Follow Us On

07

May

2021

Friday

തീച്ചൂളയിലൂടെ കടന്നുപോയിട്ടും

തീച്ചൂളയിലൂടെ കടന്നുപോയിട്ടും

വൻ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും ഇളകാതെ നിന്ന് ദൈവഹിതത്തിനനുസരണം ജീവിതം ക്രമീകരിച്ചതിലൂടെയാണ് ഡോ. ആനി അനേകർക്ക് മാതൃകയായി മാറുന്നത്.
ആലുവ മാഞ്ഞൂരാൻ റാഫേൽ-ത്രേസ്യാമ്മ ദമ്പതികളുടെ മകളായി 1956 ഫെബ്രുവരിയിൽ ജനിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് കരസ്ഥമാക്കി. തുടർന്ന് കാട്ടകാമ്പൽ പുലിക്കോട്ടിൽ ഡോ.ബാബു ജോർജുമായുളള വിവാഹം. അക്കിക്കാവ് ദീനബന്ധു ആശുപത്രിയിൽ ജോലി. മരത്തംകോട് സ്വകാര്യ ക്ലിനിക്കുമായി ഡോ:ബാബു ജോർജ്ജും പ്രാക്ടീസ് തുടങ്ങി. ആറുവർഷം ദീനബന്ധു ആശുപത്രിയിൽ ജോലി ചെയ്തു.
ഡോ: ബാബു പോസ്റ്റ് ഗ്രാജ്വേഷന് പോയ സമയത്ത് ദീന ബന്ധുവിലെ ജോലി അവസാനിപ്പിച്ച് കാട്ടകാമ്പൽ ചിറക്കൽ സെന്ററിൽ ക്ലിനിക്ക് തുടങ്ങി. ആ സമയത്ത് ചിറക്കൽ തന്നെ പുതിയൊരു വീട് വെക്കാനുള്ള ശ്രമവും ആരംഭിച്ചു. വീടിന്റെ വാർപ്പുപണിയൊക്കെ കഴിഞ്ഞിരുന്നു. പുരയുടെ മുകളിൽ ജോലികൾ ശ്രദ്ധിക്കാൻ ചെന്ന ബാബു ടെറസ്സിൽ നിന്ന് അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീണു.
വീഴ്ചയിൽ ഗുരുതര പരിക്കേറ്റ ബാബുവിനെ ത്യശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു. കുറച്ചു ദിവസം അവിടെ ചികിത്സയിൽ കഴിഞ്ഞുവെങ്കിലും രക്ഷിക്കാനായില്ല. രണ്ടാണ്മക്കളിൽ മൂത്തവന് അന്ന് പ്രായം പത്തു വയസ്. ആരും പകച്ചുനിന്ന് പോകുന്ന സന്ദർഭം. പക്ഷേ ഡോ: ആനി നല്ല ഉൾക്കരുത്തോടെ അതിനെ നേരിട്ടു. നിരന്തരമായ പ്രാർത്ഥനയിലൂടെ ആരും പതറുന്ന ആ സന്ദർഭത്തിലും പിടിച്ച് നിൽക്കാൻ ഈ വനിത ഡോക്ടർക്ക് കഴിഞ്ഞു. ചിറക്കൽ പ്രവർത്തിച്ചിരുന്ന ക്ലിനിക്ക് നിർത്തി ഡോ: ആനി ഡാവൺകരയിൽ ബിരുദാനന്തരബിരുദത്തിന് വേണ്ടി പഠനമാരംഭിച്ചു. ഡർമറ്റോളജിയിൽ ഉയർന്ന മാർക്കോടെ പാസ്സായി. തിരിച്ചുവന്ന് വീടുപണികൾ തീർത്തു.
ഇതിനിടയിൽ കുട്ടികളുടെ പഠനം, വീടുപണി എല്ലാം ഈ യുവതിയുടെ മുന്നിലുളള വലിയ പ്രശ്‌നങ്ങളായിരുന്നു. ഈ കാലഘട്ടത്തിൽ കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ സേവനം തുടങ്ങി. ഇപ്പോഴും തുടരുന്നു. ഉച്ചക്കുശേഷം കുന്നംകുളം ഗുരുവായൂർ റോഡിലുളള അനീഷ് ക്ലിനിക്കിലും സേവനം ചെയ്യുന്നു. മൂത്തമകൻ സുബിൻ.ബി.ജോർജ് ഫോറൻസിക് സർജനായി, ഇപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളജിൽ അസോസിയേററ് പ്രഫസറാണ്. രണ്ടാമത്തെ മകൻ റോബിൻ റാഫേൽ കൊച്ചി ഇൻഫോ പാർക്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയി ജോലി നോക്കുന്നു.
തകർന്ന് തരിപ്പണമായിപ്പോകുമായിരുന്ന തന്റെ ജീവിതം കർത്താവിൽ അടിയറവെച്ച് പ്രാർത്ഥിക്കുകയും തന്നാലാകുന്ന നന്മകൾ മറ്റുളളവർക്ക് ചെയ്തുകൊടുക്കുകയും ചെയ്തപ്പോൾ കരുണയുളള ദൈവം തന്നെ കൈവിട്ടില്ലെന്ന് ഡോ: ആനി പറയുന്നു.
ദൈവേഷ്ടം രുചിച്ചറിഞ്ഞ് സാധുക്കൾക്ക് ചെറിയ രീതിയിലെങ്കിലും നന്മ ചെയ്ത് ജീവിക്കുവാനും പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുവാനും ദൈവം തന്നെ ഒരുപകരണമാക്കട്ടെ എന്നാണ് ഡോക്ടറുടെ ഇപ്പോഴത്തെ പ്രാർത്ഥന. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അനേകർക്ക് അതുകൊണ്ട് തന്നെ അവരുടെ വാക്കുകൾ അനുഗ്രഹ പ്രദമായി മാറുന്നു. കാട്ടകാമ്പൽ ഓർത്തഡോക്‌സ് പളളി ഇടവകയിലെ ഏക വനിതാ ഡോക്ടറാണ് ഡോ. ആനിബാബു.
തകർന്നുപോകുമായിരുന്ന മൺപാത്രത്തെ ദൈവം തന്നെയാണ് സംരക്ഷിച്ചതെന്ന് ഉറപ്പോടെയുള്ള അവരുടെ സാക്ഷ്യം അനേകരുടെ ജീവിതത്തിന് കരുത്തും ബലവും പകരുന്നു എന്ന് തന്നെയാണ് ഇടവകജനത്തിന്റെയും വികാരിയച്ചന്റെയും വാക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?