Follow Us On

31

July

2021

Saturday

സവിശേഷം ഈ പേപ്പൽ കരുതൽ; ജയിലിലെ തടവുകാരെ സാന്താ മാർത്തയിൽ സ്വീകരിച്ച് പാപ്പ

സവിശേഷം ഈ പേപ്പൽ കരുതൽ; ജയിലിലെ തടവുകാരെ സാന്താ മാർത്തയിൽ സ്വീകരിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: തന്റെ വസതിയായ സാന്താ മാർത്തയിൽ സന്ദർശനാനുമതി നൽകി തടവുപുള്ളികളോടുള്ള കരുതൽ വീണ്ടും പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. റോമാ നഗരത്തിന്റെ കിഴക്കൻ മേഖലയിലെ റെബിബിയ ജയിലിലെ 20 തടവുകാരെയാണ് സാന്താ മാർത്തയിൽ പാപ്പ സ്വീകരിച്ചത്. ജയിൽ ഡയറക്ടർ, ചാപ്ലെയിൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമാണ് പാപ്പയെ കാണാൻ അവർ എത്തിയത്.

അവരുമായി പാപ്പ സംസാരിച്ച ശേഷം, ജയിലിലെ പ്രവർത്തനങ്ങളെ കുറിച്ച് അധികാരികൾ പങ്കുവെച്ചു. തടവുകാർ ഉത്പാദിപ്പിക്കുന്ന ബ്രഡ്ഡുകൾ വിൽക്കാനുള്ള കേന്ദ്രം ഉടൻ ആരംഭിക്കുന്ന വിവരം അറിയിച്ചതിനൊപ്പം, അവരുടെ പ്രവർത്തനങ്ങൾ കാണാൻ പാപ്പയെ ക്ഷണിക്കുകയും ചെയ്തു.

പാപ്പയുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന്, കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം ഈയിടെ തുറന്ന വത്തിക്കാൻ മ്യൂസിയം സന്ദർശിക്കാനായി അവരെ കൊണ്ടുപോയി. ഏതാണ്ട് 70 തടവുകാരാണ് ഇപ്പോൾ റെബിബിയ ജയിലിലുള്ളത്‌. ഡി അഡിക്ഷൻ സെന്ററും ചികിത്‌സാകേന്ദ്രവും ജയിലിന്റെ ഭാഗമാണ്.

മഹാമാരിയെ തുടർന്ന് കഴിഞ്ഞവർഷം സന്ദർശകർക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് റെബിബിയ ജയിലിലെ തടവുകാർ കലാപം നടത്തിയത് വലിയ വാർത്തയായിരുന്നു. മൂന്ന് ദിവസത്തെ കലാപത്തിൽ 12 തടവുകാർക്ക് ജീവൻ നഷ്ടപ്പെട്ടു. മഹാമാരിമൂലമുണ്ടായ ഭീതിയും ആശങ്കകളും സാഹചര്യം കൂടുതൽ സംഘർഷഭരിതമാക്കിയെന്നും ജയിൽ ചാപ്ലൈൻ പറഞ്ഞു.

തടവുകാർ തീകൊളുത്തുകയും ജയിൽ ക്ലിനിക്കുകൾ തകർക്കുകയും ചെയ്ത സമാനമായ കലാപം മറ്റിടങ്ങളിലും സംഭവിച്ചു. കലാപത്തെ തുടർന്ന്, തടവുകാർക്കുവേണ്ടി പ്രാർത്ഥിക്കാൻ 2020 മാർച്ച് 21ന് ഫ്രാൻസിസ് പാപ്പ ടെലിവിഷനിലൂടെ പ്രത്യേക ദിവ്യബലി അർപ്പണവും ക്രമീകരിച്ചിരുന്നു. 2015ൽ പെസഹാ ശുശ്രൂഷകളുടെ ഭാഗമായ പാദക്ഷാളന കർമത്തിന് പാപ്പ തിരഞ്ഞെടുത്തത് റെബിബിയ ജയിലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?