Follow Us On

31

July

2021

Saturday

ആശുപത്രിയിൽനിന്ന് പാപ്പ തിരിച്ചെത്തി; കൃതജ്ഞത അർപ്പിക്കാൻ പാപ്പ മരിയൻ ബസിലിക്കയിൽ

ആശുപത്രിയിൽനിന്ന് പാപ്പ തിരിച്ചെത്തി; കൃതജ്ഞത അർപ്പിക്കാൻ പാപ്പ മരിയൻ ബസിലിക്കയിൽ

വത്തിക്കാൻ സിറ്റി: വൻകുടലുമായി ബന്ധപ്പെട്ട രോഗത്തെ തുടർന്ന് റോമിലെ ജെമേല്ലി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ തിരിച്ചെത്തി. ജൂലൈ നാലിന് ആശുപത്രിയിൽ പ്രവേശിതനായ പാപ്പ ഇന്ന് (ജൂലൈ 14) വത്തിക്കാൻ സമയം രാവിലെ 10.30ന് ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്നുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി അറിയിച്ചു.

ശസ്ത്രക്രിയ വിജയകരമായതിന് നന്ദി പറയാനും രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെ ദൈവസന്നിധിയിൽ സമർപ്പിക്കാനുമായി മരിയ മജിയോരെ ബസിലിക്കയുടെ അൾത്താരയിലെത്തി പ്രാർത്ഥിച്ചശേഷമാണ് പാപ്പ താമസസ്ഥലമായ സാന്താ മാർത്തയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ നാലിന് ആഞ്ചലൂസ് പ്രാർത്ഥന നയിച്ചതിനുശേഷമാണ് പാപ്പ, മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം ആശുപത്രിയിൽ പ്രവേശിതനായത്.

വൻകുടലിനെ ബാധിക്കുന്ന ‘ഡിവർട്ടിക്യുലർ സ്റ്റെനോസിസ്’ ശസ്ത്രക്രിയയ്ക്ക് ജെമേല്ലി ആശുപത്രിയിലെ കുടൽ സംബന്ധമായ ചികിത്സാ വിഭാഗം തലവൻ ഡോ. സെർജിയോ അൽഫിയേരിയും സംഘവുമാണ് നേതൃത്വം നൽകിയത്.വൻകുടലിന്റെ ഉൾഭാഗത്ത് സഞ്ചികളുടെ രൂപത്തിൽ ചെറിയ മുഴകൾ രോഗാവസ്ഥയാണ് ‘ഡിവർട്ടിക്യുലർ സ്റ്റെനോസിസ്’.

ശസ്ത്രക്രിയാനന്തരം ഏഴ് ദിവസത്തെ വിശ്രമമാണ് പാപ്പയ്ക്ക് നിർദേശിക്കപ്പെട്ടത്. എന്നാൽ, പരിപൂർണ സൗഖ്യത്തിനായി രണ്ട് ദിനംകൂടി പാപ്പ ആശുപത്രിയിൽ തുടരുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിന്റെ നാലാം നാളായ ജൂലൈ എട്ട് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ആശുപത്രി മുറിയിലെ ചാപ്പലിൽവെച്ച് തന്നെ ശുശ്രൂഷിക്കുന്നവരോടൊപ്പം പാപ്പ ദിവ്യബലി അർപ്പിച്ചിരുന്നു. സാധാരണ പോലെ ഭക്ഷണം കഴിക്കുകയും ആശുപത്രിയിലെ ഇടനാഴിയിലൂടെ നടക്കുകയും പുസ്തകങ്ങൾ വായിക്കുകയുമൊക്കെ ചെയ്യുന്ന വിവരവും വത്തിക്കാൻ പങ്കുവെച്ചിരുന്നു.

മത, രാഷ്ട്ര നേതാക്കൾ മുതൽ സാധാരണക്കാർവരെയുള്ള അനേകരാണ് പാപ്പയ്ക്ക് പ്രാർത്ഥനയും സൗഖ്യാശംസകളും നേർന്ന് സന്ദേശം അയച്ചത്. ജെമേലി ആശുപത്രിയിൽ ചികിത്‌സയിൽ കഴിയുന്ന കുഞ്ഞുങ്ങളും പാപ്പയ്ക്ക് ആശംസാ സന്ദേശം അയച്ചു. തനിക്കുവേണ്ടി പ്രാർത്ഥിച്ചവർക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ച പാപ്പ, കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയുടെ 10-ാം നിലയിൽനിന്ന് ആഞ്ചലൂസ് പ്രാർത്ഥന നയിച്ചത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ ദിവസം ജെമേലി ആശുപത്രിയിലെ പീഡിയാട്രിക് ഓങ്കോളജി വാർഡിലെത്തി കുഞ്ഞുങ്ങൾക്കായി പാപ്പ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?