Follow Us On

29

March

2024

Friday

ഫാ. സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റാക്കാനുള്ള ശ്രമങ്ങളുമായി അന്വേഷണ ഏജന്‍സി; ചികിത്സ തുടരാന്‍ അനുവദിച്ച് കോടതി

ഫാ. സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റാക്കാനുള്ള ശ്രമങ്ങളുമായി അന്വേഷണ ഏജന്‍സി; ചികിത്സ തുടരാന്‍ അനുവദിച്ച് കോടതി

മുംബൈ: ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി മാവോസ്റ്റാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള കരുനീക്കങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). കഴിഞ്ഞ ഒക്‌ടോബര്‍ 20-നാണ് ഭീമ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റു ചെയ്തത്. ജൂണ്‍ 17-ന് കേസ് പരിഗണിച്ചപ്പോഴായിരുന്നു എങ്ങനെയും ഫാ. സ്റ്റാന്‍സ്വാമിയെ മാവോയിസ്റ്റാക്കി മാറ്റണമെന്നുള്ള നിര്‍ബന്ധബുദ്ധിയോടെ എന്‍ഐഎ വാദങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍, ഇപ്പോള്‍ ചികിത്സ നടത്തുന്ന നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ ജൂലൈ അഞ്ചുവരെ ചികിത്സ തുടരാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി.

എന്‍ഐഎ സ്‌പെഷ്യല്‍ കോടതി ജാമ്യം നിഷേധിച്ചതിനെതിരെ ആരോഗ്യപരമായ കാരണങ്ങളും കേസിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഫാ. സ്റ്റാന്‍ സ്വാമി മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. ജൂണ്‍ 18വരെ ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സ നടത്താന്‍ ഹൈക്കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു. പാര്‍ക്കിസണ്‍സ് രോഗം മൂര്‍ച്ഛിച്ചതുകൊണ്ടും മറ്റുപല രോഗങ്ങള്‍ അലട്ടുന്നതിനാലും അത്യാഹിത വിഭാഗത്തില്‍ ചികിത്സ അനിവാര്യമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും അദ്ദേഹം ഇന്നലെ കോടതിയില്‍ ഹാജരാക്കി. എന്നാല്‍, 84 കാരനായ ഫാ. സ്റ്റാന്‍സ്വാമിയുടെ രോഗാവസ്ഥയെ എതിര്‍ത്തും മെഡിക്കല്‍ രേഖകളില്‍ സംശയം ഉണ്ടെന്നുമായിരുന്നു എന്‍ഐഎയുടെ മറുപടി.

ഫാ. സ്റ്റാന്‍ സ്വാമി മാവോയിസ്റ്റ് സംഘടനയിലെ സജീവ അംഗമാണെന്നും അദ്ദേഹവും കൂട്ടുപ്രതികളും ചേര്‍ന്ന് ആദിവാസികളുടെ ഇടയില്‍ മാവോയിസ്റ്റ് ആശയങ്ങള്‍  പ്രചരിപ്പിച്ചെന്നും ഗവണ്‍മെന്റിനെതിരെ ഗൂഢാലോചന നടത്തിയെന്നുമുള്ള പച്ചകള്ളവും അന്വേഷണ ഏജന്‍സി കോടതിയില്‍ പറഞ്ഞു.  അറസ്റ്റിന് മുമ്പ് ഫാ. സ്റ്റാന്‍ സ്വാമി കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്ന നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ മുറിയില്‍നിന്നും മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ പിടിച്ചെടുത്തെന്നുമൊക്കെയുള്ള പതിവു വാദങ്ങളും അവര്‍ ഉയര്‍ത്തി.

മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന് കോടതി അനുവാദം നല്‍കി. കേസ് ജൂലൈ മൂന്നിന് കോടതി പരിഗണിക്കും. ഗവണ്‍മെന്റിനെ എതിര്‍ക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും ജയിലില്‍ അടച്ച് നിശബ്ദരാക്കാനും എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് അന്വേഷണ ഏജന്‍സിയുടെ നടപടികളെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?