Follow Us On

25

June

2021

Friday

‘പാവപ്പെട്ടവരുടെ ഡോക്ടർ’ ഇനി വത്തിക്കാനിലും! തിരുശേഷിപ്പ് ഏറ്റുവാങ്ങി ഫ്രാൻസിസ് പാപ്പ

‘പാവപ്പെട്ടവരുടെ ഡോക്ടർ’ ഇനി വത്തിക്കാനിലും! തിരുശേഷിപ്പ് ഏറ്റുവാങ്ങി ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: വെനിസ്വേലൻ ജനതയുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച, ഈയിടെ തിരുസഭ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയ ‘പാവങ്ങളുടെ ഡോക്ടർ’ ഡോ. ഹൊസെ ഗ്രിഗോറിയോ ഹെർണാണ്ടസിന്റെ തിരുശേഷിപ്പ് ഏറ്റുവാങ്ങി ഫ്രാൻസിസ് പാപ്പ. കാരക്കാസിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും മെറിഡാ ആർച്ച്ബിഷപ്പുമായ കർദിനാൾ ബൽത്താസർ പൊറാസ് വത്തിക്കാനിൽ നേരിട്ടെത്തിയാണ് തിരുശേഷിപ്പ് അടക്കംചെയ്ത പേടകം പാപ്പയ്ക്ക് കൈമാറിയത്.

ഡോ. ഹൊസെ ഗ്രിഗോറിയോ ഹെർണാണ്ടസിന്റെ അസ്ഥികളുടെ ഭാഗമാണ് പേടകത്തിലുള്ളത്. മൈക്രോസ്‌കോപ്പിന്റെ ആകൃതിയിലുള്ള പേടകത്തിന്റെ മധ്യഭാഗത്തായി, വാഴ്ത്തപ്പെട്ട ഹൊസേയുടെ വസ്ത്രധാരണത്തെ അടയാളപ്പെടുത്തുംവിധം തൊപ്പിയുടെ രൂപവും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘വെനസ്വലൻ ജനതയ്ക്ക് ആകമാനമുള്ള ശ്ലൈഹീക ആശീർവാദം സ്വീകരിക്കുന്നതിനൊപ്പം പാപ്പയ്‌ക്കൊപ്പം അനുഗ്രഹദായകമാംവിധം സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്നു,’ കർദിനാൾ വ്യക്തമാക്കി.

ജീവിച്ചിരിക്കുമ്പോൾതന്നെ ‘വിശുദ്ധൻ’ എന്ന വിശേഷണത്തിന് അർഹനായ ഡോ. ഹൊസെയെ കഴിഞ്ഞ ഏപ്രിൽ 30നാണ് തിരുസഭ വാഴത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. ട്രുജില്ലോ സംസ്ഥാനത്തെ ഇസ്‌നോറ്റു പട്ടണത്തിൽ 1864 ഒക്ടോബർ 26നായിരുന്നു അദ്ദേഹത്തിന്റെ ജനനം. തിരക്കുകൾക്കിടയിലും പാവപ്പെട്ടവരോട് പ്രത്യേക കരുതൽ ഉണ്ടായിരുന്ന അദ്ദേഹം ആശുപത്രിയിൽ പോകാൻ കഴിവില്ലാത്തവരെ വീട്ടിൽപോയി ചികിത്സിക്കുമായിരുന്നു.

അവരിൽനിന്ന് ഫീസ് വാങ്ങില്ലെന്നു മാത്രമല്ല, ആവശ്യമായ മരുന്നുകൾ വാങ്ങിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധവെച്ചു. പ്രസ്തുത ശുശ്രൂഷകളാണ് പാവങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറായി അദ്ദേഹത്തെ മാറ്റിയത്. രണ്ട് തവണ സെമിനാരിയിൽ ചേർന്നെങ്കിലും അനാരോഗ്യം മൂലം തിരിച്ചുപോരേണ്ടി വന്നു. തന്നെ ദൈവം വിളിച്ചിരിക്കുന്നത് അൽമായ ശുശ്രൂഷയിലേക്കാണെന്ന ബോധ്യം ആഴപ്പെട്ടത് അക്കാലത്താണ്. രോഗികളിൽ ക്രിസ്തുവിനെ ദർശിച്ച് ആതുരസേവന രംഗത്ത് കൂടുതൽ വ്യാപൃതനാകണമെന്ന ചിന്തയും അതോടെ ശക്തമായി.

ജീവകാരുണ്യ ശുശ്രൂഷകളെ തുടർന്ന് അനേകരുടെ ബഹുമാനവും പ്രശംസയും ഇക്കാലയളവിൽ അദ്ദേഹം നേടിയിരുന്നു. 1918ൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്‌ളൂ ചികിത്‌സയിൽ ഇദ്ദേഹം നടത്തിയ സേവനവും ശ്രദ്ധേയമാണ്. കാർ അപകടത്തിൽ 1919 ജൂൺ 29ന് മരണപ്പെടുമ്പോൾ 55 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 1949ലാണ് നാമകരണ നടപടികൾ ആരംഭിച്ചത്. 1985ൽ ധന്യരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടു. ഡോ. ഹൊസെ ഹെർണാണ്ടസിന്റെ ജന്മദിനമായ ഒക്ടോബർ 26 ആണ് തിരുനാൾ ദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?