Follow Us On

19

April

2024

Friday

യുവാവിന്റെ വാക്കുകൾ ദൈവീക ക്ഷണമായി, മഹാമാരിയിൽ ജനങ്ങൾക്ക് കരുത്തേകി വൈദികന്റെ ‘ആശീർവാദയാത്ര’

യുവാവിന്റെ വാക്കുകൾ ദൈവീക ക്ഷണമായി, മഹാമാരിയിൽ ജനങ്ങൾക്ക് കരുത്തേകി വൈദികന്റെ ‘ആശീർവാദയാത്ര’

ജാക്കുയി: ‘അച്ചാ, എനിക്ക് ആശീർവാദം നൽകാമോ!’ വഴിവക്കിൽ ബൈക്ക് നിറുത്തി ഓടിയെത്തിയ ഒരു യുവാവിന്റെ വാക്കുകൾ ഫാ. ബ്രൂസ് എന്ന യുവവൈദികൻ ശ്രവിച്ചത് കാതുകൊണ്ടല്ല, മറിച്ച് ഹൃദയം കൊണ്ടാണ്. മഹാമാരിമൂലം ദൈവാലയത്തിലെത്താൻ കഴിയാത്തവരുടെ ആത്മനൊമ്പരം തിരിച്ചറിഞ്ഞതിലൂടെ ഒരു പുതിയ അജപാലന പദ്ധതി ഇതൾവിരിഞ്ഞു അദ്ദേഹത്തിന്റെ മനസിൽ- വിശ്വാസികൾക്ക് ദൈവാലയത്തിൽ എത്താൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ അവരെത്തേടി അജപാലകൻ അവർക്കരികിലെത്തണം!

അതിനായി ഓരോ ദിവസവും നടത്തം തുടരുകയാണ് ഫാ. ബ്രൂസ് എഡർ ഡു നാസിമെന്റോ എന്ന ബ്രസീലിയൻ ഇടവക വികാരി. ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ജാക്കുയി മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഇടവക വികാരിയായ അദ്ദേഹം, പട്ടണത്തിലെ ഓരോ വഴികളിലൂടെയും ഓരോ ദിവസവും മാറിമാറി നടക്കാനിറങ്ങും. എന്തിനാണെന്നോ, തന്റെ അജഗണത്തെ സുരക്ഷിതമായ അകലംപാലിച്ചുകൊണ്ടുതന്നെ നേരിൽ കാണാൻ, അവരുമായി മുഖാമുഖംനിന്ന് പ്രാർത്ഥിക്കാൻ, അവരെ ആശീർവദിക്കാൻ.

‘കുറച്ചുദിവസംമുമ്പ് താമസ സ്ഥലത്തുനിന്ന് ദൈവാലയത്തിലേക്ക് നടക്കുമ്പോഴാണ് ഒരു യുവാവ് ബൈക്ക് നിറുത്തി എന്റെ അടുക്കലെത്തി ആശീർവാദം നൽകാൻ ആവശ്യപ്പെട്ടത്. പ്രാർത്ഥിക്കുകയും ആശീർവാദം നൽകുകയും ചെയ്തുകഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നെ വളരെയേറെ ചിന്തിപ്പിച്ചു- അച്ചനെ വഴിയിൽവെച്ച് എന്നും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ!’

ഈ വാക്കുകൾ ദൈവത്തിന്റെ ക്ഷണമാണെന്ന ചിന്തയാണ് ഇപ്രകാരമൊരു യാത്ര ആരംഭിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. നടക്കാനിറങ്ങുന്ന വഴികളെ കുറിച്ച് തലേന്നുതന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുന്നതിനാൽ, തങ്ങളുടെ അജപാലകനിൽനിന്ന് ആശീർവാദം സ്വീകരിക്കാൻ വിശ്വാസീസമൂഹം നിരത്തുവക്കിലും വീടിന്റെ പടിവാതിലിലും പ്രാർത്ഥനാപൂർവം കാത്തിരിക്കുന്നതും പതിവായിക്കഴിഞ്ഞു.

‘ഇത് ദൈവഹിതപ്രകാരമുള്ള അജപാലന ദൗത്യമാണ്. പ്രിയപ്പെട്ടവരുടെ മരണംമൂലം വേദനിക്കുന്നരെ ആശ്വസിപ്പിക്കാനും അവർക്കായി പ്രാർത്ഥിക്കാനും കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നു. കോവിഡ് ബാധിതർ, ഭീതിയിലും ആശങ്കയിലും കഴിയുന്ന കുടുംബങ്ങൾ, കുട്ടികൾ തുടങ്ങിയവർക്ക് പ്രാർത്ഥനയും ആശീർവാദവും പകരുന്ന ആത്മീയബലം വളരെ വലുതാണ്,’ അദ്ദേഹം പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?