Follow Us On

31

July

2021

Saturday

ജലവാഹനത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം: ഈശോയെ സ്വീകരിക്കാൻ ഒരുങ്ങി ‘ബയൂ’ നദിയും വിശ്വാസീസമൂഹവും

ജലവാഹനത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം: ഈശോയെ സ്വീകരിക്കാൻ ഒരുങ്ങി ‘ബയൂ’ നദിയും വിശ്വാസീസമൂഹവും

ബാറ്റൻ റോ: കൊറോണാ ഭീഷണി പൂർണമായി അകന്നിട്ടില്ലെങ്കിലും ലൂസിയാനയിൽ പതിവുതെറ്റില്ല, ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ദിനമായ ആഗസ്റ്റ് 15ന് വിശ്വാസികൾക്ക് അനുഗ്രഹമേകാൻ ദിവ്യകാരുണ്യനാഥൻ ജലമാർഗം എത്തും! അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തെ ലഫേയ്റ്റ് രൂപത 2015മുതൽ നദിയിലൂടെ ക്രമീകരിക്കുന്ന 40 മൈൽ ദിവ്യകാരുണ്യ പ്രദക്ഷിണം അവിസ്മരണീയമാക്കാൻ വിശ്വാസീസമൂഹം ഒരുക്കം തുടങ്ങി.

‘ഫെറ്റ് ഡിയു ഡേ ടെച്ചേ’ എന്ന പേരിൽ പ്രസിദ്ധമാണ് ‘ബയൂ’ നദിയിലൂടെ ഒരു ദിവസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം. ഓഗസ്റ്റ് 15 രാവിലെ 8.00ന് ലിയോൺവിൽ സെന്റ് ലിയോ ദ ഗ്രേറ്റ് ദൈവാലയത്തിൽ ബിഷപ്പ് ഡഗ്ലസ് ഡെഷോട്ടൽ ഫ്രഞ്ച് ഭാഷയിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക. തുടർന്ന് 9.30ന് പ്രദക്ഷിണത്തിന് തുടക്കമാകും. ദിവ്യകാരുണ്യ ആരാധന പ്രതിഷ്ഠിച്ച ബോട്ടിനൊപ്പം ദൈവമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും തിരുരൂപങ്ങൾ പ്രതിഷ്ഠിച്ച ബോട്ടുകളും ജലഘോഷയാത്രയിൽ അണിചേരും.

ബോട്ട് യാത്രയിലൂടനീളം വൈദികരും വിശ്വാസികളും ചേർന്ന് ദിവ്യകാരുണ്യ ആരാധന നടത്തും. യാത്രാമധ്യേ നദിക്കരയിലുളള അർനൗറ ഡ്വില്ലെ, സിസിലിയ, ബ്രമൗക്സ് ബ്രിഡ്ജ്, സെന്റ് മാർട്ടിൻവില്ലെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ദൈവാലയങ്ങളിൽ ആരാധനയ്ക്കും ജപമാല പ്രാർത്ഥനയ്ക്കുമായി ബോട്ടുകൾ നിർത്തിയിടും. ഈ സ്ഥലങ്ങളിലെല്ലാം കുമ്പസാരിക്കാനുള്ള സൗകര്യവും ഒരുക്കും.

വ്യാകുല മാതാവിന്റ ചാപ്പലിൽ എത്തിച്ചേർന്നശേഷം നൽകുന്ന ദിവ്യകാരുണ്യ ആശീർവാദത്തോടെയാണ് പ്രദക്ഷിണം സമാപിക്കുന്നത്. ജലഘോഷയാത്രയിൽ ബയൂവിലെ വിവിധ ദൈവാലയങ്ങളിൽനിന്നുള്ള വിശ്വാസികൾ ബോട്ടുകളിൽ അണിചേരും. പ്രദക്ഷിണത്തിലും തിരുക്കർമങ്ങളിലും പങ്കുചേർന്ന് ക്രിസ്തുസാക്ഷ്യമേകാനുള്ള ഈ അവസരം വിനിയോഗിക്കണമെന്ന് ലൂസിയാന അറ്റോർണി ജനറൽ ജെഫ് ലാൻഡ്രൈ ആഹ്വാനം ചെയ്തതും ശ്രദ്ധേയമായി.

ലൂസിയാനയിലെ അക്കാഡിയാനയിൽ കത്തോലിക്കാ വിശ്വാസം എത്താൻ കാരണമായ ഫ്രഞ്ച്- കനേഡിയൻ കുടിയേറ്റത്തിന്റെ 250-ാംവാർഷികം ആഘോഷിച്ച 2015ലാണ് നദിയിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം ആദ്യമായി സംഘടിപ്പിച്ചത്. തുടർച്ചയായ ഏഴാം തവണ നടത്തുന്ന ഈ വർഷത്തെ പ്രദക്ഷണത്തിൽ ഓൺലൈനായി പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. കൊറോണാ വ്യാപനം ശക്തമായിരുന്ന കഴിഞ്ഞ വർഷവും കർശനമായ നിയന്ത്രണങ്ങളോടെ, ദിവ്യകാരുണ്യ പ്രദക്ഷിണം ക്രമീകരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?