കിഗാലി: രണ്ടര പതിറ്റാണ്ടുമുമ്പ് നേരിട്ട വംശഹത്യയ്ക്കുശേഷം ആഫ്രിക്കൻ രാജ്യമായ റുവാണ്ടയെ ഐക്യത്തിലേക്കും അനുരഞ്ജനത്തിലേക്കും നയിക്കുന്ന താക്കോലായി വർത്തിക്കുന്നത് ദിവ്യകാരുണ്യമാണെന്ന് വെളിപ്പെടുത്തി റുവാണ്ടൻ കർദിനാൾ അന്റോയിൻ കാമ്പാൻഡ. സെപ്തംബറിൽ ഹംഗറി ആതിഥേയത്വം വഹിക്കുന്ന 52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നോടിയായി റുവാൻഡൽ സഭ ദേശീയതലത്തിൽ ദിവ്യകാരുണ്യ കോൺഗ്രസ് ക്രമീകരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കർദിനാളിന്റെ വാക്കുകൾ.
‘ദിവ്യകാരുണ്യം ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും സ്‌നേഹത്തിന്റെയും സ്രോതസ്’ എന്ന ആപ്തവാക്യവുമായി മൂന്ന് തലങ്ങളിലായാണ് റുവാൻഡയിലെ സഭ ദിവ്യകാരുണ്യ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. മേയ് 27 മുതൽ 30വരെയായിരുന്നു ഇടവകതലത്തിലുള്ള ആഘോഷപരിപാടികൾ. ജൂൺ മൂന്നിനും ആറിനും ഇടയിലുള്ള ദിനങ്ങളിലൊന്ന് തിരഞ്ഞെടുത്താവും രൂപതകൾ ദിവ്യകാരുണ്യ ആരാധനകൾ ക്രമീകരിക്കുന്നത്. ജൂൺ 15മുതൽ 18വരെയാണ് ദേശീയതല ആഘോഷം. കോവിഡിന്റെ പശ്ചാത്തലത്തിൽ, സാധ്യമാകുന്ന ഇടവകകളിൽ വിശേഷാൽ ദിവ്യകാരുണ്യ ആരാധനകളും പ്രദക്ഷിണങ്ങളും ക്രമീകരിക്കുന്നുണ്ട്.
‘നമ്മുടെ രാജ്യം നേരിട്ട വംശഹത്യയുടെ ചരിത്രത്തിൽ സ്‌നേഹം നശിപ്പിക്കപ്പെട്ടു. അതിനാൽ, റുവാണ്ടൻ ജനത എന്ന നിലയിൽ നമുക്ക് ആവശ്യമുള്ള ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും ഉറവിടമാണ് ദിവ്യകാരുണ്യം. ക്രിസ്തുവിന്റെ ശരീരം നാം പങ്കുവെക്കുമ്പോൾ നാം ഒരു ശരീരമായിത്തീരുന്നു. രൂപത്തിൽ വ്യത്യസ്തരെങ്കിലും എല്ലാവരും ‘ഒരു ശരീരമായി’ ഇതിലൂടെ ഐക്യപ്പെടുന്നു.ഈ അർത്ഥത്തിൽ, ദിവ്യകാരുണ്യം എന്നത് ക്രിസ്തു നമുക്ക് നൽകിയ സ്‌നേഹത്തിന്റെ ഒരു പൈതൃക കണമാണ്,’ കിഗാലി അതിരൂപതാധ്യക്ഷൻകൂടിയായ കർദിനാൾ പറഞ്ഞു.
റുവാണ്ടയിലെ തദ്ദേശീയ ന്യൂനപക്ഷമായ തുത്‌സി സമുദായത്തെ ലക്ഷ്യംവെച്ച് 1994ൽ നടന്ന വംശഹത്യയും തുടർന്നുണ്ടായ ആക്രമണങ്ങളിൽ അഞ്ച് ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ കൊലപാതകങ്ങളും നടന്നു എന്നാണ് കണക്കുകൾ. ലോക രാഷ്ട്രങ്ങളെ മുഴുവൻ നടുക്കിയ വംശഹത്യയുടെ 27-ാം വർഷമാണിത്. ജീവിക്കുന്ന ദിവ്യകാരുണ്യമാണ് സഭ,സഭയ്ക്ക് ജീവൻ നൽകുന്നത് ദിവ്യകാരുണ്യമാണ്. ക്രിസ്തു നമുക്കുവേണ്ടിയാണ് മരിച്ചത്. അതിനാൽ, നമുക്ക് വിദ്വേഷത്തെയും ഭിന്നിപ്പിനെയും മറികടക്കാനാകണം. അങ്ങനെ നമുക്ക് ഒരു കുടുംബവും ശരീരവും സഹോദരസ്‌നേഹവും ആകാം,’ കർദിനാൾ ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *