Follow Us On

26

September

2021

Sunday

മുത്തശ്ശീ മുത്തശ്ശന്മാരും വയോധികരും ജീവിതത്തെ പോഷിപ്പിക്കുന്ന അപ്പം: ഫ്രാൻസിസ് പാപ്പ

മുത്തശ്ശീ മുത്തശ്ശന്മാരും വയോധികരും ജീവിതത്തെ പോഷിപ്പിക്കുന്ന അപ്പം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: മുത്തശ്ശീ മുത്തശ്ശന്മാരും വയോധികരും നമ്മുടെ ജീവിതത്തെ പരിപോഷിപ്പിക്കുന്ന അപ്പമാണെന്നും അവരെ ഒരിക്കലും വിസ്മരിക്കരുതെന്നും ഫ്രാൻസിസ് പാപ്പ. നമ്മെ വളർത്തിയ അവരുടെ സ്‌നേഹത്തിന് പകരമായി നമ്മുടെ സ്‌നേഹവും പരിചരണവും അവർക്ക് നൽകണമെന്നും പാപ്പ പറഞ്ഞു. കത്തോലിക്കാ സഭയുടെ പ്രഥമ വയോധിക ദിനാചരണത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിമധ്യേയുള്ള വചനസന്ദേശത്തിലായിരുന്നു പാപ്പയുടെ വാക്കുകൾ.

ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന പാപ്പയ്ക്കു പകരം ദിവ്യബലി അർപ്പിച്ച നവ സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ളതിരുസംഘം അധ്യക്ഷൻ ആർച്ച്ബിഷപ്പ് റിനോ ഫിസിഷെല്ലയാണ് പാപ്പ തയാറാക്കിയ സന്ദേശം വായിച്ചത്. അഞ്ചപ്പവും രണ്ട് മീനുംകൊണ്ട് അയ്യായിരം പേരെ യേശു സംതൃപ്തരാക്കിയ സുവിശേഷ ഭാഗം പരാമർശിച്ചുകൊണ്ടായിരുന്നു സന്ദേശം. അത്ഭുതത്തിൽ മൂന്ന് കാര്യങ്ങൾ കാണാനാകും. ഒന്ന്, ഈശോ അവരുടെ വിശപ്പ് മനസിലാക്കി. രണ്ട്, ഈശോ അപ്പം വർദ്ധിപ്പിച്ച് പങ്കുവെച്ചു. മൂന്ന്, മിച്ചം വന്നവ കുട്ടകളിൽ ശേഖരിക്കാൻ അവിടുന്ന് ആവശ്യപ്പെട്ടു. ഈ പ്രവൃത്തികളിലൂടെ ഈശോ നമുക്ക് മുന്ന് സന്ദേശങ്ങൾ നൽകുന്നു: കാണുക, പങ്കുവെക്കുക, സൂക്ഷിക്കുക.

പ്രസ്തുത അത്ഭുതം ആരംഭിക്കുന്നത്, ഈശോയുടെ നോട്ടത്തിൽനിന്നാണ്. അവിടുന്ന് എല്ലാവരുടെ കാര്യത്തിലും ശ്രദ്ധാലുവാണ്. ഓരോരുത്തരുടെയും ആവശ്യങ്ങൾ അവിടുന്ന് മനസിലാക്കുന്നു. അതുപോലെ, നമ്മുടെ മുത്തശ്ശീമുത്തശ്ശന്മാരും നമ്മെ നോക്കുന്നു. അവരുടെ സ്‌നേഹം നമ്മെ വളരാൻ സഹായിച്ചു. അതിനു പകരമായി നമ്മുടെ സ്‌നേഹവും പരിചരണവും അവർക്ക് നൽകേണ്ടിയിരിക്കുന്നു. കണ്ണുകയർത്തി ഈശോ നമ്മെ കാണുന്നതുപോലെ, നമുക്ക് അവരെ നോക്കാം.

യുവാവ് പങ്കുവെച്ച അപ്പവും മീനും വർദ്ധിപ്പിച്ചാണ് ഈശോ ജനക്കൂട്ടത്തിന് നൽകിയത്. പ്രസ്തുത അത്ഭുതപ്രവൃത്തിയുടെ ഹൃദയമായ ആ പങ്കുവെപ്പിന് തയാറായ പുതുതലമുറയെയാണ് ആവശ്യം. വയോധികരും യുവജനങ്ങളും തമ്മിൽ പുതിയൊരു ഉടമ്പടി ഉണ്ടാകണം. സന്തോഷവും സ്വപ്‌നവും പരസ്പരം പങ്കുവെക്കാനും തലമുറകൾക്കിടയിലുള്ള സംഘർഷം അവസാനിക്കാനും അത് ആവശ്യമാണ്. പുതുതലമുറയും വയോധികരും ഒരുമിച്ച് പങ്കുവെപ്പിന്റെ സംതൃപ്തി കണ്ടെത്തണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

വയോധികർക്കായുള്ള ദിനാചരണം സഭയിൽ ആരംഭിക്കുന്ന വിവരം കഴിഞ്ഞ ജനുവരിയിലാണ് പാപ്പ പ്രഖ്യാപിച്ചത്. യേശുവിന്റെ മുത്തശ്ശീ മുത്തശ്ശന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാളിനോട് (ജൂലൈ 26) അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ച, വയോധിക ദിനമായി പാപ്പ തിരഞ്ഞെടുക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?