Follow Us On

19

April

2024

Friday

യു.എസിലെ സഭയ്ക്ക് നവവൈദികനെ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടൺ രൂപത! ഡീക്കൻ യൂജിൻ ജോസഫിന്റെ തിരുപ്പട്ട സ്വീകരണം ഇന്ന്

യു.എസിലെ സഭയ്ക്ക് നവവൈദികനെ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടൺ രൂപത! ഡീക്കൻ യൂജിൻ ജോസഫിന്റെ തിരുപ്പട്ട സ്വീകരണം ഇന്ന്

യു.കെ: ജനിച്ചത് കേരളത്തിൽ, വളർന്നത് ബ്രിട്ടണിൽ, ദൈവം തിരഞ്ഞെടുത്തത് അമേരിക്കയ്ക്കുവേണ്ടി! ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാംഗമായ ഡീക്കൻ യൂജിൻ ജോസഫ് അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിലെ കൊളംബസ് രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിക്കുമ്പോൾ കേരളത്തിലെയും ബ്രിട്ടണിലെയും അമേരിക്കയിലെയും മലയാളി സമൂഹത്തിന് ഇത് അഭിമാന നിമിഷം. യു.കെയിലെ ബർമിംഗ്ഹാം രൂപതാ സഹായമെത്രാൻ സ്റ്റീഫൻ റൈറ്റിന്റെ മുഖ്യകാർമികത്വത്തിൽ ഇന്ന് (ജൂലൈ 22) വൈകിട്ട് 7.30ന് ബർമിംഗ്ഹാം സെന്റ് ചാഡ്‌സ് കത്തീഡ്രലിലാണ് തിരുപ്പട്ട സ്വീകരണം.

ഡർബി സെന്റ് ഗബ്രിയേൽ സീറോ മലബാർ ഇടവക പൊട്ടനാനിയിൽ ജോസഫ്- സാലമ്മ ദമ്പതികളുടെ മകനാണ് 29 വയസുകാരനായ ഡീക്കൻ യൂജിൻ. ഉന്നത വിദ്യാഭ്യാസ- തൊഴിൽ പരിശീലനം നടത്തവേ തന്റെ നിയോഗം ദൈവശുശ്രൂഷയാണെന്ന് തിരിച്ചറിഞ്ഞ ഉടൻ, ലോകം വെച്ചുനീട്ടിയ ആ സാധ്യതകളെല്ലാം ഉപേക്ഷിച്ചാണ് യൂജിൻ പൗരോഹിത്യ വിളി സ്വീകരിച്ചത്. പാലാ തിടനാട്‌നിന്ന് 2002ൽ കുടുംബം യു.കെയിലേക്ക് കുടിയേറുമ്പോൾ 10 വയസുകാരനായിരുന്നു യൂജിൻ.

ഡീക്കൻ യൂജിൻ ജോസഫ് കുടുംബത്തോടൊപ്പം.

പഠനത്തിൽ സമർത്ഥനായിരുന്ന യൂജിൻ നല്ല മാർക്കോടെയാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് കെ.പി.എം.ജിയിൽ ഉന്നത പഠനത്തിന് അവസരം ലഭിച്ചു. സ്റ്റൈപ്പന്റോടുകൂടിയ പഠനം പൂർത്തിയാക്കി ചാർട്ടേഡ് അക്കൗണ്ടിംഗ് മേഖലയിൽ മികച്ച കരിയർ സാധ്യത ഉണ്ടായിരുന്നെങ്കിലും ഒരു വർഷത്തിനുശേഷം അതിനോട് വിടപറഞ്ഞു. തന്നെക്കുറിച്ചുള്ള ദൈവഹിതം അതല്ല എന്ന ബോധ്യമായിരുന്നു കാരണം.

വൈദികനാകാനുള്ള ആഗ്രഹം വീട്ടിൽ അറിയിച്ചപ്പോൾ, ബിരുദം പൂർത്തിയാക്കിയശേഷം തീരുമാനമെടുക്കൂ എന്നായിരുന്നു പിതാവിന്റെ ഉപദേശം. മകന്റെ തീരുമാനം ഉറച്ചതാണെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കൾ യൂജിന്റെ ആഗ്രഹത്തോട് ചേർന്നുനിന്നു. തുടർന്ന്, 2012 ലാണ് ലണ്ടനിലെ ഹെയ്‌ത്രോപ് കോളജിൽ ദൈവശാസ്ത്ര ബിരുദത്തിന് ചേർന്നത്. ഫാ. സോജി ഓലിക്കൽ ഉൾപ്പെടെ, യു.കെയിലെ സെഹിയോൻ ശുശ്രൂഷകളിൽ വ്യാപരിക്കുന്നവരുമായുള്ള സൗഹൃദമാണ് തന്റെ മകന്റെ ദൈവവിളിയിൽ നിർണായകമായതെന്ന് സാലമ്മ ജോസഫ് സൺഡേ ശാലോമിനോട് പറഞ്ഞു.

ഡീക്കൻ യൂജിൻ ജോസഫ് ഡീക്കൻ പട്ടം സ്വീകരിച്ചപ്പോൾ.

സെഹിയോൻ ശുശ്രൂഷകളുടെ ഭാഗമായ ‘അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രി’ ശുശ്രൂഷകരായ ഐനിഷ്- ജോൺ ദമ്പതികളുമായുള്ള സൗഹൃദമാണ് യൂജിനെ അമേരിക്കയിലെത്തിച്ചത്. 2015ൽ കൊളംബസിലെ പൊന്തിഫിക്കൽ കോളജ് ജോസഫീനത്തിൽ സെമിനാരി പരിശീലനം ആരംഭിച്ചു. 2019ൽ ഡീക്കൻ പട്ടം സ്വീകരിച്ചെങ്കിലും കോവിഡ് സാഹചര്യങ്ങൾ മൂലം പൗരോഹിത്യ സ്വീകരണം വൈകുകയായിരുന്നു.

പിതാവ് അഡ്വ. ജോസഫ് റോയൽ മെയിൽ ഉദ്യോഗസ്ഥനാണ്, മാതാവ് സാലമ്മ ക്വീൻസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സും. ഇളയ സഹോദരൻ ഏയ്ബൽ ലണ്ടനിലെ സെന്റ് മേരീസ് കോളജിൽ ദൈവശാസ്ത്ര ബിദുദ വിദ്യാർത്ഥിയാണ്. തീക്കോയി ഞായറുകുളം കുടുംബാംഗമാണ് സാലമ്മ. ജൂലൈ 25 ഞായറാഴ്ച വൈകിട്ട് 3.00ന് ഇടവകയായ ഡർബി സെന്റ് ജോസഫ് ദൈവാലയത്തിൽ സീറോ മലബാർ ക്രമത്തിൽ പ്രഥമ ദിവ്യബലി അർപ്പിക്കും. ഈ അനുഗ്രഹ നിമിഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഡർബിയിലെ സീറോ മലബാർ സമൂഹം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?