Follow Us On

31

July

2021

Saturday

പട്ടാളം അടിച്ചേൽപ്പിച്ച ഭരണഘടനയിലെ ഇസ്ലാമിക നിയമ വ്യവസ്ഥകൾ നീക്കം ചെയ്യണം: നൈജീരിയൻ മെത്രാൻ സമിതി

പട്ടാളം അടിച്ചേൽപ്പിച്ച ഭരണഘടനയിലെ ഇസ്ലാമിക നിയമ വ്യവസ്ഥകൾ നീക്കം ചെയ്യണം: നൈജീരിയൻ മെത്രാൻ സമിതി

അബൂജ: പട്ടാളം തയാറാക്കുകയും അടിച്ചേൽപ്പിക്കുകയും ചെയ്ത 1999ലെ നൈജീരിയൻ ഭരണഘടനയിൽനിന്ന് ഇസ്ലാമിക നിയമ വ്യവസ്ഥകളും പരാമർശങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ കത്തോലിക്കാ സഭ. രാജ്യത്ത് സമാധാനവും ഐക്യവും സംജാതമാകാൻ, ഭരണഘടനയിൽ ഇസ്ലാമിക ജനതയ്ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന ഇല്ലാതാക്കണമെന്നും, നൈജീരിയയിലെ നാഷണൽ അസംബ്ലിയുടെ ഭരണഘടനാ പുനപരിശോധന കമ്മിറ്റി മുമ്പാകെ സമർപ്പിച്ച മെമ്മോറാണ്ടത്തിൽ കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെടുന്നു.

ജനസംഖ്യയിൽ ക്രൈസ്തവരും ഇസ്ലാം വിഭാഗങ്ങൾ ഏതാണ്ട് തുല്യമാണെങ്കിലും, ഇസ്ലാമിക നിയമങ്ങൾക്ക് പ്രാമുഖ്യം നൽകി പട്ടാളം അടിച്ചേൽപ്പിച്ച ഭരണഘടനയ്ക്ക് എതിരെ മുമ്പേതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഭരണഘടന, നൈജീരിയയെ മതേതര രാജ്യമെന്ന് വിശേഷിപ്പിക്കുമ്പോഴും ഇതിലെ ഇസ്ലാമിക നിയമവ്യവസ്ഥകളുടെ ചുവടുപിടിച്ച് വടക്കൻ മേഖലയിലെ 12 മുസ്ലീം ഭൂരിപക്ഷ സംസ്ഥാനങ്ങളും 2012ൽ ശരീയത്ത് നിയമം നടപ്പാക്കിയത് ഇന്നും വിവാദ വിഷയമായി തുടരുകയാണ്.

ഇസ്ലാം ഒഴികെയുള്ള മതങ്ങളെ നൈജീരിയൻ ഉന്നത നിയമസംവിധാനം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് മെത്രാൻ സമിതിയുടെ പുതിയ നീക്കം. ഭരണഘടന തയാറാക്കാൻ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, പട്ടാളം അടിച്ചേൽപ്പിച്ച ഭരണഘടനയാണിത് എന്നീ അടിസ്ഥാന വസ്തുതകൾ, മെമ്മൊറാണ്ടത്തിന്റെ ആരംഭത്തിൽത്തന്നെ മെത്രാൻ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പട്ടാളം അടിച്ചേൽപ്പിച്ച 1999ലെ ഭരണഘടനയിൽ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ഇതര മതങ്ങളെ ഒട്ടും പരിഗണിച്ചിട്ടില്ലെന്നും മെത്രാൻ സംഘം വ്യക്തമാക്കി.

‘1999 ലെ ഭരണഘടന തയാറാക്കിയവർ ഇസ്ലാം വിഭാഗത്തിനായി ശരീയത്ത് കോടതികൾ സ്ഥാപിച്ചു. ഇസ്ലാം ജനതയ്ക്ക് അവരുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു കോടതി ഉണ്ടെന്നും അവരെ പ്രത്യേകമായി ന്യായാധിപന്മാരായി നിയമിക്കാനാകും എന്നാണ് ഞങ്ങളുടെ നിഗമനം. ഒരു ക്രിസ്ത്യാനിയെ സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തിൽ ജഡ്ജിയായി നിയമിക്കാൻ കഴിയാത്തതിന്റെ കാരണം ഇതിൽനിന്ന് വ്യക്തമാണ്. നൈജീരിയൻ ജുഡീഷ്യറിയിലെ ഭരണഘടനാപരമായ അസമത്വത്തിന് തെളിവാണിത്.’

ശരിയത്ത് കോടതികളുടെ രൂപീകരണം ഭരണഘടനയിലെ 10, 38 വകുപ്പുകൾ പ്രകാരം നിലനിൽക്കുന്നതല്ല. ഭരണഘടനയിലെ പ്രസ്തുത വകുപ്പുകൾ പ്രകാരം ഒരു പ്രത്യേക മതത്തെ ദേശീയ മതമായി അംഗീകരിക്കുന്നത് ഭരണഘടനാ വിരുദ്ധവുമാണ്. വിവാദ ഭരണഘടനയിലെ തെറ്റുകൾ തിരുത്തുന്നതിന്റെ ഭാഗമായി ഇസ്ലാമിക നിയമ വ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ പരാമർശങ്ങളും ഒഴിവാക്കണം. രാജ്യത്തിന്റെ ഐക്യവും നീതിയും നിലനിർത്താൻ ഭരണഘടന പുനഃപരിശോധിക്കണമെന്ന തങ്ങളുടെ ആവശ്യത്തെ ഗൗരവപൂർവം കാണണമെന്ന അഭ്യർത്ഥനയോടെയാണ് മെമ്മൊറാണ്ടം അവസാനിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?