Follow Us On

31

July

2021

Saturday

ദൈവവചനം ലോകത്തെ അറിയിക്കുന്നതിൽ റിട്ടയർമെന്റ് എന്നൊന്നില്ല: ഫ്രാൻസിസ് പാപ്പ

ദൈവവചനം ലോകത്തെ അറിയിക്കുന്നതിൽ റിട്ടയർമെന്റ് എന്നൊന്നില്ല: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ദൈവവചനം ലോകത്തെ അറിയിക്കുന്നതിൽ റിട്ടയർമെന്റ് എന്നൊന്നില്ല എന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. പ്രായം എത്രയേറിയാലും ജോലി ചെയ്യുന്നുണ്ടെങ്കിലും ഇല്ലെങ്കിലും കുടുംബത്തോടൊപ്പമാണെങ്കിലും ഒറ്റയ്ക്കാണെങ്കിലും ഈ ദൗത്യം തുടരുകതന്നെ വേണമെന്നും, ലോക വയോജന ദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിൽ പാപ്പ ആഹ്വാനം ചെയ്തു. ജൂലൈയിലെ നാലാം ഞായറായ 25നാണ് ആഗോളസഭ ലോക വയോജന ദിനം ആചരിക്കുന്നത്.

ഒരു ദീർഘനിശ്വാസം എന്നപോലെ നിങ്ങളുടെ പ്രാർത്ഥനയും സഭയ്ക്ക് വളരെയധികം ആവശ്യമാണ്. ദൈവം നമ്മെ പുതിയ കാര്യങ്ങളിലേക്ക് ഓരോ നിമിഷവും ക്ഷണിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ വിശ്വാസപാരമ്പര്യം സംരക്ഷിക്കുന്നതിനും പുതുതലമുറയിലേക്ക് വിശ്വാസം പകരുന്നതിനും കുഞ്ഞുമക്കളെ സംരക്ഷിക്കേണ്ടതിനുമുള്ള വലിയ ദൈവവിളിയാണ് വാർദ്ധക്യത്തിലുള്ളത്.

സാഹോദര്യത്തിലും സാമൂഹ്യസൗഹൃദത്തിലും നാളത്തെ ലോകം കെട്ടിപ്പടുക്കാൻ വയോധികരെ ആവശ്യമുണ്ട്. ആ പുതുസൃഷ്ടിയെ താങ്ങിനിർത്തുന്ന സ്വപ്‌നങ്ങൾ, ഓർമകൾ, പ്രാർത്ഥന എന്നീ മൂന്ന് തൂണുകൾ നിർമിക്കാൻ മറ്റാരെയുംകാൾ അവർക്കേ സാധിക്കൂ. നീതിയെക്കുറിച്ചും സമാധാനത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചുമുള്ള നമ്മുടെ സ്വപ്‌നങ്ങൾ പുതുതലമുറയ്ക്ക് പുതിയ ദർശനങ്ങളേകും.

അങ്ങനെ നമുക്ക് ഒരുമിച്ച് ഒരു ഭാവി പണിതുയർത്താനാവുമെന്ന് വ്യക്തമാക്കിയ പാപ്പ, ദുരനുഭവങ്ങളിൽനിന്ന് പുതിയ വ്യക്തികളായി പുറത്തുവരാൻ കഴിയുമെന്ന് പുതുതലമുറയ്ക്ക് കാണിച്ചുകൊടുക്കാൻ വയോധികർക്കാകുമെന്നും കൂട്ടിച്ചേർത്തു. ‘ഞാൻ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും’ (മത്തായി 28:20) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം.

2020ലാണ് വയോധികർക്കായുള്ള ലോക ദിനാചരണം സഭയിൽ പാപ്പ പ്രഖ്യാപിച്ചത്.  യേശുവിന്റെ മുത്തശ്ശി മുത്തശ്ശന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ യോവാക്കിം അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ചയാണ് ദിനാചരണത്തിനായി പാപ്പ തിരഞ്ഞെടുത്തത്. ജൂലൈ 26നാണ് ആഗോളസഭയിൽ വിശുദ്ധ യോവാക്കിം അന്ന ദമ്പതികളുടെ തിരുനാൾ. അതുപ്രകാരം ഈ വർഷത്തെ വയോധിക ദിനാചരണം ജൂലൈ 25ന് ക്രമീകരിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?