Follow Us On

26

September

2021

Sunday

പങ്കുവെക്കുന്നവരാകൂ, ദൈവം നമുക്കായി അത്ഭുതം പ്രവർത്തിക്കും: ഫ്രാൻസിസ് പാപ്പ

പങ്കുവെക്കുന്നവരാകൂ, ദൈവം നമുക്കായി അത്ഭുതം പ്രവർത്തിക്കും: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: നമുക്കുള്ളത് നിസ്സാരമാണെങ്കിലും അത് പങ്കുവെക്കാൻ തയാറായാൽ ദൈവം അത്ഭുതം പ്രവർത്തിക്കുമെന്ന് ഫ്രാൻസിസ് പാപ്പ. ഞായറാഴ്ച ആഞ്ചലൂസ് പ്രാർത്ഥനയിൽ, ഈശോ അപ്പം വർദ്ധിപ്പിക്കുന്ന സുവിശേഷ ഭാഗത്തെ ആസ്പദമാക്കി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അഹങ്കാരത്തിനും അധികാരത്തിനും നിമിത്തമാകുന്ന പെരുപ്പിക്കലല്ല, മറിച്ച് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ദൈവത്തെ പ്രേരിപ്പിക്കുന്ന പങ്കുവെക്കലിന്റെ മനോഭാവമാണ് അഭികാമ്യമെന്നും പാപ്പ ചൂണ്ടിക്കാട്ടി.

തന്നെ ശ്രവിക്കാനെത്തിയ അയ്യായിരത്തോളം പേർക്ക് അഞ്ച് അപ്പവും രണ്ടു മീനും അത്ഭുതകരമായി യേശു വർധിപ്പിച്ചു നൽകി. യേശു ശൂന്യതയിൽനിന്നല്ല അപ്പവും മീനും സൃഷ്ടിച്ചത്. ഒരു ബാലൻ പങ്കുവെച്ച അപ്പവും മീനും ഉപയോഗിച്ചാണ് അവിടുന്ന് അത്ഭുതം പ്രവർത്തിച്ചത്. ബാലൻ തനിക്കു ഭക്ഷിക്കാനായി കരുതിയത് മുഴുവൻ പങ്കുവെച്ചെങ്കിലും ആ സമയത്തെ ആവശ്യത്തിന് അതു വളരെ കുറവായിരുന്നു. എന്നാൽ യേശുവിന് അതു മതിയായിരുന്നു. ബാലന്റെ ചെറുതും സൗജന്യവുമായ ദാനത്തിൽനിന്ന് എല്ലാവർക്കും ഭക്ഷണം നൽകാൻ യേശുവിനു കഴിഞ്ഞു.

ചെറിയ കാര്യങ്ങൾകൊണ്ട് വലിയ അത്ഭുതങ്ങൾ സംഭവിക്കുന്നു. ഇപ്രകാരം പങ്കുവെക്കാനും പ്രവർത്തിക്കാനും ദൈവം ഇഷ്ടപ്പെടുന്നു. നിസാരമായ കാര്യങ്ങളിൽ നിന്ന്, സൗജന്യമായി നൽകിയവയിൽനിന്ന് അവിടുന്ന് വലിയ കാര്യങ്ങൾ ചെയ്യുന്നു. നമ്മുടെ പ്രാർത്ഥനകളിലൂടെയും ദയയുടെ വിവിധ ഭാവങ്ങളിലൂടെയും കഷ്ടപ്പാടുകൾപോലും അവിടുത്തേക്ക് സമർപ്പിക്കുന്നതിലൂടെ ഈശോയ്ക്ക് നിരവധി അത്ഭുതങ്ങൾ പ്രവർത്തിക്കാനാകും. അതിനാൽ, ‘ഇന്ന് ഞാൻ യേശുവിന് എന്താണ് നൽകുക?’ എന്ന ചോദ്യം അനുദിനം നാം സ്വയം ചോദിക്കണം.

പങ്കുവെപ്പിനെ കുറിച്ചുള്ള കാഴ്ചപ്പാട് നമ്മുടേതിൽനിന്ന് ഏറെ വിഭിന്നമാണ് യേശുവിന്റേത്. നമ്മുടെ പക്കലുള്ളത് വിട്ടുകൊടുക്കുന്നതിന് പകരം, വർധിപ്പിക്കാനാണ് നാം ശ്രമിക്കുന്നത്. എന്നാൽ, യേശുവാകട്ടെ, പങ്കുവെക്കാൻ ആവശ്യപ്പെടുന്നു. പങ്കുവെക്കൽ നടക്കാതെ വരുമ്പോൾ സംഭവിക്കുന്ന ദുരന്തത്തിന് നിരവധി തെളിവുകൾ നമുക്ക് ചുറ്റുമുണ്ട്. പോഷകാഹാരക്കുറവുമൂലം പ്രതിദിനം അഞ്ചു വയസിനു താഴെയുള്ള ഏഴായിരത്തോളം കുട്ടികൾ മരണപ്പെടുന്നത് പങ്കുവെക്കൽ സംസ്‌ക്കാരത്തിന്റെ അഭാവത്താലുള്ള ദുരന്തത്തിന് ഉദാഹരണമായി പാപ്പ ചൂണ്ടിക്കാട്ടുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?