Follow Us On

31

July

2021

Saturday

ഹാർട്ട്‌ഫോർഡിലെ വിശ്വാസീസമൂഹത്തിന് സ്വപ്‌നസാഫല്യം; സ്വന്തം ദൈവാലയം യാഥാർത്ഥ്യമായി, ഇടവക പ്രഖ്യാപനം ജൂലൈ 10ന്

മാർട്ടിൻ വിലങ്ങോലിൽ

ഹാർട്ട്‌ഫോർഡിലെ വിശ്വാസീസമൂഹത്തിന് സ്വപ്‌നസാഫല്യം; സ്വന്തം ദൈവാലയം യാഥാർത്ഥ്യമായി, ഇടവക പ്രഖ്യാപനം ജൂലൈ 10ന്

കണക്ടിക്കട്ട്: രണ്ട് പതിറ്റാണ്ട് പിന്നിട്ട പ്രാർത്ഥനാ നിർഭരമായ കാത്തിരിപ്പുകൾ സഫലമാക്കി ഹാർട്ട്‌ഫോർഡിലെ സീറോ മലബാർ സമൂഹം സ്വന്തം ദൈവാലയത്തിലേക്ക്. വിരലിലെണ്ണാവുന്നവരുടെ കൂട്ടായ്മയായി ആരംഭിച്ച്, നൂറിൽപ്പരം കുടുംബങ്ങളുള്ള സെന്റ് തോമസ് മിഷനായി വളർന്ന സമൂഹത്തിന്റെ പ്രയാണത്തിൽ നിർണായക ചുവടുവെപ്പാകും സ്വന്തം ദൈവാലയവും ഇടവക പ്രഖ്യാപനവും. ചിക്കാഗോ സീറോ മലബാർ രൂപതയിലെ 49-ാമത്തെ ഇടവകയാകാൻ ഒരുങ്ങുകയാണ് ഈ ദൈവാലയം.

ഹാർട്ട്‌ഫോർഡ് അതിരൂപതയിലെ വെസ്റ്റ് ഹാർട്ട്‌ഫോർഡ് സെന്റ് ഹെലേന ദൈവാലയം 2020 ഡിസംബർ 22ന് സെന്റ് തോമസ് സീറോ മലബാർ മിഷൻ വാങ്ങുകയായിരുന്നു. 450 പേർക്ക് ഇരിക്കാവുന്ന ദൈവാലയത്തോട് ചേർന്ന് 200 പേർക്ക് ഇരിക്കാവുന്ന പാരീഷ് ഹാൾ, നാല് സൺഡേ സ്‌കൂൾ ക്ലാസ് മുറികൾ, വൈദിക മന്ദിരം, വിശാലമായ പാർക്കിംഗ് ഏരിയ എന്നിവയുമുണ്ട്.

2021 ജൂലൈ 10 രാവിലെ 11.00ന് ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിമധ്യേയാകും ഇടവക പ്രഖ്യാപനം. സഹായമെത്രാൻ മാർ ജോയ്‌ ആലപ്പാട്ട്, ഹാർട്ട്‌ഫോർഡ് അതിരൂപത സഹായമെത്രാൻ ജുവാൻ മിഗേൽ ബെറ്റൻകോർട്ട് എന്നിവരും നിരവധി വൈദികരും സഹകാർമികരാകും.

പാരിഷ് കൗൺസിൽ അംഗങ്ങൾ വികാരിയോടൊപ്പം.

ഹാർട്ട്‌ഫോർഡ് സെന്റ് തോമസ് മിഷണിലെ കുടുംബങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഏറെ ശ്രമകരമായ ഈ ദൗത്യം യാഥാർത്ഥ്യമാക്കിയത്. ഹാർട്ട്‌ഫോർഡിലെ സീറോ മലബാർ കുടുംബങ്ങളെ കൂട്ടിച്ചേർത്ത് 2000ലാണ് സെന്റ് തോമസ് മിഷന് രൂപംകൊടുത്തത്. ഫാ. തോമസ് പുതിയിടമായിരുന്നു പ്രഥമ ഡയറക്ടർ. തുടർന്ന് ഫാ. ജോസഫ് നടുവിലേക്കുറ്റ്, ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ എന്നിവരും മിഷന്റെ ചുമതല നിർവഹിച്ചു.

ഫാ. ജോസഫ് പുള്ളിക്കാട്ടിൽ 2014 ഡിസംബറിൽ നിയമിക്കപ്പെട്ടതോടെയാണ് സ്വന്തം ദൈവാലയം എന്ന സ്വപ്‌നത്തിലേക്കുള്ള പ്രയാണം വേഗത്തിലായത്. ട്രസ്റ്റിമാരായ ആൽവിൻ മാത്യു, ബിനോയ് സക്‌റിയ, പർച്ചേസിംഗ് കമ്മിറ്റി കോർഡിനേറ്റർ അരുൺ ജോസ് എന്നിവരുടെയും പാരിഷ് കൗൺസിൽ അംഗങ്ങളും നേതൃത്വത്തിൽ ഇടവകകൂട്ടായ്മ നടത്തിയ ശ്രമങ്ങളാണ് ആറു വർഷത്തിനിപ്പുറം ദൈവാലയം സ്വന്തമാക്കാൻ കരുത്തായത്.

ജൂലൈ 10ന് നടക്കുന്ന തിരുക്കർമങ്ങൾ അവിസ്മരണീയമാക്കാനുള്ള ശ്രമത്തിലാണ് ഇടവക സമൂഹം. ദൈവാലയം സ്വന്തമാക്കാൻ സഹകരിച്ച മുൻ ഡയറക്ടർമാരെയും കൈക്കാരന്മാരെയും വിശ്വാസികളെയും അമേരിക്കയിലെ വിവിധ ഇടവകകളിലെ വിശ്വാസികളേയും നന്ദിയോടെ സ്മരിക്കുന്നുവെന്ന് വികാരി ഫാ. ജോസഫ് പുള്ളിക്കാട്ടിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?