Follow Us On

25

June

2021

Friday

പ്രാർത്ഥിക്കാൻ സമയം മാറ്റിവെക്കാനാവാത്തവിധം ജോലിയിൽ മുഴുകുന്നത് മനുഷ്യോചിതമല്ല: പാപ്പ

പ്രാർത്ഥിക്കാൻ സമയം മാറ്റിവെക്കാനാവാത്തവിധം ജോലിയിൽ മുഴുകുന്നത് മനുഷ്യോചിതമല്ല: പാപ്പ

വത്തിക്കാൻ സിറ്റി: പ്രാർത്ഥനയ്ക്ക് സമയം മാറ്റിവെക്കാനാവാത്തവിധം ജോലിയിൽ മുഴുകുന്നത് മനുഷ്യോചിതമല്ലെന്നും ജീവിതത്തിലുടനീളം പ്രാർത്ഥനയെ കെടാവിളക്കുപോലെ അണയാതെ സൂക്ഷിക്കണമെന്നും ഫ്രാൻസിസ് പാപ്പ. പൊതുസന്ദർശനമധ്യേ പ്രാർത്ഥനയിൽ പുലർത്തേണ്ട സ്ഥിരതയെക്കുറിച്ച് വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ജീവിതത്തിന് അന്യമായ പ്രാർത്ഥന ആരോഗ്യകരമല്ലെന്നും പ്രായോഗിക ജീവിതത്തിൽനിന്ന് നമ്മെ അകറ്റുന്ന പ്രാർത്ഥനകൾ ആത്മീയവാദത്തേക്കാൾ താഴ്ന്ന, ആചാരാനുഷ്ഠാനമായി മാറുമെന്നും പാപ്പ മുന്നറിയിപ്പ് നൽകി.

പ്രാർത്ഥനയിലുണ്ടായിരിക്കേണ്ട സ്ഥിരത തിരുലിഖിതത്തിൽനിന്ന് വരുന്ന ഒരു ക്ഷണമാണ്, അതിലുപരി ഒരു കൽപ്പനയാണ്: ‘ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ.’ പ്രാർത്ഥന ജീവിതത്തിന്റെ പ്രാണവായുവാണ്. പ്രാർത്ഥിക്കുന്ന ചിത്തമാണ് വേണ്ടത്. ഒരിക്കലും കുറഞ്ഞുപോകരുതാത്ത ഒരു തീക്ഷ്ണത ക്രിസ്തീയ ജീവിതത്തിലുണ്ട്. പുരാതന ദൈവാലയങ്ങളിൽ സൂക്ഷിച്ചിരുന്ന കെടാവിളക്ക് പോലെയാണത്. അതുപോലെ, നിരന്തരം ജ്വലിക്കുന്നതും യാതൊന്നിനും അണയ്ക്കാൻ കഴിയാത്തതുമായ ഒരു വിശുദ്ധാഗ്‌നി നമ്മിലും ഉണ്ടാകണം.

ക്രിസ്തീയ സന്യാസജീവിതം അധ്വാനത്തെ എന്നും വലിയ ആദരവോടെയാണ് കാണുന്നത്. തന്നെയും മറ്റുള്ളവരെയും പരിപാലിക്കണമെന്ന ധാർമിക ഉത്തരവാദിത്തം കൊണ്ടുമാത്രമല്ല, ഒരുതരം ആന്തരിക സന്തുലിതാവസ്ഥയ്ക്കും വേണ്ടിയാണത്. അതായത്, യാഥാർത്ഥ്യവുമായുള്ള ബന്ധം കൈമോശം വരത്തക്കവിധം അമൂർത്തമായ ഒരു താൽപ്പര്യം മനുഷ്യൻ വളർത്തുന്നത് അപകടകരമാണ്. യാഥാർത്ഥ്യവുമായി ബന്ധത്തിലായിരിക്കാൻ തൊഴിൽ നമ്മെ സഹായിക്കുന്നു.

യേശു വിശുദ്ധ മാർത്തയോട്, ദൈവത്തെ ശ്രവിക്കുക എന്നതാണ് യഥാർത്ഥത്തിൽ ആവശ്യമായ ഏകകാര്യം എന്നു പറയുമ്പോൾ, അവൾ അർപ്പണബുദ്ധിയോടെ ചെയ്തുകൊണ്ടിരുന്ന നിരവധിയായ സേവനങ്ങളെ അവമതിക്കുകയല്ല അവിടുന്ന് ചെയ്യുന്നത്. തൊഴിലും പ്രാർത്ഥനയും പരസ്പര പൂരകങ്ങളാണ്. സകലത്തിന്റെയും ശ്വാസമായ പ്രാർത്ഥന തൊഴിലിന്റെ സുപ്രധാന പശ്ചാത്തലമായി നിൽക്കുന്നു. ഇത് ദൈനംദിന അധ്വാനത്തിന് വിരുദ്ധമല്ല, നിരവധിയായ ബാധ്യതകൾക്കും എതിരല്ല. മറിച്ച്, ഓരോ പ്രവൃത്തിയും അതിന്റെ പൊരുളും കാരണവും ശാന്തിയും കണ്ടെത്തുന്ന ഇടമാണ്.

താബോർ മലയിൽ വച്ച് തന്റെ മഹത്വം ശിഷ്യന്മാർക്ക് വെളിപ്പെടുത്തിയശേഷം, ആ ആത്മീയനിർവൃതി നീട്ടിക്കൊണ്ടുപോകാൻ യേശു ആഗ്രഹിച്ചില്ല. മറിച്ച്, അവരോടൊപ്പം മലയിൽനിന്ന് ഇറങ്ങി അവരുടെ ദൈനംദിന യാത്ര പുനരാരംഭിക്കുന്നു. കാരണം, ആ അനുഭവം അവരുടെ വിശ്വാസത്തിന്റെ വെളിച്ചവും ശക്തിയുമായി ഹൃദയങ്ങളിൽ നിലനിൽക്കേണ്ടതിനാണത്; പീഡാസഹനത്തിന്റെ ദിനങ്ങളിലും വെളിച്ചവും ശക്തിയും ആയിരിക്കുന്നതിനാണത്.

അങ്ങനെ, ദൈവത്തോടൊപ്പമായിരിക്കാൻ ചെലവിടുന്ന സമയങ്ങൾ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുന്നു, ഇത് സമൂർത്തമായ ജീവിതത്തെ സഹായിക്കുന്നു. വിശ്വാസം, പ്രാർത്ഥനയെ നിർവിഘ്‌നം പരിപോഷിപ്പിക്കുന്നു. ദൈവം, നമ്മിൽനിന്ന് പ്രതീക്ഷിക്കുന്ന ക്രിസ്തീയ സ്‌നേഹത്തിന്റെ അഗ്‌നി വിശ്വാസവും ജീവിതവും പ്രാർത്ഥനയും അടങ്ങിയ ഈ വൃത്തത്തിലാണ് പരിപോഷിതമാകുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?