Follow Us On

25

June

2021

Friday

മതനിന്ദാ കേസ് വ്യാജം; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ ദമ്പതികളെ കുറ്റവിമുക്തരാക്കി പാക് ഹൈക്കോടതി

മതനിന്ദാ കേസ് വ്യാജം; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ ദമ്പതികളെ കുറ്റവിമുക്തരാക്കി പാക് ഹൈക്കോടതി

ലാഹോർ: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ ഇരകളായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ ദമ്പതികളെ കുറ്റവിമുക്തരാക്കി ലാഹോർ ഹൈക്കോടതിയുടെ ഉത്തരവ്. തെളിവുകളുടെ അഭാവത്തിൽ, കീഴ്‌ക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതി വിധി പറഞ്ഞതോടെ ഏഴ് വർഷത്തിനുശേഷം ഷഫ്കാത്ത് ഇമ്മാനുവൽ- ഷാഗുഫ്ത കൗസർ ദമ്പതികൾ ജയിൽമോചിതരാകുന്നതിന്റെ സന്തോഷത്തിലാണ് രാജ്യമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം.

കുറ്റവിമുക്തരായ ദമ്പതികൾക്കും അവരുടെ അഭിഭാഷകനും അടിയന്തിര സുരക്ഷ ഏർപ്പാടാക്കണമെന്ന ഹൈക്കോടതി ഉത്തരവിട്ടതും ശ്രദ്ധേയമായി. കുറ്റവിമുക്തരാക്കപ്പെട്ടെങ്കിലും ജനക്കൂട്ടത്തിന്റെ ആക്രമണസാധ്യത നിലനിൽക്കുന്ന സാഹചര്യമാണ് കോടതി ഇപ്രകാരമൊരു ഉത്തരവിടാൻ കാരണം. ദമ്പതികൾ അടുത്തയാഴ്ച പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ. ആസിയാ ബീബിയുടെ വധശിക്ഷ റദ്ദാക്കാൻ നിയമപോരാട്ടം നടത്തിയ സയിഫ് ഉൾ മാലൂക്കായിരുന്നു ഈ കേസിലെയും അഭിഭാഷകൻ.

പ്രവാചകനെ നിന്ദിക്കുന്ന സന്ദേശം അയച്ചെന്ന വ്യാജ ആരോപണത്തെ തുടർന്നാണ് പഞ്ചാബിലെ ഗോജ്‌റ നിവാസികളായ ഇവർ 2013ൽ അറസ്റ്റിലായത്. അപകടത്തെ തുടർന്ന് അരയ്ക്കു കീഴെ തളർന്ന വ്യക്തിയാണ് ഷഫ്കാത്ത്. ഗോജ്രയിലെ സെന്റ് ജോൺസ് ഗേൾസ് ഹൈസ്‌കൂളിൽ ആയയായിരുന്നു കൗസർ. കുട്ടികൾ തമ്മിലുള്ള വഴക്കിന്റെ പേരിൽ ഇവരോട് ശത്രുതയുണ്ടായിരുന്ന മുഹമ്മദ് ഹുസൈൻ എന്നയാളാണ് ഇവർക്കെതിരെ പരാതി നൽകിയത്. തുടർന്ന് കേസെടുക്കുകയും 2014ൽ ദമ്പതികൾക്ക് ജില്ലാ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

തുടർന്ന്, തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഇവർ ഹൈക്കോടതിയെ സമീപിച്ചു. കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി ജൂൺ മൂന്നിന് ഹൈക്കോടതി വിധി പ്രസ്താവിച്ചതോടെ ദീർഘകാലത്തെ നിയമപോരാട്ടത്തിനാണ് വിരാമമാകുന്നത്. നിരക്ഷരരായ തങ്ങൾക്ക് മൊബൈൽ സന്ദേശം എഴുതാനോ അയക്കാനോ അറിയില്ലെന്ന് ദമ്പതികൾ കോടതിയെ ബോധിപ്പിച്ചിരുന്നു. കൗസറിന്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് വ്യാജ സിം കാർഡ് കരസ്ഥമാക്കിയ മറ്റോരോ ആണ് കേസിനാസ്പദമായ സന്ദേശങ്ങൾ അയച്ചതെന്നായിരുന്നു വാദിഭാഗത്തിന്റെ വാദം.

ഇവരുടെ നിരപരാധിത്വംകൂടി തെളിയിക്കപ്പെട്ടതോടെ, കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ ദുരുപയോഗ സാധ്യത വീണ്ടും വെളിവാക്കപ്പെടുകയാണ്. വിവാദ നിയമം പിൻവലിക്കാൻ അന്താരാഷ്ട്രതലത്തിൽവരെ സമ്മർദങ്ങൾ ഉണ്ടായിട്ടും പാക്ക് ഭരണകൂടം നിശബ്ദത വെടിഞ്ഞിട്ടില്ല. തെളിവുകൾ ഇല്ലെങ്കിലും മതനിനിന്ദാക്കുറ്റം ചുമത്തുകയാണ് പതിവ്. ആരോപണം മാത്രം മതി, ജയിലിടയ്ക്കപ്പെടാൻ. അയൽക്കാരുമായുള്ള തർക്കങ്ങളിൽപോലും മതനിന്ദാ നിയമം ദുരുപയോഗിക്കുന്നതും സാധാരണമാണ്. അതിന്റെ ഫലമായി നിരവധി പേർ അന്യായമായി ജയിൽ കഴിയുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?