Follow Us On

26

September

2021

Sunday

ബോട്സ്വാനയിലെ ഇടയദൗത്യത്തിലേക്ക് ഭാരതസഭാ തനയൻ; ഫാ. ആന്റണി റിബല്ലോയുടെ മെത്രാഭിഷേകം ഉടൻ

ബോട്സ്വാനയിലെ ഇടയദൗത്യത്തിലേക്ക് ഭാരതസഭാ തനയൻ; ഫാ. ആന്റണി റിബല്ലോയുടെ മെത്രാഭിഷേകം ഉടൻ

ഹാബറോണി: തെക്കേ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ ഫ്രാൻസിസ് ടൗൺ രൂപതയുടെ ഇടയദൗത്യത്തിലേക്ക് ഭാരതസഭാ തനയൻ. ഗോവയിൽനിന്ന് ആഫ്രിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകനായി കെനിയയിൽ ജനിച്ച് ആറ് വയസുമുതൽ ഭാരതത്തിൽ വളർന്ന് ‘സൊസൈറ്റി ഓഫ് ദ ഡിവൈൻ വേഡ്’ സന്യാസസഭയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ച ഫാ. ആന്റണി പാസ്‌കൽ റിബല്ലോയാണ് ഫ്രാൻസിസ് ടൗൺ രൂപതയുടെ പുതിയ ബിഷപ്പ്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാൻ പുറപ്പെടുവിച്ചത്.

ബോട്സ്വാനയിലെ മോഗോഡിറ്റ്സാനെ ഹോളി ക്രോസ് ദൈവാലയ വികാരിയാണിപ്പോൾ. മെത്രാഭിഷേക തിയതി ഉടൻ പ്രഖ്യാപിക്കും. 1950 മാർച്ച് 18ന് കെനിയയിലെ നെയ്റോബിയിലാണ് ഫാ. ടോണി എന്ന പേരിൽ അറിയപ്പെടുന്ന ഫാ. ആന്റണി പാസ്‌കൽ റിബല്ലോയുടെ ജനനം. ആറു വയസു മുതൽ ഇന്ത്യയിലായിരുന്നു ഫാ. ആന്റണിയുടെ വിദ്യാഭ്യാസം. 1969ൽ ‘സൊസൈറ്റി ഓഫ് ദ ഡിവൈൻ വേഡി’ൽ ചേർന്ന അദ്ദേഹം 1977 മേയ് 10ന് ഗോവയിൽവെച്ച് തിരുപ്പട്ടം സ്വീകരിച്ചു.

1979 വരെ നാഗാലാൻഡിലെ ക്രൈസ്റ്റ് ദ കിംഗ് ദൈവാലയത്തിൽ സഹവികാരിയായിരുന്നു. തുടർന്ന് റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടി. 1981ൽ ബോട്സ്വാനിയൻ മിഷനിലേക്ക് നിയോഗിക്കപ്പെട്ടു. മൂന്ന് വർഷത്തിനുശേഷം 84 മുതൽ 87വരെ പ്രൊവിൻഷ്യൽ സുപ്പീരിയറായി കെനിയയിൽ പ്രവർത്തിച്ചു. 1987 മുതൽ 1990 വരെ ആന്റിഗ്വയിലായിരുന്നു. തുടർന്ന് 2000വരെ അങ്കോളയിൽ മിഷണറിയായി. തുടർന്ന് രണ്ട് വർഷം ഇന്ത്യയിൽ സേവനം ചെയ്ത അദ്ദേഹം 2003ൽ ബോട്സ്വാനിയൻ മിഷനിലേക്ക് വീണ്ടും നിയോഗിക്കപ്പെട്ടു.

ഹാബറോണി രൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്തിട്ടുള്ള അദ്ദേഹം ആതുര ശുശ്രൂഷാ, സാമൂഹിക മേഖലകളിലും സജീവസാന്നിധ്യമാണ്. നിസ്വാർഥമായ സേവനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് അദ്ദേഹത്തിന് ലഭിച്ച പുതിയ നിയോഗം. ഇംഗ്ലീഷ്, ഇറ്റാലിയൻ, പോർച്ചുഗീസ്, സെറ്റ്സ്വാന, സ്വാഹിലി, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലും ഫാ. ആന്റണിക്ക് വൈദഗ്ദ്ധ്യമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?