ചുവട്ടിലെ കുറിപ്പുകൾക്കും ക്ഷണക്കത്തുകൾക്കും മറ്റൊരർത്ഥം കാണ്ടെത്താൻ കഴിഞ്ഞെന്നും ലേഖകൻ അഭിപ്രായപ്പെടുന്നു. പ്രാർത്ഥനകളിൽ കപടവിശ്വാസത്തിന്റെയും അധരവ്യായാമത്തിന്റെയും ഒരു തലമാണോ തനിക്കുള്ളതെന്നും ലേഖകനെ ആഴത്തിൽ ചിന്തിപ്പിക്കുന്നു ഇവിടെ. എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു. ആരാധനകളിലും വിശുദ്ധകുർബാനയിലും സജീവമായി പങ്കുചേരുന്നു. എങ്കിലും ജീവിതത്തിൽ ദൈവവിചാരത്തിന്റേതായ സൂക്ഷ്മമമായ ചുവടുവെപ്പുകൾ എനിക്കും നിങ്ങൾക്കും നഷ്ടപ്പെട്ടു പോകുന്നുണ്ടോ? എന്ന ചിന്തയും ലേഖകൻ പങ്ക് വെക്കുന്നു. ഒരു കടമയെന്നോണം പ്രാർത്ഥിച്ചും സങ്കടങ്ങൾ വരുമ്പോൾ കാരുണ്യം യാചിച്ചും സർവശക്തനായ ദൈവത്തെ ആശ്രയിക്കുമ്പോൾ, സന്തോഷങ്ങളിലും ആഘോഷങ്ങളിലും ദൈവത്തെ അകറ്റിനിർത്തുന്ന അവഗണനയുടെ ഒരു തലം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടോ? ദൈവത്തിനാണ് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കേണ്ടത് എന്ന ചിന്ത എപ്പോഴും നമ്മെ നയിക്കണമെന്നും ലേഖകൻ വ്യക്തമാക്കുന്നു. പ്രാർത്ഥിക്കുമ്പോഴും യാചിക്കുമ്പോഴും കൃതജ്ഞതാസ്‌തോത്രങ്ങളർപ്പിക്കുമ്പോഴുമെല്ലാം സഹായഹസ്തങ്ങൾ നീട്ടുന്ന ഒരുവനായിട്ടു മാത്രമല്ല നാം ദൈവത്തെ സമീപിക്കേണ്ടത്. നമ്മുടെ വ്യക്തിപരവും കുടുംബപരവും സാമൂഹ്യപരവുമായ ജീവിതങ്ങളിൽ ക്ഷണിക്കപ്പെട്ടവനായി ദൈവം മാറണമെന്നും, ദൈവത്തിലുള്ള ആശ്രയത്വബോധം നമുക്കുണ്ടാവുന്നതോടൊപ്പം നമ്മുടെ സുഖദുഃഖങ്ങളിലേക്ക് അവിടുത്തെ വിലയേറിയ സാന്നിധ്യം ക്ഷണിക്കുന്നവരായി നമുക്ക് മാറാമെന്നും പുസ്തകം നമ്മെ ഓർമപ്പെടുത്തുന്നു.
ബന്ധങ്ങൾ മുറിക്കരുത്
പക്ഷപാതവും സ്വാർത്ഥതയും നിറയുന്ന കുടുംബബന്ധങ്ങൾ ഇന്ന് ഒരു അസാധാരണ കാഴ്ചയല്ല. സ്വത്തിന്റെ പേരിൽ തമ്മിൽത്തല്ലുന്ന മക്കളും അപൂർവമല്ല. സഹോദരൻ ആബേലിനെ അസൂയ പൂണ്ട് വധിക്കുന്ന കായേനെയും ഏസാവിൽനിന്ന് കടിഞ്ഞൂലവകാശം തട്ടിയെടുക്കുന്ന യാക്കോബിന്റെ കഥയും ഉദ്ധരിച്ചുകൊണ്ടാണ് ലേഖകൻ ഇത് സമർത്ഥിക്കുന്നത്. സ്വത്തിന്റെ പേരിൽ നശിച്ച കുടുംബങ്ങളും വ്യക്തികളുമുണ്ട്. ജോലിയുണ്ട് എന്നതിന്റെ പേരിൽ, പ്രണയിച്ചുവിവാഹിതരായി എന്നതുകൊണ്ട് അർഹമായ പൂർവികസ്വത്ത് നിഷേധിക്കപ്പെടുന്നവരുണ്ട്. നേരായ രീതിയിൽ പൂർവികരിലൂടെ കൈമാറിക്കിട്ടുന്ന സ്വത്തുക്കൾ തലമുറകൾക്ക് അനുഗ്രഹമാകുന്നു. തിടുക്കപ്പെട്ടും ഭീഷണിപ്പെടുത്തിയും കേസ് നടത്തിയുമല്ല സ്വത്തിൻമേൽ അവകാശം നേടേണ്ടത്. തിടുക്കപ്പെട്ട് നേടിയെടുക്കുന്ന സ്വത്ത് അവസാനം അനുഗ്രഹമാകില്ല എന്ന് ബൈബിൾ പഠിപ്പിക്കുന്നവെന്നും ലേഖകൻ വ്യക്തമാക്കുന്നു. നമ്മൾമൂലം മറ്റുള്ളവർ കഷ്ടതകൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെങ്കിൽ, ജീവിതം മടുത്തിട്ടുണ്ടെങ്കിൽ, നിരാശ്രയരായിട്ടുണ്ടെങ്കിൽ ആ കണ്ണീർത്തുള്ളികൾ നമ്മുടെ ജീവിതത്തെ നിഴലുപോലെ പിന്തുടർന്നേക്കാം. സ്വത്തിന്റെ പേരിൽ നമ്മുടെ കുടുംബങ്ങളിൽ വഴക്കുകളുണ്ടാകാതിരിക്കട്ടെ. കൂടപ്പിറകളുടെ സങ്കടങ്ങൾക്ക് നാം കാരണക്കാരാകാതിരിക്കട്ടെ. താനിടാത്ത മുട്ടയ്ക്ക് അടയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ് അന്യായമായി സ്വത്തു സമ്പാദിക്കുന്നവനെന്ന് ബൈബിൾ പഠിപ്പിക്കുന്നു. ജീവിത മധ്യത്തിൽ അതവനെ കൈവെടിയുന്നു. അർഹതയുള്ളതേ ആഗ്രഹിക്കാവൂ. ദൈവം നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കട്ടെയെന്ന് പറഞ്ഞ് ബന്ധങ്ങളുടെ ആഴം വ്്യക്തമാക്കികൊണ്ട് ലേഖകൻ പുസ്തകം ഉപസംഹരിക്കുന്നു.
ചുരുക്കം
അനുദിന ജീവിതത്തിൽ നമ്മെ സ്പർശിക്കുന്ന നിരവധി അനുഭവങ്ങൾ പങ്ക് വെയ്ക്കുന്നു ലേഖകൻ ഇവിടെ. ഈ അനുഭവങ്ങളൊക്കെയും ദൈവവുമായി ബന്ധപ്പെടുത്തി നിരവധി നന്മകൾ ഹൃദയത്തിൽ സൂക്ഷിക്കാനും ദൈവവുമായി ഒരു അഭേദ്യബന്ധം വളർത്തിയെടുക്കാനും നമ്മെ സഹായിക്കുന്നു. അനുഭവങ്ങൾ പങ്ക് വെച്ചുള്ള ഓരോ അധ്യയങ്ങളും വായനക്കാരിൽ ഒരു നവ്യാനുഭവം സൃഷ്ടിക്കുന്നു. ഇതാണ് ശരി അല്ലെങ്കിൽ ഇതാണ് തെറ്റ് എന്ന് വാദമുഖം ഉയർത്തുന്നില്ല ഇവിടെ. മറിച്ച് ശരി ഏത് തെറ്റ് ഏതെന്ന് വിവേചിച്ചറിയാനുള്ള ആഴമേറിയ ബോധ്യങ്ങൾ പകർന്നുനൽകുക മാത്രമാണ് ചെയ്യുന്നത്. എല്ലാകാര്യങ്ങളും ദൈവേഷ്ടമനുസരിച്ച് പ്രവർത്തിക്കാൻ പ്രചോദനം നൽകുന്ന ഈ പുസ്തകം, നമ്മുടെ ആചാരാനുഷ്ടാനങ്ങളിൽ ദൈവത്തിന് നൽകേണ്ട സ്ഥാനവും അതിന് മാറ്റം വരുത്താതെ നിലനിർത്തേണ്ട ആവശ്യകതയും വ്യക്തമാക്കി തരുന്നു. ആഴമേറിയ വിശ്വാസത്തിലും നല്ല ചിന്തകളിലും വളരാനും ക്രിസ്തുവിനെ ജീവിതത്തിൽ ചേർത്തുനിർത്തി രക്ഷനേടാനും ഒരു ക്ഷണം നമുക്കും നൽകുന്നു ലേഖകൻ.
Buy Online : www.sophiabuy.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?