Follow Us On

29

March

2024

Friday

വൈദികർ ദൈവത്തെയും ദൈവജനത്തെയും ജീവിതത്തിന്റെ കേന്ദ്രമാക്കണം: ഫ്രാൻസിസ് പാപ്പ

വൈദികർ ദൈവത്തെയും ദൈവജനത്തെയും ജീവിതത്തിന്റെ കേന്ദ്രമാക്കണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ദൈവവും അവിടുത്തെ വിശുദ്ധ ജനവുമാണ് അജപാലകരുടെ അനുദിന ജീവിതത്തിന്റെ കേന്ദ്രമെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദൈവജനത്തിൽനിന്ന് വേർപ്പെടുത്തിയ പൗരോഹിത്യം കാതോലികമോ ക്രൈസ്തവമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. റോമിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ ഉപരിപഠനം നടത്തുന്ന ഫ്രഞ്ച് വൈദികരെ അഭിസംബോധന ചെയ്യവേയാണ്, ലോകമെമ്പാടുമുള്ള വൈദികരോടായി പാപ്പ ഇപ്രകാരം പങ്കുവെച്ചത്.

നിങ്ങൾ ആടുകളുടെ ഗന്ധമുള്ള അജപാലകരാകാൻ ഞാൻ ആഗ്രഹിക്കുന്നു. അജപാലകർ അവരുടെ ജനങ്ങളുമായി ജീവിക്കാനും ചിരിക്കാനും കരയാനും പ്രാപ്തിയുള്ളവരായിരിക്കണം. അതിന് നിങ്ങളുടെ മുൻവിധികളെയും മഹത്വത്തിന്റെ സ്വപ്‌നങ്ങളെയും നിങ്ങളെ തന്നെ സ്ഥാപിച്ചെടുക്കാൻ നടത്തുന്ന പരിശ്രമങ്ങളെയും ഉരിഞ്ഞുമാറ്റണം. ബുദ്ധിജീവികളാകാൻ ആഗ്രഹിക്കുന്ന പുരോഹിതർ ഇടയന്മാരല്ല. അവർ അൽമാരായിരിക്കുന്നതാണ് നല്ലത്.

പുരോഹിതരെ തിരഞ്ഞെടുത്തത് ദൈവമാണെന്നതിനാൽ അവർ ദൈവജനത്തിനിടയിൽ ഇടയനായിരിക്കണം. വ്യക്തിമാഹാത്മ്യം, സ്വയംപ്രമാണിത്വം, നിസംഗത എന്നിവയാണ് സമൂഹ ജീവിതത്തിന്റെ വെല്ലുവിളികൾ. ചെറുസംഘങ്ങൾ സൃഷ്ടിച്ച് ഉൾവലിയുന്നതിനും ഒറ്റപ്പെടുന്നതിനും മറ്റുള്ളവരെ വിമർശിക്കുന്നതിനും മോശമായി സംസാരിക്കുന്നതിനും സ്വയം ശ്രേഷ്ഠനും ബുദ്ധിമാനുമാണെന്ന് വിശ്വസിക്കാനുമുള്ള പ്രലോഭനങ്ങളെക്കുറിച്ചും അജപാലകർ ജാഗരൂകരാകണം.

സുവിശേഷത്തിന്റെ വെളിച്ചത്തിൽ തനിക്കുചുറ്റും ദൈവത്തിന്റെ രുചി പകരുകയും ചഞ്ചലഹൃദയങ്ങൾക്ക് പ്രത്യാശ പകരുകയും ചെയ്യുന്നവനാകണം ഇടയൻ. സത്യത്തിലും ആത്മാർഥമായ ബന്ധങ്ങളിലും പ്രാർത്ഥനയിലും ജീവിച്ചാൽ സന്തോഷവും ആർദ്രതയുമുള്ള സമൂഹത്തെ രൂപപ്പെടുത്താനാകും. വിശുദ്ധ യൗസേപ്പിതാവിനോടൊപ്പം അംഗീകരിക്കലിന്റെയും ആർദ്രതയുടെയും എളിമയാർന്ന പ്രവർത്തിയുടെയും അനുഭവത്തിലേക്ക് മടങ്ങാനാണ് ഓരോ വൈദികനും വിളിക്കപ്പെട്ടിരിക്കുന്നത്.

ബലഹീനത എന്നത് കർത്താവുമായി കണ്ടുമുട്ടാനുള്ള ആധ്യാത്മികയുടെ ഇടമാണ്. തന്റെ ബലഹീനതകളെ തിരിച്ചറിയുന്ന വൈദികൻ അതേക്കുറിച്ച് ദൈവവുമായി പങ്കുവെക്കുമ്പേൾ ക്രിയാത്മകമായ മാറ്റം സംഭവിക്കും. എന്നാൽ, സ്വയം ശ്രേഷ്ഠരെന്ന് കരുതുന്ന പുരോഹിതർ ദൗർഭാഗ്യത്തിൽ നിപതിക്കും. വൈദികർ അഭിഷിക്തരായിരിക്കുന്നതു സന്തോഷത്തിന്റെ തൈലം കൊണ്ടാണ്, സന്തോഷത്തിന്റെ തൈലത്താൽ മറ്റുള്ളവരെ അഭിഷേകം ചെയ്യേണ്ടവരുമാണ് അവർ. ക്രിസ്തുവിൽ വേരൂന്നിയാൽ മാത്രമേ ഹൃദയങ്ങളെ നേടാൻ തക്ക സന്തോഷത്തിന്റെ അനുഭവം അവർക്കുണ്ടാകൂ എന്നും പാപ്പ കൂട്ടിച്ചേർത്തു.

(വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഫയൽ ചിത്രം)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?