Follow Us On

01

December

2022

Thursday

ജോസഫിന്റെ കടയില്‍ എല്ലാം സൗജന്യമാണ്; ആര്‍ക്കും വരാം

ജോസഫിന്റെ കടയില്‍ എല്ലാം സൗജന്യമാണ്; ആര്‍ക്കും വരാം

കോട്ടപ്പുറം: കോട്ടപ്പുറത്തെ ജോസഫിന്റെ കടപോലൊരു കട മറ്റെവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ വളരെ നന്നായിരുന്നേനെ എന്നായിരിക്കും ഇവിടെനിന്നും സാധനങ്ങളുമായി പുറത്തേക്കിറങ്ങുന്ന ഓരോരുത്തരുടെയും മനസുകളില്‍ ഉയരുന്ന ആഗ്രഹമെന്നതില്‍ സംശയമുണ്ടാവില്ല. കടയിലെ സാധനങ്ങളുടെ പട്ടിക പുറത്തുപ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, വിലയുടെ സ്ഥാനത്ത് പൂജ്യം എന്നാണ് എഴുതിയിരിക്കുന്നത്. അതു നൂറ് ശതമാനം സത്യമാണ്. കിഴങ്ങ്, സവാള, തക്കാളി, പച്ചമുളക്, കുമ്പളങ്ങ, കപ്പ, ചക്ക ഒരു കുടുംബത്തിന് ആവശ്യമുള്ള പച്ചക്കറികള്‍ ഇവിടെയുണ്ട്. ആര്‍ക്കും വാങ്ങാം. ജാതിയോ മതമോ ഒന്നും ഘടകമല്ല. എടുത്തു നല്‍കാന്‍ ആളുകളുണ്ട്. എന്നാല്‍, പണം വാങ്ങാനോ ചോദിക്കാനോ ആരുമില്ല. ആരും പണം നല്‍കേണ്ടതുമില്ല. കുടുംബത്തിന് ഒരു ദിവസത്തേക്ക് ഉള്ളത് എന്നതാണ് ഇവിടുത്തെ സങ്കല്പം. എല്ലാ ദിവസവും വരാം. ആവശ്യമുള്ള ആര്‍ക്കും സ്വാഗതം എന്നതാണ് ജോസഫിന്റെ കടയുടെ പ്രത്യേകത.
ലോക്ഡൗണ്‍ കാലത്ത് ഞെരുക്കത്തിലായവര്‍ക്ക് ഒരു കൈ സഹായം എന്ന കോട്ടപ്പുറം സെന്റ് മൈ ക്കിള്‍സ് കത്തീഡ്രല്‍ വികാരി ഫാ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മനസില്‍ ഉരുത്തിരിഞ്ഞ ആശയത്തില്‍നിന്നാണ് ജോസഫിന്റെ കടയുടെ പിറവി. ദിവസവും ശരാശരി 1,000 പേര്‍ ഇവിടെ വരുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ വരുന്നവരുടെ പേരുകള്‍ എഴുതി വയ്ക്കുന്നതിനാല്‍ എണ്ണം കൃത്യമായി അറിയാന്‍ കഴിയും. ദൈവാലയത്തോടനുബന്ധിച്ചുള്ള മദര്‍ തെരേസ ഹാളിലാണ് ജോസഫിന്റെ കട പ്രവര്‍ത്തിക്കുന്നത്. ആദ്യ ദിവസം 30,000 രൂപ പള്ളിയില്‍നിന്ന് എടുത്താണ് കട തുടങ്ങിയത്. അറിഞ്ഞും കേട്ടുമൊക്കെ അഞ്ഞൂറും ആയിരവുമൊക്കെയായി പലരും നല്‍കുന്നതുകൊണ്ടാണ് ഇപ്പോള്‍ ദിവസവും മുമ്പോട്ടുപോകുന്നത്. സംഭാവനകള്‍ സാധനങ്ങളുടെ രൂപത്തില്‍ നല്‍കുന്നവരും കുറവല്ല. ചാലക്കുടിക്കടുത്ത് വെറ്റിലപ്പാറയില്‍നിന്ന് ചക്കയും മറ്റു സാധനങ്ങളുമായി എത്തുന്നവര്‍ പറയുന്നത്, ”കടലിന്റെ മക്കള്‍ക്ക് കാടിന്റെ മക്കളുടെ സഹായം എന്നാണ്.”
ക്ഷാമകാലത്ത് ഇസ്രായേല്‍ക്കാരെ തീറ്റിപ്പോറ്റിയ പൂര്‍വ പിതാവായ ജോസഫിനെക്കുറിച്ചുള്ള സ്മരണയും കത്തോലിക്ക സഭ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുന്നതിനാലുമാണ് ജോസഫിന്റെ കട എന്നു പേരു നല്‍കിയതെന്ന് ഫാ. അംബ്രോസ് പുത്തന്‍വീട്ടിലില്‍ പറയുന്നു. അതിലുപരി അധ്വാനിക്കുന്നവര്‍ക്കെല്ലാം യൗസേപ്പിതാവിന്റെ മുഖഛായ ആണെന്ന് ഈ വൈദികന് നിശ്ചയമുണ്ട്. പണവും സാധനങ്ങളുമായി സഹായിക്കുന്നവര്‍ക്ക് മാത്രമല്ല, വാങ്ങാന്‍ വരുന്നവരുടെ മുഖങ്ങള്‍ക്കും അതേ ഛായയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനസുകളില്‍. ലോക്ഡൗ ണ്‍ പിന്‍വലിച്ചാലും ആഴ്ചയില്‍ ഒന്നോ മാസത്തില്‍ ഒന്നോ എന്നവിധത്തില്‍ ജോസഫിന്റെ കട മു മ്പോട്ടു കൊണ്ടുപോകാനുള്ള ആലോചനയിലാണ് ഫാ. അംബ്രോസ് പുത്തന്‍വീട്ടില്‍.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?