Follow Us On

31

July

2021

Saturday

മാലിയിൽ വൈദികനും ഗ്രാമമുഖ്യനും ഉൾപ്പെടെ അഞ്ചു പേർ ആയുധധാരികളുടെ പിടിയിൽ

മാലിയിൽ വൈദികനും ഗ്രാമമുഖ്യനും ഉൾപ്പെടെ അഞ്ചു പേർ ആയുധധാരികളുടെ പിടിയിൽ

സെഗ്യു: ആഫ്രിക്കൻ രാജ്യമായ മാലിയിൽ ആയുധധാരികളുടെ സംഘം തട്ടിക്കൊണ്ടുപോയ വൈദികനും ഗ്രാമമുഖ്യനും ഉൾപ്പെടെയുള്ള അഞ്ചുപേരുടെയും മോചനത്തിനായി പ്രാർത്ഥിച്ച് വിശ്വാസീസമൂഹം. മോപ്ടി രൂപതയിലെ സെഗ്യു ഇടവക വികാരിയായ ഫാ. ലിയോൺ ഡൌയോനാണ് ബന്ധിയാക്കപ്പെട്ടവരിലെ വൈദികൻ.

മറ്റൊരു വൈദികന്റെ മൃതസംസ്‌കാര കർമങ്ങൾക്കായി സെഗ്യുവിൽനിന്ന് സാൻ നഗരത്തിലേക്കുള്ള യാത്രാമധ്യേ ഇവരെ കാണാതാവുകയായിരുന്നു. അജ്ഞാതരായ ആയുധധാരികളുടെ സംഘം തട്ടിക്കൊണ്ടുപോയതാണെന്ന സ്ഥിരീകരിക്കാവുന്ന വിവരം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് രൂപതാംഗമായ ഫാ. അലെക്‌സിസ് ടെമ്പേലെ വെളിപ്പെടുത്തി.

സെഗ്യു ഗ്രാമമുഖ്യൻ തിമോത്തെ സോമ്പോരോ, ഡെപ്യൂട്ടി മേയർ പാസ്‌കൽ സോമ്പോരോ, ഇമ്മാനുവൽ സോമ്പോരോ, ബൌട്ടി തോളോഫൌദി എന്നിവരാണ് ബന്ധികളാക്കപ്പെട്ടവരിലെ മറ്റ് നാലുപേർ. 2012ൽ സൈന്യവും വിമതരും തമ്മിൽ ആരംഭിച്ച ആഭ്യന്തര കലാപത്തെ തുടർന്ന് മാലിയിൽ അക്രമവും തട്ടിക്കൊണ്ടുപോകലും പതിവാകുകയാണ്.

അൽക്വയ്ദ, ഐസിസ് എന്നീ ഇസ്ലാമിക തീവ്രവാദ സംഘടനകളെ അനുകൂലിക്കുന്ന സംഘടനകളും മാലിയിൽ ശക്തമാണ്. മോചനദ്രവ്യത്തിലൂടെയുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് വൈദികർ ഉൾപ്പെടെയുള്ളവരെ തീവ്രവാദികളും വിമതരും തട്ടിക്കൊണ്ടുപോകുന്നത്. ഇസ്ലാം ഭൂരിപക്ഷ രാജ്യമായ മാലിയിൽ ജനസംഖ്യയുടെ രണ്ടു ശതമാനംമാത്രമാണ് ക്രൈസ്തവർ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?