Follow Us On

25

June

2021

Friday

ഫാ. സ്റ്റാന്‍ സ്വാമിക്ക് 18 വരെ ചികിത്സ തുടരാന്‍ ബോംബെ ഹൈക്കോടതിയുടെ അനുമതി

ഫാ. സ്റ്റാന്‍ സ്വാമിക്ക് 18 വരെ ചികിത്സ തുടരാന്‍ ബോംബെ ഹൈക്കോടതിയുടെ അനുമതി

മുംബൈ: ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് ജൂണ്‍ 18 വരെ നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സ തുടരാന്‍ ബോംബെ ഹൈ ക്കോടതിയുടെ അനുമതി. കോവിഡിനെത്തുടര്‍ന്ന് 84-കാരനായ ഫാ. സ്റ്റാന്‍ സ്വാമിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് കോടതിക്ക് ബോധ്യമായതിനാലാണ് അനുവാദം ലഭിച്ചത്. 17-ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി ആശുപത്രി രേഖകളും ചികിത്സാ വിവരങ്ങളും മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ശബ്ദമായി മാറിയ ഫാ. സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ ഒക്‌ടോബര്‍ 20-നാണ് ഭീമ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റു ചെയ്തത്. ഈ മിഷനറിയുടെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന് വളരെ വ്യക്തമായിരുന്നു. സംസ്ഥാന ഗവണ്‍മെന്റിന്റെ കണ്ണിലെ കരടായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. ആദിവാസികളെ പ്രതികൂലമായി ബാധിക്കുന്ന പല നിയമനിര്‍മാണങ്ങളില്‍നിന്നും അവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗവണ്‍മെന്റിന് പിന്നോട്ടു പോകേണ്ടി വന്നിരുന്നു. ആദിവാസി പ്രശ്‌നങ്ങളില്‍ ഫാ. സ്റ്റാന്‍സ്വാമി നടത്തുന്ന സജീവ ഇടപെടലുകളായിരുന്നു അതിനു കാരണം.  അദ്ദേഹത്തെ നിശബ്ദനാക്കുന്നതിനാണ് യാതൊരു ബന്ധവും ഇല്ലാത്ത ഒരു കേസില്‍ യുഎപിഎ പോലൊരു കരിനിയമം ചുമത്തി അറസ്റ്റു ചെയ്തത്. അതിനുശേഷം അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നില്ല. ജാമ്യാപേക്ഷകളെ എന്‍ഐഎ ശക്തമായി എതിര്‍ക്കുകയും ചെയ്തുവരുന്നു.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 28 നാണ് ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഇടക്കാല ജാമ്യം തേടി അദ്ദേഹം നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?