Follow Us On

28

March

2024

Thursday

അഭിമാന നിമിഷത്തിൽ കിഴക്കൻ തിമോറിലെ സഭ; രാജ്യത്ത് ഉയരും ആദ്യത്തെ കാത്തലിക് യൂണിവേഴ്‌സിറ്റി

അഭിമാന നിമിഷത്തിൽ കിഴക്കൻ തിമോറിലെ സഭ; രാജ്യത്ത് ഉയരും ആദ്യത്തെ കാത്തലിക് യൂണിവേഴ്‌സിറ്റി

ഡിലി: മധ്യേഷ്യൻ രാജ്യമായ താജിക്കിസ്ഥാനിൽ ആദ്യത്തെ കത്തോലിക്കാ കന്യാസ്ത്രീമഠം സ്ഥാപിതമായതിന് പിന്നാലെ, മറ്റൊരു ഏഷ്യൻ രാജ്യമായ ഈസ്റ്റ് തിമോറിൽ ആദ്യത്തെ കത്തോലിക്കാ യൂണിവേഴ്‌സിറ്റി ഉയരാൻ സാഹചര്യമൊരുങ്ങുന്നു. ഇതുസംബന്ധിച്ച് സഭാ നേതൃത്വം നടത്തിയ ഇടപെടലിന് ഭരണകൂടത്തിൽനിന്ന് അനുഭാവപൂർവമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ഇത് സാധ്യമായാൽ തെക്ക് കിഴക്കൻ ഏഷ്യയുടെ ഭാഗമായ കിഴക്കൻ തിമോറിലെ വിദ്യാഭ്യാസമേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കുമാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ പ്രമുഖ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനമായ സെന്റ് ജോസഫ് സ്‌കൂളിനെ യൂണിവേഴ്‌സിറ്റിയായി മാറ്റാനുള്ള നടപടിക്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിലി ആർച്ച്ബിഷപ്പ് വിർജീലിയോ ദോ കാർമോ ദാ സിൽവ, വിദ്യാഭ്യാസമന്ത്രി ലോംഗ്വിൻഹോസ് സാന്റോസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

‘അനുവാദം ലഭിച്ചാൽ രാജ്യത്ത് കത്തോലിക്കാ യൂണിവേഴ്‌സിറ്റി ഉയരും. അതിന് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തുകഴിഞ്ഞു. സാമൂഹ്യശാസ്ത്രം, വിദ്യാഭ്യാസം, മാനവികത എന്നിവ ഉൾക്കൊള്ളുന്ന പഠന സൗകര്യങ്ങളാണ് ഈ വർഷം ഒരുക്കുന്നത്. വരും വർഷം കാർഷിക, വൈദ്യശാസ്ത്ര മേഖലകളിൽകൂടി പഠനസൗകര്യം ഒരുക്കാനാകും. അധ്യാപനത്തിനായി പി.എച്ച്.ഡി ബിരുദമുള്ള 50 അധ്യാപകരെ നിയമിക്കും,’ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം അറിയിച്ചു.

യൂണിവേഴ്‌സിറ്റിക്ക് അനുമതി ലഭിക്കാൻ മൂന്നു മുതൽ ആറുമാസംവരെ വേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് മരിയ ഫിലോമെന ഗുട്ടറസ് പറഞ്ഞു. യൂണിവേഴ്‌സിറ്റിക്ക് രൂപം നൽകാനുള്ള മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയാണെന്നും അതിൽ പോരായ്മകളുണ്ടെങ്കിൽ സഭാനേതൃത്വവുമായി ചേർന്ന് പരിഹരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു

പതിനാറാം നൂറ്റാണ്ടുമുതൽ പോർച്ചുഗീസ് കോളനിയായിരുന്ന കിഴക്കൻ തിമോർ 1975 മുതൽ 1999 വരെ ഇന്തോനേഷ്യയുടെ കീഴിലായിരുന്നു. ഇക്കാലഘട്ടത്തിൽ നിർമിച്ച സ്‌കൂളാണ് യൂണിവേഴ്‌സിറ്റിയായി ഉയർത്തപ്പെടുക. ഏഷ്യയിൽ, ഫിലിപ്പീൻസ് കഴിഞ്ഞാൽ കത്തോലിക്കാ ഭൂരിപക്ഷമുള്ള രണ്ടാമത്തെ രാജ്യമാണ് കിഴക്കൻ തിമോർ. 13 ലക്ഷത്തിൽപ്പരം വരുന്ന ജനസംഖ്യയിൽ 97%വും കത്തോലിക്കരാണ്.

അഫ്ഗാനിസ്ഥാന്റെ അയൽരാജ്യമായ താജിക്കിസ്ഥാനിൽ കഴിഞ്ഞ ദിവസമാണ് കത്തോലിക്ക സഭയുടെ കന്യാസ്ത്രീമഠം കൂദാശ ചെയ്തത്. ‘ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ ഇൻകാർനേറ്റ് വേർഡ്’ സന്യാസീസമൂഹമാണ്, വിശുദ്ധ ജോൺ പോൾ രണ്ടാമന് സമർപ്പിതമായ മഠത്തിന്റെ മേൽനോട്ടം നിർവഹിക്കുക. ഡുഷാൻബേയിൽ സ്ഥിതിചെയ്യുന്ന മഠത്തിൽ ഉസ്ബക്കിസ്ഥാൻ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിൽനിന്നുള്ള നാല് കന്യാസ്ത്രീകളാണ് ശുശ്രൂഷ ചെയ്യുന്നത്.

(വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഫയൽ ചിത്രം)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?