Follow Us On

19

April

2024

Friday

പരമ്പരാഗത ലത്തീൻ ദിവ്യബലി അർപ്പണത്തിന്‌ രൂപതാധ്യക്ഷന്റെ അനുമതി നിർബന്ധം; വ്യവസ്ഥകൾ കർക്കശമാക്കി പാപ്പ

പരമ്പരാഗത ലത്തീൻ ദിവ്യബലി അർപ്പണത്തിന്‌ രൂപതാധ്യക്ഷന്റെ അനുമതി നിർബന്ധം; വ്യവസ്ഥകൾ കർക്കശമാക്കി പാപ്പ

വത്തിക്കാൻ സിറ്റി: 1962ലെ റോമൻ കുർബാനക്രമം (റോമൻ മിസ്സൾ) അനുസരിച്ചുള്ള പരമ്പരാഗതമായ ലാറ്റിൻ ദിവ്യബലി (ട്രഡീഷണൽ ലാറ്റിൻ മാസ്) അർപ്പണവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കർക്കശമാക്കി ഫ്രാൻസിസ് പാപ്പ. ലത്തീൻ ഭാഷയിലുള്ള പരമ്പരാഗത ദിവ്യബലി അർപ്പിക്കാൻ ലത്തീൻ റീത്തിലെ എല്ലാ വൈദികർക്കും 2007ൽ ബെനഡിക്ട് 16-ാമൻ നൽകിയ അനുമതിയാണ് ‘ത്രദീസിയോനിസ് കുസ്‌തോദേസ്’ (പാരമ്പര്യത്തിന്റെ സംരക്ഷകർ) എന്ന ‘മോത്തുപ്രോപ്പിയോ’യിലൂടെ പാപ്പ ഭേദഗതിചെയ്തത്.

ബെനഡിക്ട് 16-ാമൻ പാപ്പ നൽകിയ അനുവാദത്തെ ദുരുപയോഗം ചെയ്ത് 1962ലെ ‘റോമൻ മിസ്സളി’ന്റെ ഉദ്ദേശ്യങ്ങൾ വക്രീകരിക്കുന്ന സാഹചര്യങ്ങൾ വർദ്ധിക്കുന്നതിനാലാണ് പാപ്പ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. 1962ൽ ജോൺ 23-ാമൻ പാപ്പയുടെ കാലത്ത് നടപ്പാക്കിയ, ഈ പുരാതനമായ ആരാധനാക്രമം അനുസരിച്ച് ദിവ്യബലി അർപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം അതത് രൂപതാധ്യക്ഷന്മാരിൽ നിക്ഷിപ്തമാക്കുന്ന ഭേദഗതിയാണ് ‘മോത്തു പ്രോപ്രിയോയിലൂടെ (സ്വയാധികാര പ്രബോധനം) പാപ്പ നടപ്പാക്കുന്നത്.

എല്ലാ ഇടവക ദൈവാലയങ്ങളിലും പരമ്പരാഗത ആരാധനാക്രം അനുസരിച്ച് ദിവ്യബലി അർപ്പിക്കാൻ പുതിയ ഭേദഗതി അനുവദിക്കുന്നില്ല. പ്രത്യുത, രൂപതാധ്യക്ഷൻ നിശ്ചയിക്കുന്ന ദൈവാലയങ്ങളിൽ നിശ്ചിത ദിനങ്ങളിൽ ബിഷപ്പിന്റെ പ്രതിനിധിയായ വൈദികന് മാത്രമായിരിക്കും ഇതിനുള്ള അനുവാദം. 1570 മുതൽ 1962വരെ ലത്തീൻ സഭയിൽ നിലവിലിരുന്ന ഈ കുർബാനക്രമം ത്രെന്തോസ് സൂന്നഹദോസിന്റെ (1545- 1563) നിർദേശപ്രകാരം പുരാതനക്രമങ്ങൾ ആധാരമാക്കി രൂപപ്പെടുത്തിയതാണ്.

ആരാധനക്രമങ്ങൾ പ്രാദേശിക ഭാഷയിലാക്കാനുള്ള രണ്ടാം വത്തിക്കാൻ സൂന്നഹദോസിന്റെ (1962- 1965) തീരുമാനത്തോടെ പരമ്പരാഗത ലത്തീൻ ദിവ്യബലി അർപ്പണം വിശേഷാൽ അവസരത്തിൽ മാത്രമാക്കുകയായിരുന്നു. എന്നാൽ, പരമ്പരാഗതമായ ഈ ദിവ്യബലി അർപ്പിക്കാൻ അപ്പസ്‌തോലിക തിരുവെഴുത്തിലൂടെ 2007ൽ ബെനഡിക്ട് 16-ാമൻ ലത്തീൻ റീത്തിലെ വൈദികർക്ക് അനുമതി നൽകിയിരുന്നു.

അതേസമയം, പുതിയ ഭേദഗതി നടപ്പാക്കാൻ നിർബന്ധിതമായ സാഹചര്യം വ്യക്തമാക്കാൻ രൂപതാധ്യക്ഷന്മാർക്ക് ഫ്രാൻസിസ് പാപ്പ കത്ത് അയച്ചതും ശ്രദ്ധേയമാണ്. പലയിടത്തും പരമ്പരാഗതമായ ദിവ്യബലി അർപ്പിക്കപ്പെടുന്നത് കുർബാനക്രമത്തിന്റെ നിർദേശങ്ങളോട് വിശ്വസ്ത പാലിച്ചുകൊണ്ടല്ല എന്ന് വ്യക്തമാക്കിയ പാപ്പ, ആരാധനാക്രമ നവീകരണത്തെയും രണ്ടാം വത്തിക്കാൻ സൂന്നഹദോസിനെയും നിരാകരിക്കാൻ 1962ലെ റോമൻ മിസ്സാൾ ദുരുപയോഗിക്കപ്പെടുന്നതിലെ ദുഃഖവും പങ്കുവെച്ചു.

‘പാരമ്പര്യത്തെയും സത്യസഭയെയും വഞ്ചിച്ചെന്ന അടിസ്ഥാനരഹിതവും നിലനിൽക്കാത്തതുമായ ആരോപണം ഉന്നയിച്ച് ആരാധനാക്രമ നവീകരണത്തെ മാത്രമല്ല രണ്ടാം വത്തിക്കാൻ സൂന്നഹദോസിനെത്തന്നെ നിരാകരിക്കാൻ 1962ലെ റോമൻ മിസ്സാളിനെ കരുവാക്കുന്നത് വേദനാജനകമാണ്. രണ്ടാം വത്തിക്കാൻ സൂന്നഹദോസിനെ സംശയിക്കുകയെന്നാൽ സൂന്നഹദോസ് പിതാക്കന്മാരുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കലാണ്. ആത്യന്തികമായി സഭയെ നയിക്കുന്ന പരിശുദ്ധാരൂപിയെത്തന്നെ സംശയിക്കലാണത്,’പാപ്പ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?