Follow Us On

31

July

2021

Saturday

ഇറാഖിൽനിന്ന് വീണ്ടും സദ്വാർത്ത; അബ്രഹാമിന്റെ ജന്മനാടായ ഉർ-ൽ കത്തോലിക്കാ ദൈവാലയം ഉയരും

ഇറാഖിൽനിന്ന് വീണ്ടും സദ്വാർത്ത; അബ്രഹാമിന്റെ ജന്മനാടായ ഉർ-ൽ കത്തോലിക്കാ ദൈവാലയം ഉയരും

ബാഗ്ദാദ്: അമേരിക്കയിൽ നിന്നുള്ള കത്തോലിക്കാ സ്‌കൂൾ സെപ്തംബറിൽ ഇറാഖിൽ പ്രവർത്തനം ആരംഭിക്കും എന്ന വാർത്തയ്ക്ക് പിന്നാലെ മറ്റൊരു സദ്വാർത്തകൂടി ഇറാഖിൽനിന്ന് എത്തുന്നു: വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ജന്മനാടായ ഉർ- ൽ കത്തോലിക്കാ ദൈവാലയം ഉയരും! ദൈവാലയത്തിന്റെ രൂപരേഖ തയാറാകുകയും ഭരണകൂടത്തിൽനിന്നുള്ള  അനുമതി ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ അധികം താമസിയാതെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസീസമൂഹം.

കൽദായ സഭാംഗവും എൻജിനീയറുമായ ആദൗർ ഫാതൗഹീ കാടെൽമയാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. ഇറാഖിലെ കൽദായ പാത്രിയാർക്കീസായ കർദിനാൾ ലൂയിസ് റാഫേൽ സാക്കോയ്ക്ക് കഴിഞ്ഞ ദിവസം ദൈവാലയത്തിന്റെ രൂപരേഖ അദ്ദേഹം കൈമാറിയിരുന്നു. പ്രസ്തുത രൂപരേഖ തന്റെ വ്യക്തിഗത സംഭാവനയാണെന്ന് വ്യക്തമാക്കിയതിനൊപ്പം ദൈവാലയ നിർമാണം തന്റെ സ്വപ്‌നപദ്ധതിയാണെന്നും അതിന് ആവശ്യമായ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ ക്രമീകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

മുമ്പ് നടത്തിയ കൂടിക്കാഴ്ചയിൽ ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ദൈവാലയ നിർമാണത്തിന് എല്ലാവിധ അനുഗ്രഹങ്ങളും പിന്തുണയും അറിയിച്ച കർദിനാൾ സാക്കോ, ദൈവാലയം ഉയരുന്നത് അബ്രഹാമിന്റെ നാമധേയത്തിലായിരിക്കുമെന്നും വ്യക്തമാക്കി. ‘അബ്രഹാം അറിയപ്പെടുന്ന ‘ഇബ്രാഹിം അൽ ഖലീൽ’ എന്ന നാമധേയമായിരിക്കും ദൈവാലയത്തിന് നൽകുക,’ കർദിനാൾ സാക്കോ പറഞ്ഞു.

കഴിഞ്ഞ മാർച്ച് അഞ്ചുമുതൽ എട്ടുവരെ ഫ്രാൻസിസ് പാപ്പ ഇറാഖിൽ നടത്തിയ ഐതിഹാസികമായ പര്യടനത്തിൽ ഊർ നഗരവും അദ്ദേഹം സന്ദർശിച്ചിരുന്നു. അവിടത്തെ വിശ്വാസസമൂഹവുമായി പാപ്പ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ ചരിത്രസംഭവത്തിന്റെ അനുസ്മരണാർത്ഥം, ദൈവാലയത്തിന് സമീപം നിർമിക്കുന്ന മീറ്റിംഗ് റൂമിന് ഫ്രാൻസിസ് പാപ്പയുടെ നാമധേയം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. വാഗ്ദത്ത ഭൂമിയിലേക്ക് അബ്രഹാം യാത്രയാരംഭിച്ച സ്ഥലം സന്ദർശിക്കാനെത്തുന്ന വിശ്വാസികളുടെ കൂടിക്കാഴ്ചയ്ക്കുള്ള ഇടമായിരിക്കട്ടെ ഇതെന്നും കർദിനാൾ ആശംസിച്ചു.

എർബിൽ കൽദായ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ബാഷർ വാർദയുടെ താൽപ്പര്യപ്രകാരം അമേരിക്കയിലെ ‘ചെസ്റ്റെർട്ടൻ സ്‌കൂൾ നെറ്റ്‌വർക്കി’ന്റെയും ‘സ്റ്റൂബൻവിൽ ഫ്രാൻസിസ്‌ക്കൻ യൂണിവേഴ്‌സിറ്റി’യുടെയും സംയുക്താഭിമുഖ്യത്തിലാണ് അമേരിക്കയിലെ കത്തോലിക്കാ സ്‌കൂൾ ഇറാഖിൽ പ്രവർത്തനം അരംഭിക്കുന്നത്. ‘ദ ചെസ്റ്റർട്ടൻ അക്കാദമി ഓഫ് സെന്റ് ജോസഫ് ദ അപ്പോസ്തൽ’ എന്നതാണ് കുർദിസ്ഥാന്റെ തലസ്ഥാനമായ എർബിൽ ആരംഭിക്കുന്ന സ്‌കൂളിന്റെ നാമധേയം.

ഫോട്ടോ ക്യാപ്ഷൻ: കർദിനാൾ ലൂയിസ് റാഫേൽ സാക്കോയെ ദൈവാലയ നിർമാണ പദ്ധതിക്ക് പിന്തുണ നൽകുന്ന ആദൗർ ഫാതൗഹീ സന്ദർശിച്ചപ്പോൾ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?