Follow Us On

25

June

2021

Friday

വിശുദ്ധിയുടെ പരിമളം പരത്തിയ പ്രവാചകന്‍ മോൺ. സി.ജെ വർക്കിയച്ചന് ഇന്ന് ജന്മശതാബ്ദി

വിശുദ്ധിയുടെ പരിമളം പരത്തിയ പ്രവാചകന്‍ മോൺ. സി.ജെ വർക്കിയച്ചന് ഇന്ന് ജന്മശതാബ്ദി

പെരുവണ്ണാമൂഴി: വിശുദ്ധിയുടെ നറുമണം പ്രസരിപ്പിച്ചുകൊണ്ട് കടന്നുപോയ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ ജന്മശതാബ്ദി ആഘോഷിച്ചു. ശാലോം ശുശ്രൂഷകളുടെ മാര്‍ഗദീപവും മലബാറിലെ പ്രഥമ സന്യാസിനി സമൂഹമായ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെയും (എം.എസ്.എം.ഐ) കുളത്തുവയല്‍ എന്‍ആര്‍സി ധ്യാനകേന്ദ്രത്തിന്റെയും സ്ഥാപകനുമാണ് ദിവംഗതനായ വര്‍ക്കിയച്ചന്‍.
മലബാറിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് വഴികാട്ടിയും കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിന് തനതായ സംഭാവനകളും നല്‍കിയ അദ്ദേഹം 1921 ജൂണ്‍ 11-ന് കോട്ടയം ജില്ലയിലെ വലവൂര്‍ ഗ്രാമത്തില്‍ കുഴികുളത്തില്‍ ജോസഫ്-അന്നമ്മ ദമ്പതികളുടെ എട്ടുമക്കളില്‍ ഏഴാമനായിട്ടായിരുന്നു ജനിച്ചത്. ഹൃദയത്തില്‍ നിറഞ്ഞുനിന്ന മിഷനറി തീക്ഷണതയാണ് അദ്ദേഹത്തെ മലബാറിലേക്ക് എത്തിച്ചത്. 1947 മാര്‍ച്ച് 16-ന് വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന  ഡോ. ജോസഫ് അട്ടിപ്പേറ്റി പിതാവില്‍നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1953-ല്‍ തലശേരി പിറയെടുത്തപ്പോള്‍ ബാലാരിഷ്ടകളുടെ നടുവിലായിരുന്ന പുതിയ രൂപതയില്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിനോടൊപ്പം ശുശ്രൂഷകള്‍ ആരംഭിച്ചു. അവിടെ പുതിയൊരു യുഗപ്പിറവിയുടെ തുടക്കമായിരുന്നു. ദൈവത്തോടൊപ്പം നടക്കാന്‍ തുടങ്ങിയപ്പോള്‍ ആ യുവവൈദികന്റെ മനസില്‍ സ്വപ്നങ്ങള്‍ നിറഞ്ഞു. അത് സ്‌കൂളും, കോളജും ദൈവാലയങ്ങളും മാത്രമായിരുന്നില്ല. മലബാറിന്റെ വികസന മുന്നേറ്റത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുത്തിച്ചേര്‍ത്ത പെരുവണ്ണാമൂഴി അണക്കെട്ടുപോലും അങ്ങനെ രൂപപ്പെട്ടതാണ്. കക്കയം സന്ദര്‍ശനത്തിടയില്‍ ഉരക്കുഴി വെള്ളച്ചാട്ടത്തെക്കുറിച്ചറിഞ്ഞ വര്‍ക്കിയച്ചന്‍ ജല-വൈദ്യുതി പദ്ധതികളുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പ്ലാനിംഗ് കമ്മീഷന് എഴുതിയ കത്താണ് കുറ്റ്യാടി ജലവൈദ്യുതിയുടെ തുടക്കത്തിന് കാരണമായത്.
1980-കളില്‍ കരിസ്മാറ്റിക് നവീകരണം വ്യാപകമായപ്പോള്‍ അതിനെ പുതിയ വഴികളിലൂടെ നടത്താന്‍ അച്ചന്‍ വഹിച്ച പങ്ക് വലുതായിരുന്നു. ആന്തരിക സൗഖ്യധ്യാനത്തിനും രോഗശാന്തി ശുശ്രൂഷകള്‍ക്കുമൊക്കെ കേരളത്തില്‍ ആരംഭംകുറിച്ചത് അച്ചനാണ്. ശുശ്രൂഷകരെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് സ്വന്തം ഉത്തരവാദിത്വമായി അദ്ദേഹം ഏറ്റെടുത്തു. അങ്ങനെ നവീകരണ മുന്നേറ്റത്തിന് പുത്തന്‍ ഉണര്‍വു പകരാന്‍ അച്ചന് കഴിഞ്ഞു. 2009 ജൂണ്‍ 24-ന് 88-ാമത്തെ വയസില്‍ അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായി. പ്രവാചക തുല്യമായ ജീവിതം നയിച്ച വര്‍ക്കിയച്ചന് ജീവിതകാലത്തുതന്നെ ജനഹൃദയങ്ങളില്‍ വിശുദ്ധന്റെ സ്ഥാനമായിരുന്നു. സഭ ഔദ്യോഗികമായി ആ പദവിലേക്ക് ഉയര്‍ത്തുന്ന പുണ്യസുദിനത്തിനായി അനേകര്‍  പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?