Follow Us On

28

March

2024

Thursday

ദൈവാലയ രേഖകൾ ഭീകരർ നശിപ്പിക്കാതിരിക്കാൻ അൽമായ ശുശ്രൂഷകന്റെ സാഹസയാത്ര!

ദൈവാലയ രേഖകൾ ഭീകരർ നശിപ്പിക്കാതിരിക്കാൻ അൽമായ ശുശ്രൂഷകന്റെ സാഹസയാത്ര!

മാപ്യൂട്ടോ: ഇസ്ലാമിക തീവ്രവാദികൾ നഗരം കൈയ്യടക്കി തേർവാഴ്ച നടത്തുമ്പോൾ ഇടവകയുമായി ബന്ധപ്പെട്ട രേഖകൾ സുരക്ഷിതമാക്കാൻ അൽമായ ശുശ്രൂഷകൻ (കാറ്റക്കിസ്റ്റ്) നടത്തിയ സാഹസയാത്രയെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുന്നു. ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിലെ പാൽമ നഗരത്തിൽ മാസങ്ങൾക്കുമുമ്പു നടന്ന വാർത്ത ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പലർക്കും കടലാസുകൾ മാത്രമായി തോന്നാവുന്ന ആ രേഖകൾ നിധിപോലെ സംരക്ഷിച്ച ആ കാറ്റക്കിസ്റ്റിന്റെ പേര് പൗളോ അഗസ്റ്റിനോ മാറ്റിക.

മാർച്ച് 24ന് പാൽമ നഗരത്തിലേക്ക് ഇരച്ചുകയറിയ ഇസ്ലാമിക തീവ്രവാദികളിൽനിന്നാണ് പാൽമ സെന്റ് ബെനഡിക്ട് ദൈവാലയത്തിലെ ഇടവക രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകകൾ പൗളോ സുരക്ഷിതമാക്കിയത്. ആക്രമണം നടക്കുമ്പോൾ ദൈവാലയ സങ്കീർത്തിലായിരുന്നു പൗളോ. ഉച്ചകഴിഞ്ഞു 2.00 മണിയോടെ അൽ ശബാബ് ഭീകരർ ദൈവാലയത്തിനുനേരെ തിരിഞ്ഞു. എങ്ങും വെടിയൊച്ചയും സ്‌ഫോടനശബ്ദവും മാത്രം. ഇടവകയെ സംബന്ധിച്ച എല്ലാ രേഖകളും ദൈവാലയത്തിൽ ഉണ്ടായിരുന്നു. പക്ഷേ, ദൈവാലയത്തിന്റെ അടുത്തുള്ള മുറിയിൽനിന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്ന് പൗളോ പറയുന്നു.

‘ഏതു നിമിഷവും ജീവൻ നഷ്ടപ്പെടാം, അല്ലെങ്കിൽ പിടിക്കപ്പെടാം. എന്ത് ചെയ്യണമെന്ന് ചിന്തിക്കാൻ പോലും കഴിയാതിരുന്ന അവസ്ഥ. മൂന്നാമത്തെ ദിവസമാണ് ദൈവാലയത്തിൽ നിന്ന് പുറത്തുകടക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. രേഖകളുമായി പാൽമയിൽനിന്ന് അകലെയുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകാൻ രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു,’ പൗളോ പറയുന്നു. ഓശാന ഞായറാഴ്ചയുടെ തലേന്നായിരുന്നു അത്. യുദ്ധമേഖല പോലെയായിരുന്നു പ്രദേശം. അനേകരെ ശിരച്ഛേദം ചെയ്‌തെന്ന വിവരമാണ് പലസ്ഥലങ്ങളിൽനിന്നും പൗളോയ്ക്ക് അറിയാനായത്. നൂറുകണക്കിന് ആളുകൾ നഗരത്തിൽനിന്ന് പലായനം ചെയ്തു.

സെങ്ക എന്ന പ്രദേശത്ത് അൽമായ ശുശ്രൂഷകർ സ്ഥാപിച്ച ഒരു പ്രാർത്ഥനാകൂട്ടായ്മയിലാണ് പൗളോ എത്തിച്ചേർന്നത്. യുദ്ധ സമാനമായ ഈ സാഹചര്യത്തിൽ എന്തുചെയ്യണമെന്നോ എങ്ങോട്ട് ഓടിപ്പോകണമെന്നോ അറിയാതെ പ്രാർത്ഥനയിൽ മുഴുകിയ അവർക്കൊപ്പം പൗളോയും ചേർന്നു. ദൈവാലയ രേഖകൾ സൂക്ഷിക്കാനുള്ള സുരക്ഷിത ഇടമായിരുന്നു അപ്പോഴും ലക്ഷ്യം. ‘സമീപ ഗ്രാമമായ മഗ്വസയിലെത്തി ഞാൻ. എനിക്ക് അവിടെ കുറച്ച് ചില ബന്ധുക്കളുണ്ട്. ഏപ്രിൽ 11 വരെ അവിടെ താമസിച്ചു. പാൽമയിലെ ആക്രമണങ്ങൾ അവസാനിച്ചെന്ന് അറിഞ്ഞശേഷമാണ് ഞാൻ നാട്ടിലേക്ക് തിരിച്ചത്.’

വേദനാ ജനകമായ കാഴ്ചകളാണ് പൗളോയ്ക്ക് നാട്ടിൽ കാണാനായത്. ‘യുദ്ധം ഒരു നാടിനെ മുഴുവൻ തകർത്തു. ദൈവാലയം കൊള്ളയടിക്കപ്പെട്ടു, എല്ലായിടവും നശിപ്പിച്ചു. രൂപങ്ങളും ജനാലകളും വാതിലുകളും എല്ലാം അഗ്‌നിക്കിരയാക്കി.’ ദൈവാലയ രേഖകൾ സംരക്ഷിക്കാൻ കഴിഞ്ഞതു മാത്രമായിരുന്നു പൗളോയുടെ ആശ്വാസം. ജീവൻ പണയംവെച്ചും താൻ സുരക്ഷിതമാക്കിയ രേഖകൾ പെമ്പാ രൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്േ്രടറ്റർ ബിഷപ്പ് അന്റോണിയോ ജൂലിയാസിന് കഴിഞ്ഞ ദിവസമാണ് പൗളോ കൈമാറിയത്. സ്വന്തം ജീവൻ പണയപ്പെടുത്താൻ തയാറായ നിശ്ചയദാർഢ്യത്തെ പ്രശംസിച്ചുകൊണ്ടാണ് രേഖകൾ ബിഷപ്പ് ഏറ്റുവാങ്ങിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?