Follow Us On

25

June

2021

Friday

ഏകമകൻ പൗരോഹിത്യം തിരഞ്ഞെടുത്തു, അമ്മ സന്യാസ ജീവിതവും!

ഏകമകൻ പൗരോഹിത്യം തിരഞ്ഞെടുത്തു, അമ്മ സന്യാസ ജീവിതവും!

വത്തിക്കാൻ: മകൻ പൗരോഹിത്യവിളി സ്വീകരിച്ചതിന് പിന്നാലെ സന്യസ്ത ജീവിതത്തിലേക്ക് പ്രവേശിച്ച് അമ്മ! ഒരൽപ്പം കൗതുകവും അമ്പരപ്പുമെല്ലാം തോന്നുമെങ്കിലും അസാധാരണമെന്നോ സവിശേഷമെന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ദൈവവിളികളും സംഭവിക്കാറുണ്ട്. അതിലൊന്നാണ് ബ്രസീലിയൻ കുടുംബത്തിൽനിന്നുള്ള ഈ അമ്മയുടെയും മകന്റെയും ദൈവനിയോഗം. മകന്റെ പേര്, ഫാ. ജൊനാസ് മാഗ്‌നോ ഡി ഒലിവെര. അമ്മയുടെ പേര്, സിസ്റ്റർ പെർസെവറൻസ്. ഇരുവരും ഒരേ സന്യസ്തസഭയുടെ ഭാഗംതന്നെയാണെന്ന് അറിയുമ്പോൾ അമ്പരപ്പ് ഇനിയും കൂടും.

സഭാവസ്ത്രങ്ങളണിഞ്ഞ് അമ്മയും മകനും ചേർന്നെടുത്ത ചിത്രം, പ്രാർത്ഥനാശംസകളോടെ അനേകരാണ് സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങളുടെ അസാധാരണമായ ദൈവവിളിയെകുറിച്ച്, പ്രമുഖ ഓൺലൈൻ മാധ്യമമായ ‘എ.സി.എൻ പ്രൻസ’യ്ക്ക് ഫാ. ജൊനാസ് ഈയിടെ നൽകിയ അഭിമുഖവും ശ്രദ്ധേയമാണ്. ജീവിതപങ്കാളിയുടെ മരണശേഷം, മാതാപിതാക്കളെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കി സമർപ്പിതജീവിതം തിരഞ്ഞെടുക്കാനാകും. അതുപ്രകാരമായിരുന്നു പെർസെവറൻസിന്റെ സന്യാസസഭാ പ്രവേശനം.

ഉത്തമ കത്തോലിക്കാ കുടുംബമായിരുന്നു അവരുടേത്. അമ്മയുടെ കരംപിടിച്ച് വിശ്വാസജീവിതം പരിശീലിച്ച മകനും അമ്മയെപ്പോലെതന്നെ ദിവ്യബലി മുടക്കാറില്ലായിരുന്നു. അടിയുറച്ച മരിയഭക്തിയും അവരുടെ സവിശേഷതയായിരുന്നു. എട്ടാം വയസിലാണ്, വൈദികനാകണമെന്ന ആഗ്രഹം ജൊനാസിന്റെ മനസിൽ നാമ്പിട്ടത്. അക്കാര്യം മാതാപിതാക്കളെ അറിയിച്ചെങ്കിലും അവന്റെ ബാല്യകാല സ്വപ്‌നമെന്ന നിലയിലാണ് അത് സ്വീകരിക്കപ്പെട്ടത്. എന്നാൽ, അത് തന്റെ അടിയുറച്ച ആഗ്രഹമായിരുന്നുവെന്ന് ഫാ. ജൊനാസ് പറയുന്നു.

‘മരിയഭക്തയായ അമ്മ എപ്പോഴും നിശബ്ദയായിരുന്നു. ദൈവത്തിന്റെ ഹിതം നിറവേറട്ടെ എന്നതായിരുന്നു അമ്മയുടെ ശൈലി. അതിനാൽ, എന്റെ പൗരോഹിത്യത്തിന്റെ കാര്യത്തിലും അമ്മയുടെ ആഗ്രഹവും തീരുമാനവും അതുതന്നെയായിരുന്നു. എന്നിൽ നിർബന്ധം ചെലുത്താതിരിക്കാൻ, എന്റെ ആഗ്രഹം അറിയിച്ചപ്പോഴും അമ്മ നിശബ്ദയായിരുന്നു. എന്നാൽ, നന്മയുടെ വഴിയേ ചരിക്കാൻ അമ്മ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരുന്നു.’

പതിമൂന്നാം വയസിലാണ് തന്റെ പൗരോഹിത്യവിളി അദ്ദേഹം സ്ഥിരീകരിച്ചത്. ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ ഇൻകാർനേറ്റ് വേൾഡ്’ സന്യാസസഭയിലെ സെമിനാരി റെക്ടറാണ് അതിൽ നിർണായക പങ്കുവഹിച്ചത്. ഏക മകനായ തന്റെ സെമിനാരി പ്രവേശനം അമ്മയെ തനിച്ചാക്കുമല്ലോ എന്ന ആകുലത അലട്ടുമ്പോഴാണ്, ദൈവീക ഇടപെടൽപോലെ ആ ക്ഷണം അമ്മയ്ക്ക് ലഭിച്ചത്. താൻ അംഗമായ സന്യസ്ത സഭയുടെ സന്യാസിനീസമൂഹത്തിനൊപ്പം താമസിക്കാനുള്ള ക്ഷണമായിരുന്നു അത്. നഴ്‌സായ അമ്മയുടെ സഹായം അവർ നടത്തുന്ന ജീവകാരുണ്യ ശുശ്രൂഷയിൽ സഹായകമാകുമെന്ന ചിന്തയാണ് സന്യാസിനീ സഭാധികാരികളെ അതിന് പ്രേരിപ്പിച്ചത്.

അവർക്കൊപ്പമുള്ള ജീവിതകാലത്താണ്, സന്യാസജീവിതത്തെ കുറിച്ച് ആ അമ്മ ആലോചിച്ചത്. തന്നെക്കുറിച്ചുള്ള ദൈവഹിതം വിവേചിച്ചറിഞ്ഞ അവൾ അവിടെ സന്യാസ അർത്ഥിനിയായി. നൊവിഷ്യേറ്റിന്റെ കാലഘട്ടത്തിലാണ്, തന്നെ ദൈവം തിരഞ്ഞെടുത്തത് മിണ്ടാമഠത്തിന്റെ ഭാഗമാകാനാണെന്ന ബോധ്യം അവൾക്ക് ലഭിച്ചത്. ഇറ്റലിയിൽ ആശ്രമജീവിതത്തെ കുറിച്ചുള്ള പരിശീലനഘട്ടത്തിലാണ് ഇപ്പോൾ സിസ്റ്റർ പെർസെവറൻസ്. 2020 മേയ് എട്ടിന് തിരുപ്പട്ടം സ്വീകരിച്ച ഫാ. ജൊനാസ് ഇപ്പോൾ റോമിലാണ് ശുശ്രൂഷ ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?