Follow Us On

28

March

2024

Thursday

മകൻ വൈദികൻ, പിതാവ് ഡീക്കൻ; ഇത് അസാധാരണ ദൈവവിളിക്ക് കാതോർത്ത ‘തിരുക്കുടുംബം’

മകൻ വൈദികൻ, പിതാവ് ഡീക്കൻ; ഇത് അസാധാരണ ദൈവവിളിക്ക് കാതോർത്ത ‘തിരുക്കുടുംബം’

നോർത്ത് ഡക്കോട്ട: മകനെ പൗരോഹിത്യത്തിലേക്ക് വിളിച്ച ദൈവം, അപ്പനെ വിളിച്ചത് ഡീക്കനാകാൻ. ആ ദൈവഹിതത്തോട് ഇരുവരും ചേർന്നുനിന്നപ്പോൾ, അമേരിക്കൻ സംസ്ഥാനമായ നോർത്ത് ഡക്കോട്ടയിലെ സെയിറ്റ്‌സ് ഫാമിലി സംതിംഗ് സ്‌പെഷൽ ഫാമിലിയായി. മകന്റെയും ഭർത്താവിന്റെയും ദൈവവിളി പ്രോത്‌സാഹിപ്പിക്കാൻ ആ കുടുംബിനി വഹിച്ച പങ്കുകൂടി പരിഗണിക്കുമ്പോൾ ആ കുടുംബത്തെ ‘നോർത്ത് ഡക്കോട്ടയിലെ തിരുക്കുടുംബം’ എന്ന് വിശേഷിപ്പിക്കാം. മകന്റെ പേര് ഫാ. എറിക് സെയിറ്റ്‌സ്, അപ്പന്റെ പേര് ഡീക്കൻ ബെൻ സെയിറ്റ്‌സ്- ഫർഗോ രൂപതാംഗങ്ങൾ.

ഫാ. എറിക്കിന്റെ തിരുപ്പട്ട സ്വീകരണം 2020 ആഗസ്റ്റ് എട്ടിനായിരുന്നു, രണ്ട് മാസങ്ങൾക്കുശേഷം ഒക്‌ടോബറിലായിരുന്നു ബെന്നിന്റെ പെർമനന്റ് ഡീക്കൻ പട്ട സ്വീകരണം. വാഹ്‌പെറ്റോൺ സെന്റ് ജോൺ ദ ഇവാഞ്ചലിസ്റ്റ് ദൈവാലയത്തിലെ സഹവികാരിയായ ഫാ. എറിക് കഴിഞ്ഞ ദിവസം ‘കാത്തലിക് ന്യൂസ് ഏജൻസി’ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ്, ശ്രദ്ധേയമായ ഈ ദൈവവിളികളെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ഫാർഗോയിലെ സെന്റ് അന്ന ആൻഡ് ജോവാക്കിം ദൈവാലയത്തിലാണ് ഡീക്കൻ ബെന്നിന്റെ ശുശ്രൂഷ.

പെർമനന്റ് ഡീക്കൻ എന്നത്, വൈദികക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷകൾ ലഭ്യമാക്കാൻ വിവാഹിതരായവർക്ക് പ്രത്യേകം പരിശീലനം നൽകിയശേഷം നൽകുന്ന ശുശ്രൂഷാ പദവിയാണ്. ദിവ്യബലി അർപ്പണം, കുമ്പസാരം എന്നിവ ഒഴികെയുള്ള ശുശ്രൂഷകൾക്കേ പെർമനന്റ് ഡീക്കന്മാർക്ക് അനുവാദമുള്ളൂ.

പൗരോഹിത്യ വിളിയെ കുറിച്ച് എറിക് ചിന്തിച്ചത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണെങ്കിൽ, ഡീക്കൻ ആകണം എന്ന പിതാവിന്റെ ആഗ്രഹം എറിക് ആദ്യമായി കേട്ടത് നാലാം ക്ലാസിലായിരിക്കുമ്പോഴാണ്. അക്കാലത്ത് മിലിട്ടറിയിൽ സേവനം ചെയ്തിരുന്ന ബെൻ, നാളുകളുടെ കാത്തിരിപ്പിനുശേഷമാണ് തന്റെ ആഗ്രഹം യാഥാർത്ഥ്യമാക്കിയത്. ‘വിശ്വാസം എന്നിൽ നട്ടുനനച്ച് വളർത്തിയത് എന്റെ പിതാവാണ്. ഈ ആധുനിക കാലത്ത് വിശ്വാസജീവിതം അനേകർ തള്ളിക്കളയുമ്പോൾ അത് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് എന്നെ ബോധ്യപ്പെടുത്തിയത് എന്റെ പിതാവാണ്,’ ഫാ. എറിക് പറയുന്നു.

വിശ്വാസ രൂപീകരണത്തിന്റെ പ്രാധാന്യം മനസിലാക്കിയ ബെൻ തന്റെ മകനെ കത്തോലിക്കാ സ്‌കൂളിലാണ് വിദ്യാഭ്യാസത്തിന് അയച്ചത്. ഏഴാം ക്ലാസിൽ ദൈവവിളി തിരിച്ചറിഞ്ഞ എറിക് ഹൈസ്‌കൂൾ പഠനത്തിനു ശേഷം സെമിനാരിയിൽ പ്രവേശിച്ചു. ഇടക്കാലത്തുവെച്ച് പൗരോഹിത്യ വിളിയിൽ സംശയം ജനിച്ചെങ്കിലും, പ്രാർത്ഥനകളിലൂടെ ദൈവം അത് വീണ്ടും സ്ഥിരീകരിച്ചു കൊടുത്തു. ആ യാത്ര 2020 ആഗസ്റ്റിൽ ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ എത്തിച്ചേരുകയായിരുന്നു.

എന്നാൽ, ഇതിന് വർഷങ്ങൾക്കുമുമ്പേ ബെൻ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ് പരിശീലനം ആരംഭിച്ചിരുന്നു എന്നതാണ് വാസ്തവം. മിലിട്ടറിയിൽനിന്ന് വിരമിച്ചശേഷം ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ബെൻ, അഞ്ച് വർഷത്തെ പരിശീലനത്തിനും ഒരുക്കത്തിനും ശേഷമാണ് ഡീക്കൻ പട്ടം സ്വീകരിച്ചത്. തങ്ങളുടെ ദൈവവിളിയിൽ അങ്ങേയറ്റം സംതൃപ്തരായ ഇവർ നൽകുന്ന സന്ദേശവും പ്രസക്തം: ‘ദൈവത്തിനുവേണ്ടി ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ വിളി മനസിലാക്കി അത് സ്വീകരിക്കണം. കാരണം, അത് ദൈവത്തിന്റെ ക്ഷണമാണ്.’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?