Follow Us On

20

April

2024

Saturday

കോവിഡ്: പ്രാർത്ഥനകൾക്ക് പിന്നാലെ ഭാരതത്തിന്‌ മെഡിക്കൽ കിറ്റുകൾ കൈമാറി മെൽബൺ സീറോ മലബാർ രൂപത

കോവിഡ്: പ്രാർത്ഥനകൾക്ക് പിന്നാലെ ഭാരതത്തിന്‌ മെഡിക്കൽ കിറ്റുകൾ കൈമാറി മെൽബൺ സീറോ മലബാർ രൂപത

മെൽബൺ: കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ ഭാരതത്തിനുവേണ്ടി ഉപവാസ പ്രാർത്ഥനാദിനം ആചരിച്ചതിന് പിന്നാലെ, ഭാരതജനതയ്ക്കായി മെഡിക്കൽ കിറ്റുകൾ സമാഹരിച്ച് നൽകി ഓസ്‌ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപത. ‘കാത്തലിക് മിഷൻ ഓസ്‌ട്രേലിയ’യുടെ സഹകരണത്തോടെ രൂപത സമാഹരിച്ച തുകകൊണ്ട് വാങ്ങിയ കിറ്റുകൾ കേരളത്തിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുമാണ് വിതരണം ചെയ്യുന്നത്.

പൾസ് ഓക്‌സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ, ഇൻഹെയ്ലർ, ഫേസ് മാസ്‌ക് എന്നിവ ഉൾപ്പെടുന്ന കിറ്റ് ‘കാരിത്താസ് ഇന്ത്യ’യുടെ മേൽനോട്ടത്തിലാണ് വിതരണം ചെയ്യുക. ‘എത്തിചേരുക: ജീവൻ നൽകുക,’ എന്ന് പേരിട്ട മെഡിക്കൽ കിറ്റ് വിതരണ പദ്ധതിയുടെ കേരളതല ഉദ്ഘാടനം സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൊച്ചിയിൽ നിർവഹിച്ചു. പദ്ധതിക്കായി പണം സമാഹരിച്ച മെൽബൺ സീറോ മലബാർ രൂപതയ്ക്കും കാത്തലിക് മിഷൻ ഓസ്ട്രേലിയക്കും കർദിനാൾ നന്ദി അറിയിച്ചു.

കേരളത്തിൽ കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിലാണ്, കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ മെഡിക്കൽ കിറ്റുകൾ നൽകാൻ കേരള കത്തോലിക്കാ മെത്രാൻ സമിതിയും (കെ.സി.ബി.സി) രൂപതകളുടെ സാമൂഹ്യസേവന വിഭാഗങ്ങളുടെ കൂട്ടായ്മയായ കേരള സോഷ്യൽ സർവീസ് ഫോറവും തീരുമാനിച്ചത്. ഇതേ തുടർന്ന്, മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ നടത്തിയ ഇടപെടലാണ് ഓസ്‌ട്രേലിയയിൽനിന്നുള്ള സഹായം ലഭ്യമാകാൻ കാരണം.

ബിഷപ്പിന്റെ ആഹ്വാനപ്രകാരം ഒരു ലക്ഷത്തി അയ്യായിരത്തിൽപ്പരം ഓസ്‌ട്രേലിയൻ ഡോളറാണ് സമാഹരിക്കാനായത്. ഓസ്‌ട്രേലിയയിലെ സീറോ മലബാർ സഭാംഗങ്ങളിൽനിന്ന് 58,511 ഡോളർ ലഭിച്ചപ്പോൾ, മറ്റ് പൗരസ്ത്യ രൂപതകളും ലത്തീൻ രൂപതകളും ചേർന്ന് 16, 625 ഡോളറും ഓസ്‌ട്രേലിയയിലെ കാത്തലിക് മിഷൻ സൊസൈറ്റി 30,000 ഡോളറും ലഭ്യമാക്കി.

രോഗത്തെ കുറിച്ചുള്ള അവബോധവും ആവശ്യമായ മെഡിക്കൽ കിറ്റ് ലഭ്യതയും ഉണ്ടെങ്കിൽ പല മരണങ്ങളും ഒഴിവാക്കാമായിരുന്നു എന്ന വിദഗ്ധരുടെ കണ്ടെത്തലാണ് പദ്ധതിക്ക് പ്രചോദനമായതെന്ന് ‘കാരിത്താസ് ഇന്ത്യ’ വ്യക്തമാക്കി. ഭാരത കത്തോലിക്കാ മെത്രാൻ സമിതി വൈസ് പ്രസിഡന്റും മാവേലിക്കര ബിഷപ്പുമായ മാർ ജോഷ്വ മാർ ഇഗ്‌നാത്തിയൂസ്, കൊച്ചി രൂപത ബിഷപ്പ് ഡോ. ജോസഫ് കരിയിൽ തുടങ്ങിയവർ ഉദ്ഘാടനത്തിൽ സന്നിഹിതരായിരുന്നു.

കോവിഡ് രോഗബാധിതരുടെയും കോവിഡ് ലക്ഷണങ്ങൾ ഉള്ളവരുടെയും കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകുന്നതെന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കപ്പള്ളി അറിയിച്ചു. കോവിഡ് മഹാമാരിമൂലം വിഷമിക്കുന്ന ഭാരതജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ മേയ് ഏഴിനാണ് മെൽബൺ സീറോ മലബാർ രൂപത ഉപവാസ പ്രാർത്ഥനാ ദിനം ആചരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?