Follow Us On

19

April

2024

Friday

യൂക്കരിസ്റ്റിക് അപ്പോസ്തലിന് ഓസ്‌ട്രേലിയയുടെ ആദരം! ഉയരുന്നു, വാഴ്ത്തപ്പെട്ട കാർലോയുടെ പേരിലുള്ള പ്രഥമ വിദ്യാലയം

യൂക്കരിസ്റ്റിക് അപ്പോസ്തലിന് ഓസ്‌ട്രേലിയയുടെ ആദരം! ഉയരുന്നു, വാഴ്ത്തപ്പെട്ട കാർലോയുടെ പേരിലുള്ള പ്രഥമ വിദ്യാലയം

സിഡ്‌നി: ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ ജീവിതം സമർപ്പിച്ചതിലൂടെ ‘യൂക്കരിസ്റ്റിക് അപ്പോസ്തൽ’ എന്ന് വിശേഷിപ്പിക്കപ്പെട്ട വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ നാമധേയത്തിൽ ലോകത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനം ഒരുങ്ങുന്നു ഓസ്‌ട്രേലിയയിൽ. ബൗദ്ധിക, ശാരീരിക, മാനസിക വളർച്ചയ്‌ക്കൊപ്പം ആത്മീയ വളർച്ചയ്ക്കും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ വിൽക്കാനിയ-ഫോർബ്‌സ് രൂപതയാണ് ന്യൂ സൗത്ത് വെയിൽസിലെ മോവാമ പട്ടണത്തിൽ ബ്ലസ്ഡ് കാർലോ കാത്തലിക് കോളജിന് തുടക്കം കുറിക്കുന്നത്. കിൻഡർ ഗാർട്ടൻ മുതൽ 12-ാം ക്ലാസുവരെയുള്ള സ്‌കൂൾ 2024ൽ പ്രവർത്തനം ആരംഭിക്കും.

യേശു പഠിപ്പിച്ച പ്രബോധനളെയും മാതൃകകളെയും കേന്ദ്രീകരിച്ചുള്ള പാഠ്യക്രമമായിരിക്കും സ്‌കൂളിന്റെ സവിശേഷത. ‘ദൈവകേന്ദ്രീകൃതമായി ജീവിക്കാനും ചുറ്റുമുള്ളവരെ പരിപാലിക്കാനും കുട്ടികൾക്കും കൗമാരക്കാർക്കും സാധിക്കുമെന്ന് ജീവിതംകൊണ്ട് സാക്ഷിച്ച വാഴ്ത്തപ്പെട്ട കാർലോയുടെ നാമം സ്‌കൂളിന് നൽകാനായത് വലിയ ആദരമാണ്. മറ്റുള്ളവർക്കുവേണ്ടി തങ്ങൾക്കും പ്രചോദനാത്മക ജീവിതം നയിക്കാൻ കഴിയുമെന്ന ബോധ്യത്തിലേക്ക് വിദ്യാർത്ഥീസമൂഹം നയിക്കപ്പെടും,’ വിൽക്കാനിയ- ഫോർബ്‌സ് രൂപതാ ബിഷപ്പ് കൊളുമ്പ മാക്ബത്ത് ഗ്രീൻ വ്യക്തമാക്കി.

1991ൽ ലണ്ടനിൽ ജനിച്ച കാർലോ അക്യുറ്റിസ്, ലുക്കീമിയ ബാധിതനായി 2006 ഒക്ടോബർ 12നാണ് ഇഹലോകവാസം വെടിഞ്ഞത്. കേവലം 15 വയസുവരെ മാത്രം ജീവിച്ചിരുന്നുള്ളുവെങ്കിലും അക്കാലംകൊണ്ടുതന്നെ അനേകരെ വിശ്വാസവഴിയിലേക്ക് നയിച്ചതിലൂടെയാണ് കാർലോ ശ്രദ്ധേയനായത്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിൽ പ്രതിഭാശാലിയായിരുന്ന കാർലോ, തന്റെ കഴിവുകൾ പൂർണമായും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചത്. കാൻസർ രോഗത്തിന്റെ വേദനയാൽ പുളയുമ്പോഴും ആ വേദന പാപ്പയ്ക്കും സഭയ്ക്കുംവേണ്ടി കാഴ്ചവെച്ച കാർലോ 2020 ഒക്ടോബറിലാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടത്.

‘ദിവ്യകാരുണ്യ ഭക്തി സ്വർഗത്തിലേക്കുള്ള ഹൈവേയാണെന്ന് ജീവിതംകൊണ്ട് പഠിപ്പിച്ച പുണ്യാത്മാവാണ് വാഴ്ത്തപ്പെട്ട കാർലോ. ദിവ്യകാരുണ്യ ഭക്തിക്കും പ്രാർത്ഥനയ്ക്കും പ്രാധാന്യം നൽകുന്ന പുതിയ കോളജിന്റെ അന്തരീക്ഷം, ഈശോയുമായുള്ള ആഴമായ സൗഹൃദം സ്ഥാപിക്കാൻ വിദ്യാർത്ഥീസമൂഹത്തിന് പ്രചോദനമേകും.’ മോനാമ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 10 ഏക്കറിലായാണ് മനോഹരമായ സ്‌കൂൾ സമുച്ചയം ഉയരുന്നത്. സ്‌കൂൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് പ്രാദേശിക ഭരണകൂടമായ മുറെ റിവർ കൗൺസിൽ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?