Follow Us On

18

April

2024

Thursday

പീഡനങ്ങൾ മുറുകുമ്പോഴും ചൈനീസ് രൂപതയിൽ തിരുപ്പട്ട സ്വീകരണം; ‘ഷാങ്ഹായി’ലേക്ക് നാല് നവവൈദികർ

പീഡനങ്ങൾ മുറുകുമ്പോഴും ചൈനീസ് രൂപതയിൽ തിരുപ്പട്ട സ്വീകരണം; ‘ഷാങ്ഹായി’ലേക്ക് നാല് നവവൈദികർ

ബീജിംഗ്: ചൈനയിൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ മുറുകുമ്പോഴും പൗരോഹിത്യ ദൈവവിളികളുടെ വളർച്ച മുന്നോട്ടുതന്നെയെന്ന് വ്യക്തമാക്കി, ഷാങ്ഹായ് രൂപതയിൽ തിരുപ്പട്ട സ്വീകരണം. വർഷങ്ങൾക്കുമുമ്പ് ഭരണകൂടം അറസ്റ്റ്‌ചെയ്ത രൂപതാധ്യക്ഷൻ ഇന്നും വീട്ടുതടങ്കലിൽനിന്ന് മുക്തനായിട്ടില്ല, ഏതാണ്ട് അഞ്ച് വർഷത്തോളം സെമിനാരിക്ക് ഭരണകൂടം പ്രവർത്തനാനുമതി നിഷേധിച്ചു എന്നീ യാഥാർത്ഥ്യങ്ങൾകൂടി അറിയുമ്പോഴേ, ഈ തിരുപ്പട്ട സ്വീകരണത്തിന്റെ മഹത്വം വ്യക്തമാകൂ.

ജൂൺ അഞ്ചിന് ഷാങ്ഹായ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലിലായിരുന്നു നാല് ഡീക്കന്മാരുടെ തിരുപ്പട്ട സ്വീകരണം. അഞ്ച് പേരുടെ തിരുപ്പട്ട സ്വീകരണമാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഒരാളുടെ പൗരോഹിത്യ സ്വീകരണം സർക്കാർ ഉത്തരവുപ്രകാരം തടയപ്പെട്ടതു മാത്രമാണ് വിശ്വാസികളെ സങ്കടപ്പെടുത്തുന്നത്. പോളണ്ട് ആതിഥേയത്വം വഹിച്ച 2016ലെ ലോകയുവജന സംഗമത്തിൽ പങ്കെടുത്തു എന്നതാണ് തിരുപ്പട്ടം തടയാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. അധികം താമസിയാതെ ഇദ്ദേഹത്തിന്റെ വിലക്ക് പിൻവലിച്ച് തിരുപ്പട്ടം നൽകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.

ഫാ. ജിയോവന്നി നിംഗ് യോങ്‌വാങ് (30), ഫാ. ജിയോവന്നി സ്വൗ ജിയ (34); ഫാ. മാറ്റിയോ മി ജിസ്വൗ (29), ഫാ. ഫ്രാൻസെസ്‌കോ വു ഷുൻ (31) എന്നിവരാണ് നവവൈദികർ. ഡീക്കൻ പോൾ യാങ് ഡോങ്‌ഡോംഗിന്റെ (34) തിരുപ്പട്ട സ്വീകരണമാണ് തടഞ്ഞത്. ഷാങ്ഹായ് ബിഷപ്പ് മോൺ. റ്റഡിയോ മാ ഡാക്യുനെ ഭരണകൂടം വീട്ടുതടങ്കലിൽ അടച്ചിരിക്കുന്നതിനാൽ, അയൽ രൂപതയായ ഹെയ്മൻ ബിഷപ്പ് ജുസപ്പെ ഷെൻ ബിനാണ് തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചത്.

വത്തിക്കാനും ചൈനീസ് ഭരണകൂടവും അംഗീകരിക്കുന്ന ബിഷപ്പ് ജുസപ്പെ ഷെൻ ബിൻ, ഭരണകൂട നിയന്ത്രണത്തിലുള്ള സഭാസംവിധാനമായ ‘ചൈനീസ് പാട്രിയോട്ടിക്ക് കാത്തലിക് അസോസിയേഷൻ’ വൈസ് പ്രസിഡന്റുമാണ്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ, വത്തിക്കാനെ അംഗീകരിക്കുന്ന ‘അണ്ടർഗ്രൗണ്ട് ചർച്ച്’, ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ‘പാട്രിയേട്ടിക് ചർച്ച്’ എന്നിങ്ങനെയാണ് കത്തോലിക്കാസഭയുടെ പ്രവർത്തനം. കടുത്ത പീഡനങ്ങളാണ് ‘അണ്ടർഗ്രൗണ്ട് ചർച്ചിന്’ നേരിടേണ്ടിവരുന്നത്.

2012ൽ പാട്രിയോട്ടിക് അസോസിയേഷനിൽനിന്ന് രാജിവെച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട ബിഷപ്പ് മാ ഡാക്യുനെ ഷെഷാൻ സെമിനാരിയിലാണ് വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. ബിഷപ്പ് അറസ്റ്റ് ചെയ്യപ്പെട്ടശേഷം ഏറെനാൾ ഭരണകൂടം അടച്ചുപൂട്ടിയ സെമിനാരിക്ക് 2017ലാണ് പ്രവർത്തനാനുമതി ലഭിച്ചത്. വിശ്വാസികളുമായും പൊതുസമൂഹവുമായും ഇടപഴകുന്നത് പൂർണമായും തടയപ്പെട്ടിരിക്കുന്ന ബിഷപ്പിന്റെ ബ്ലോഗും ഭരണകൂടം നിരോധിച്ചിട്ടുണ്ട്. എങ്കിലും, നവാഭിഷിക്തർക്ക് ആശംസകൾ നേർന്നും ദൈവത്തിന് നന്ദി പറഞ്ഞും, ചൈനയിലെ സമൂഹമാധ്യമമായ ‘വി ചാറ്റിൽ’ അദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാണ്:

‘മനോഹരമായ ദിനമാണ് ഇന്ന്, നാല് പുതിയ പുരോഹിതന്മാർ ഷാങ്ഹായ് രൂപതയുടെ ഭാഗമായിരിക്കുന്നു. ദൈവത്തിന്റെ വയലിലേക്ക് ദൈവം തിരഞ്ഞെടുത്തു നൽകിയ പുതിയ ശുശ്രൂഷകരെപ്രതി ദൈവത്തിന് നന്ദി പറയുന്നു. അവരെ ദൈവത്തിന് സമർപ്പിച്ച് നന്ദിയോടെ ഞാൻ ജപമാലയർപ്പിക്കുന്നു. ദൈവകൃപ എപ്പോഴും അവരോടൊപ്പം ഉണ്ടായിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. കൂടുതൽ വൈദികരും കന്യാസ്ത്രീകളും ദൈവവിളികളും ഉണ്ടാകാൻവേണ്ടി പ്രാർത്ഥിക്കുന്നു. വിതച്ച വിത്തുകൾ ഇന്ന് പൂത്തുനിൽക്കുമ്പോൾ, സന്തോഷം എന്തെന്ന് തിരിച്ചറിയാനാവുന്നുണ്ട്.’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?