Follow Us On

19

April

2024

Friday

തടവറയിലും ബലിവേദി ഒരുക്കി കാമറൂണിലെ യുവവൈദികൻ; വചനം പങ്കുവച്ചെന്നും വെളിപ്പെടുത്തൽ

തടവറയിലും ബലിവേദി ഒരുക്കി കാമറൂണിലെ യുവവൈദികൻ; വചനം പങ്കുവച്ചെന്നും വെളിപ്പെടുത്തൽ

യവുണ്ടേ: ഏതാണ്ട് 10 ദിനത്തോളം നീണ്ട ബന്ധനം സൃഷ്ടിച്ച നടുക്കത്തേക്കാൾ, ആ ദിനങ്ങളിലും നാല് തവണ ദിവ്യബലി അർപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷമാണ് ഫാ. ക്രിസ്റ്റഫർ എബോക്കയുടെ മുഖം നിറയെ. ഫാ. എബോക്കയെ ഓർമയില്ലെ, ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ വിഘടനവാദികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികൻ. കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ ‘എ.സി.എൻ ആഫ്രിക്ക’യ്ക്ക് നൽകിയ അഭിമുഖത്തിലാണ്, വിഘടനവാദികളുടെ പിടിയിലായിരുന്നപ്പോഴും നാല് തവണ ദിവ്യബലി അർപ്പിക്കാൻ സാധിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

‘പ്രാർത്ഥിക്കാൻ അനുവാദം ചോദിച്ചപ്പോൾ അവർ അനുവാദം നൽകി. നാലു തവണ ദിവ്യബലി അർപ്പിച്ചു. അതായിരുന്നു എന്റെ ഏറ്റവും വലിയ ആനന്ദം. ഒരിക്കൽ സംഘടനയുടെ ക്യാപ്റ്റന്റെ ആവശ്യപ്രകാരം അവർക്കുവേണ്ടി തിരുവചനസന്ദേശം നൽകാനും പ്രാർത്ഥിക്കാനും അവസരം ലഭിച്ചു,’ മംമഫി രൂപതാംഗം കൂടിയായ ഫാ. എബോക്ക വെളിപ്പെടുത്തി. ഒരിക്കൽപോലും അവർ തങ്ങളോട് മോശമായി പെരുമാറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പന്തക്കുസ്താ തിരുനാളിനോട് അനുബന്ധിച്ച് തന്റെ ഇടവകയുടെ പരിധിയിലുള്ള മിഷൻ സ്റ്റേഷനിലേക്ക് മറ്റൊരാൾക്കൊപ്പം ബൈക്കിൽ പോകവേ മേയ് 22നാണ് ‘അംബാസോണിയൻ സെപ്പറസ്റ്റിറ്റ് മൂവ്‌മെന്റ്’ പ്രവർത്തകർ അദ്ദേഹത്തെ ബന്ധിയാക്കിയത്. മേയ് 31നാണ് അദ്ദേഹം മോചിപ്പിക്കപ്പെട്ടത്. വൈദികനായ തന്നെ തട്ടിക്കൊണ്ടു പോയത്, കത്തോലിക്ക സഭ സർക്കാരുമായി ചേർന്ന് സംഘടനയ്‌ക്കെതിരെ പ്രവർത്തിക്കുന്നതിനാലാണെന്ന ക്യാപ്റ്റന്റെ വാക്കുകളും ഫാ. എബോക്ക അനുസ്മരിച്ചു.

2012ൽ തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം കത്തീഡ്രൽ അഡ്മിനിസ്‌ട്രേറ്റർ, രൂപതയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ എന്നീ പദവികൾ വഹിക്കുന്നുണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടു പോകൽ. 10 മില്യൺ സി.എഫ്.എ ഫ്രാങ്കാണ് (ഏകദേശം 18,600 അമേരിക്കൻ ഡോളർ) സംഘടന ആവശ്യപ്പെട്ടത്. എന്നാൽ, ഒരു വൈദികനെ സംഘടന ബന്ധിയാക്കിയെന്ന് അറിഞ്ഞ്, അവരോട് അനുഭാവമുള്ള യൂറോപ്പിലെയും അമേരിക്കയിലെയും ആളുകൾ അദ്ദേഹത്തെ മോചിപ്പിക്കാൻ സംഘടനയോട് നിർദേശിച്ചതാണ് സുരക്ഷിത മോചനത്തിന് വഴിയൊരുക്കിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?