Follow Us On

29

March

2024

Friday

ഭീകരാക്രമണം: മരണസംഖ്യ 160 കടന്നു; ബുർക്കീനോ ഫാസോയെ ദൈവസന്നിധിയിൽ സമർപ്പിച്ച് പാപ്പ

ഭീകരാക്രമണം: മരണസംഖ്യ 160 കടന്നു; ബുർക്കീനോ ഫാസോയെ ദൈവസന്നിധിയിൽ സമർപ്പിച്ച് പാപ്പ

വാഗഡൂഗോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബുർക്കീനോ ഫാസോയിൽ 160ൽപ്പരം പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിൽ അഗാധദുഃഖം പ്രകടിപ്പിച്ചും ബുർക്കിനോ ഫാസോയെ ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിച്ചും ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനയിലാണ്, ബുർക്കിനോ ഫാസോയിലെ ജനസമൂഹത്തെ ഒന്നടങ്കം തന്റെ സാമീപ്യം അറിയിച്ചുകൊണ്ട് പാപ്പ പ്രാർത്ഥിച്ചത്. രാജ്യത്തിന്റെ വടക്കൻ മേഖലയിലെ സാഹേൽ പ്രവിശ്യയിലെ സോൽഹാൻ ഗ്രാമത്തിൽ ജൂൺ നാലിന് രാത്രിമുതൽ ജൂൺ അഞ്ച് പുലർച്ചെ വരെയുണ്ടായ ആക്രമത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക തീവ്രവാദികളാണെന്നാണ് നിഗമനം.

‘മരിച്ച വ്യക്തികളുടെ ബന്ധുക്കളോടും കുടുംബത്തോടും ബുർക്കീനോ ഫാസോയിലെ മുഴുവൻ ജനങ്ങളോടുമുള്ള എന്റെ സാമീപ്യവും കരുതലും പ്രാർത്ഥനയും ഞാൻ അറിയിക്കുന്നു. ആഫ്രിക്കയ്ക്ക് ആവശ്യം സമാധാനമാണ്, അക്രമമല്ല,’ പാപ്പ പറഞ്ഞു. അതേസയമം, രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം ഭരണകൂടം പ്രഖ്യാപിച്ചു. ഇതോടുചേർന്ന്, ബുർക്കിനോ ഫാസോയിലെ കത്തോലിക്കാ സഭയും രാജ്യത്തിനായി മൂന്ന് ദിവസത്തെ പ്രാർത്ഥനായജ്ഞത്തിനും ആഹ്വാനംചെയ്തിട്ടുണ്ട്. ദൈവാലയങ്ങൾ തോറും ദിവ്യകാരുണ്യ ആരാധനകൾ ക്രമീകരിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

ജൂൺ അഞ്ചിന് പുലർച്ചെ ഗ്രാമത്തിൽ അതിക്രമിച്ച് കയറിയ ഭീകരരുടെ ആക്രമണത്തിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 130 പേരെങ്കിലും കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, 160ൽപ്പരം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇന്നലെവരെ 160 മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈനിക ക്യാമ്പ് ആക്രമിച്ചശേഷമായിരുന്നു ഭീകരർ നാട്ടുകാരെ കൊന്നൊടുക്കിയത്. വീടുകളും മാർക്കറ്റും അഗ്നിക്കിരയാക്കി, വസ്തുവകകൾ കവർച്ചചെയ്തു.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്ന് പ്രസിഡന്റ് റോഷ് മാർക് ക്രിസ്റ്റ്യാൻ കാബോറെ പറഞ്ഞു. ഫ്രാൻസിന്റെ മുൻ കോളനിയായ ബുർക്കിനോ ഫാസോയിൽ അഞ്ചു വർഷത്തിലേറെയായി അൽക്വയ്ദ, ഐസിസ് എന്നീ ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ള ഭീകരർ ആക്രമണം നടത്തുന്നുണ്ട്. സാഹേൽ പ്രവിശ്യയിൽ 5,000ൽപ്പരം ഫ്രഞ്ച് സൈനികരുടെ സാന്നിധ്യമുണ്ടായിട്ടും തീവ്രവാദ ആക്രമണം വർധിക്കുകയാണ്. പ്രദേശത്ത് ക്രൈസ്തവരെ ലക്ഷ്യംവെച്ച് തീവ്രവാദികൾ നടത്തിയിട്ടുള്ള ആക്രമണത്തിൽ ഇതിനകം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?