Follow Us On

20

May

2022

Friday

ബംഗളൂരു നഗരത്തിന്റെ വിശപ്പകറ്റുന്ന ആശ്വാസ്

ബംഗളൂരു നഗരത്തിന്റെ വിശപ്പകറ്റുന്ന ആശ്വാസ്

കഴിഞ്ഞ 11 വര്‍ഷമായി ഒരു ദിവസംപോലും മുടക്കമില്ലാതെ ബംഗളൂരു നഗരത്തില്‍ അഞ്ഞൂറോളം പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന ഒരു കാരുണ്യത്തിന്റെ ഭവനമുണ്ട്. അതിന്റെ ആരംഭത്തിന് കാരണമായത് ക്രിസ്മസ് ദിനത്തില്‍ കണ്ട ഒരു വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. ബംഗളൂരു നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ‘ആശ്വാസ്’ എന്ന കാരുണ്യത്തിന്റെ ഭവനം 11 വര്‍ഷങ്ങള്‍ക്കിടയില്‍ ഭക്ഷണവും സാമ്പത്തിക സഹായവുമായി താങ്ങായത് ആയിരങ്ങള്‍ക്കാണ്.   ബംഗളൂരു നഗരത്തിന് ആശ്വാസമേകികൊണ്ടിരിക്കുന്ന ‘ആശ്വാസ്’ 12-ാം വയസിലേക്ക് പ്രവേശിച്ചിരിക്കുന്നു.  പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ക്രിസ്മസ്  ദിനത്തില്‍  ക്രൈസ്റ്റ് സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകനും ധര്‍മ്മാരം സെമിനാരി പ്രഫസറുമായിരുന്ന ഫാ. ജോണ്‍  മാരിയൂസ് മാണിക്കനാംപറമ്പില്‍ കയ്യില്‍ ഒരു പാക്കറ്റ് മിഠായിയും ക്രിസ്മസ് സമ്മാനങ്ങളുമായി  പട്ടിണിപാവങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന എസ്ജി പാളയത്തെ കുടിലുകളിലെത്തി.

ക്രിസ്മസ് ദിനത്തിലെ സങ്കട കാഴ്ച
മിഠായിപൊതിയിലേക്ക് കൊതിയോടെ നോക്കിക്കൊണ്ട് കുട്ടികള്‍ ഓടിയെത്തി. മിഠായിയും സമ്മാനങ്ങളും നല്‍കി മടങ്ങാനൊരുങ്ങിയ അച്ചന്‍, ആ കുട്ടികളുടെ  മുഖത്ത് നിഴലിച്ചിരുന്ന വിഷാ ദത്തിന്റെ കാരണം തിരക്കി. ആ കുട്ടികള്‍ രാവിലെ മുതല്‍ പട്ടിണിയിലാണെന്ന കാര്യം അപ്പോഴാണ് അറിഞ്ഞത്. വലിയ  വിഷമത്തോടെയാണ് അച്ചന്‍ മടങ്ങിയത്. പിന്നീട്  മിന്നും കുപ്പായങ്ങളണിഞ്ഞ കുട്ടികള്‍  അച്ചന്റെ മുന്നിലൂടെ പോകുമ്പോള്‍,    ക്രിസ്മസ് ദിനത്തില്‍  കണ്ട വിശന്നു വലഞ്ഞ കുട്ടികളുടെ മുഖങ്ങള്‍  അദ്ദേഹത്തിന്റെ മനോമുകുരത്തില്‍ തെളിഞ്ഞു വരാന്‍ തുടങ്ങി.  രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആ പിഞ്ചുകുഞ്ഞുങ്ങളുടെ വിശപ്പാര്‍ന്ന മുഖങ്ങള്‍ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. എനിക്ക് വിശന്നു നിങ്ങള്‍ എനിക്ക് ഭക്ഷിക്കുവാന്‍ തന്നു (മത്തായി 25:35) എന്ന ദൈവവചനമാണ് അദ്ദേഹത്തിന്റെ മനസിലേക്ക് വന്നത്. അത് അച്ചന് ചില  ദൈവിക ഉള്‍കാഴ്ച്ചകള്‍ നല്‍കി.
ബംഗളൂരു നഗരത്തില്‍  വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുവാനുള്ള  ഒരു സംരംഭം ആരംഭിക്കുവാനായി അദ്ദേഹം  സഭാധികാരികളുമായി കൂടിയാലോചിച്ചു. അന്നത്തെ ജനറാള്‍ ഫാ. ജോസ് പന്തപ്ലാം തൊട്ടിയും ധര്‍മ്മാരം റെക്ടറായിരുന്ന  ഫാ. അഗസ്റ്റിന്‍ തോട്ടക്കരയും പൂര്‍ണ പിന്തുണയമായി കൂടെനിന്നു. അങ്ങനെ 2009 ഡിസംബറില്‍  സി.എം.ഐ സഭയുടെ മേജര്‍ സെമിനാരിയായ, ധര്‍മ്മാരം കാമ്പസില്‍ ആശ്വാസ് പ്രവര്‍ത്തനമാരംഭിച്ചു. ദിവസവും അഞ്ഞൂറോളം പേര്‍ക്ക്  ഉച്ച ഭക്ഷണം നല്‍കുന്ന വിധത്തിലേക്ക് ‘ആശ്വാസ്’ വളര്‍ന്നു. ധര്‍മ്മാരാമിന്റെ സാമൂഹ്യ സേവന വിഭാഗമായ ധര്‍മ്മാരം ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വിസിന്റെ നിരവധിയായ സംരംഭങ്ങളിലൊ ന്നാണ് ആശ്വാസ്.

രോഗികളുടെ ആശ്രയം

ഭക്ഷണത്തിന് പുറമെ നിര്‍ധനരായ രോഗികള്‍ക്ക്  ചികിത്സാ സഹായങ്ങളും നല്‍കി വരുന്നു. ബംഗളൂരുവിലെ പ്രശസ്തമായ നിംഹാന്‍സ് ഗവണ്മെന്റ് ഹോസ്പിറ്റലിനടുത്താണ് ആശ്വാസ് സ്ഥിതി ചെയ്യുന്നത്. നിംഹാന്‍സ് ഹോസ്പിറ്റലിലെ രോഗികളുടെ കൂട്ടിരിപ്പുക്കാര്‍ക്കും ‘ആശ്വാസ്’  ഇന്നൊരു ആശ്രയമാണ്. കിദ്വായ് ഗവണ്മെന്റ്  കാന്‍സര്‍ ഹോസ്പിറ്റലില്‍ ചികിത്സക്ക് വരുന്ന രോഗികള്‍ക്കും ഒരു കൈത്താങ്ങാണ് ആശ്വാസ്.
ആശ്വാസ് പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തിപരമായ നേട്ടത്തേക്കാള്‍ ഉപരിയായി കൂട്ടായ്മയുടെ വിജയമായാണ് സ്ഥാപകനായ മാരിയൂസച്ചന്‍ കാണുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷവും ഒരു ദിവസംപോലും മുടക്കമില്ലാതെ അഞ്ഞൂറോളം പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കാനായത് വലിയ ദൈവപരിപാലനയാണെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. ധര്‍മ്മാരാമിലെ വൈദികരും വൈദിക വിദ്യാര്‍ത്ഥികളും ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലേയും ക്രൈസ്റ്റ് സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളുമെല്ലാം  ഈ കാരുണ്യ  പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നുണ്ട്.


അനേകര്‍ക്ക് അന്നത്തിന്റെ രൂപത്തില്‍ ക്രിസ്തുവാ യി മാറുന്നതിനൊപ്പം  അക്രൈസ്തവര്‍ക്കിടയില്‍ ക്രിസ്തു സ്‌നേഹത്തിന്റെ നേര്‍ചിത്രം പങ്കുവെക്കുവാനും ഈ സംരംഭത്തിനാകുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഉദയംപേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ഇടവകാംഗമായ ഫാ. ജോണ്‍ മാരിയൂസ് 85-ാം വയസിലും ചെറുപ്പക്കാരന്റെ ഊര്‍ജസ്വലതയോടെ വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.  കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ആശ്വാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം വഹിക്കുന്നത് ഫാ. ഫെനില്‍ കാരിക്കക്കുന്നേലാണ്. സി.എം.ഐ സഭാ ജനറാള്‍ ഫാ. തോമസ് ചാത്തന്‍പറമ്പിലും ധര്‍മ്മാരം റെക്ടര്‍ ഫാ. പോള്‍ അച്ചാണ്ടിയും ആശ്വാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കരുത്തുപകരുന്നു. കോവിഡ് മഹാമാരിയുടെ ഈ കാലത്തും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു   കൊണ്ട് മുടക്കമില്ലാതെ ആശ്വസ് പ്രവര്‍ത്ത നങ്ങളുമായി മുന്നേറുകയാണ്.


ഫാ. ജിതിന്‍ പാറശേരില്‍ സി.എം.ഐ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?