Follow Us On

28

March

2024

Thursday

വൈദികർക്കായി പ്രാർത്ഥിക്കാൻ ആഗോളസഭ അണിചേരുന്ന ‘റോസറി റിലേ’ ഇന്ന്; SW PRAYER ചാനലിൽ തത്‌സമയം

വൈദികർക്കായി പ്രാർത്ഥിക്കാൻ ആഗോളസഭ അണിചേരുന്ന ‘റോസറി റിലേ’ ഇന്ന്; SW PRAYER ചാനലിൽ തത്‌സമയം

വത്തിക്കാൻ സിറ്റി: തിരുഹൃദയ തിരുനാൾ ദിനമായ ഇന്ന് (ജൂൺ 11) ലോകമെമ്പാടുമുള്ള വൈദികർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഗോളസഭ അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ’യിൽ തത്‌സമയം പങ്കുചേരാം, SW PRAYER (ശാലോം വേൾഡ് പ്രയർ) ചാനലിലൂടെ. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന 24 മണിക്കൂർ ജപമാലയജ്ഞമാണ് ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’.

‘വേൾഡ് പ്രീസ്റ്റ്’ എന്ന സന്നദ്ധ സംഘടന 2009ൽ തുടക്കം കുറിച്ച ‘ഗ്ലോബൽ റോസറി റിലേ’യുടെ 12-ാമത് എഡിഷനാണ് ഇത്തവണത്തേത്. വിവിധ രാജ്യങ്ങളിലെ 2600ൽപ്പരം വേദികളിൽ ഇത്തവണ ജപമാലയർപ്പണം നടക്കും. ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് എന്നവിധത്തിൽ ലോകം മുഴുവൻ ജപമാല ചൊല്ലി വലം വയ്ക്കുന്നതുവരെ തുടരുന്ന പ്രാർത്ഥനാ യജ്ഞം എന്ന വിധത്തിലും സവിശേഷമായ ഈ മുന്നേറ്റം ഇതാദ്യമായാണ് ഒരു ടെലിവിഷൻ തത്‌സമയം ലോകമെമ്പാടും ലഭ്യമാക്കുന്നത്.

ജൂൺ 11 ഗ്രീനിച്ച് സമയം പുലർച്ചെ 12.00ന് സൈബീരിയയിൽനിന്ന് ആരംഭിക്കുന്ന ജപമാല അർദ്ധരാത്രി അമേരിക്കയിലെ കാലിഫോർണിയയിലാണ് സമാപിക്കുന്നത്. (SW PRAYER ചാനലിൽ ലഭ്യമാകുന്ന സമയക്രമം ചുവടെ: ജൂൺ 10, 8:30 PM ET / ജൂൺ 11, 1:30 AM BST/ ജൂൺ 11, 6:00 AM IST/ ജൂൺ 11, 10:30 AM AEST) അരമണിക്കൂർ വീതം  മാറിമാറി 2600ൽപ്പരം വേദികളിൽ ജപമാല അർപ്പണം നടക്കുന്നുണ്ടെങ്കിലും അതിലെ 40ൽപ്പരം വേദികളിൽനിന്നുള്ള ജപമാലയർപ്പണങ്ങളാണ് SW PRAYER ചാനലിൽ തത്‌സമയം ലഭ്യമാക്കുന്നത്. സൗത്ത് കൊറിയ, പാക്കിസ്ഥാൻ, മാൾട്ട, സ്‌ളോവാക്യ, റോം, മാൾട്ട, അയർലൻഡ്, ഹവായ്, വാഷിംഗ്ടൺ ഡി.സി, അയർലൻഡ് എന്നിങ്ങനെ അഞ്ച് ഭൂഖണ്ഡങ്ങളിൽനിന്നുള്ള ജപമാല പ്രാർത്ഥനകളും തത്‌സമയ സംപ്രഷണത്തിൽ ഉൾപ്പെടും എന്നതും ശ്രദ്ധേയമാണ്.

മുൻ വർഷങ്ങളിലേതുപോലെ, നിരവധി മരിയൻ തീർത്ഥാടന കേന്ദ്രങ്ങളും പ്രാർത്ഥനയിൽ അണിചേരുന്നുണ്ട്. വൈദികർക്കുവേണ്ടിആഗോളവ്യാപകമായി നടത്തുന്ന റോസറി റിലേയ്ക്ക് ഓരോ വർഷവും ഫ്രാൻസിസ് പാപ്പ അപ്പസ്‌തോലിക ആശീർവാദം നൽകാറുണ്ട്. ‘വേൾഡ് പ്രീസ്റ്റി’ന്റെ എപ്പിസ്‌കോപ്പൽ അഡൈ്വസറും അയർലൻഡിലെ തുവാം ആർച്ച്ബിഷപ്പുമായ മൈക്കിൾ നിയറിക്ക് പ്രത്യേക സന്ദേശം അയക്കുന്നതും പതിവാണ്.

കൊറോണയുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞവർഷത്തേതുപോലെ തത്സമയ സംപ്രേഷണത്തിലൂടെയും നിരവധി സംഘങ്ങൾ ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കും. ഐറിഷ് വ്യവസായിയായ മരിയൻ മുൽഹാർ 2003ലാണ് ‘വേൾഡ് പ്രീസ്റ്റ്’ അപ്പോസ്തലേറ്റിന് രൂപം കൊടുത്തത്. 2009ൽ അദ്ദേഹം തന്നെയാണ് ഗ്ലോബൽ റോസറി റിലേയ്ക്ക് തുടക്കം കുറിച്ചതും. വേദികളിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും ഉണ്ടാകുന്ന വർദ്ധനവിലൂടെ ‘ഗ്ലോബൽ റോസറി റിലേ’ ഓരോ വർഷവും വളർച്ചയുടെ പുതിയഘട്ടങ്ങലിലേക്ക് പ്രവേശിക്കുകയാണ്.

തിരുസഭയ്ക്കും ലോക ജനതയ്ക്കുംവേണ്ടി ദിനരാത്ര ഭേദമില്ലാതെ പ്രാർത്ഥനകൾ ഉയർത്തുക എന്ന ലക്ഷ്യത്തോടെ ദിവ്യബലി ഉൾപ്പെടെയുള്ള തിരുക്കർമങ്ങൾ 24 മണിക്കൂറും തത്‌സമയം ലഭ്യമാക്കാൻ കഴിഞ്ഞ ലോക്ഡൗൺ നാളുകളിൽ ‘ശാലോം വേൾഡ്’ ആരംഭിച്ച ചാനലാണ് SW PRAYER.  ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്‌സ് തുടങ്ങിയവയ്‌ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും SW PRAYER ലഭ്യമാണ്.
കൂടാതെ, SW PRAYERന്റെ വെബ് സൈറ്റ് (www.swprayer.org), യൂ ടൂബ് (youtube.com/swprayerlive), ഫേസ്ബുക്ക് പേജ് (facebook.com/swprayer), എന്നിവയിലൂടെയും തത്സമയം കാണാൻ സൗകര്യമുണ്ടാകും. ടി.വിയിലും മൊബൈൽ ആപ്പുകളിലും ലഭ്യമാക്കുന്നത് എങ്ങനെ എന്നറിയാൻ സന്ദർശിക്കുക www.shalomworld.org/watchon

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?