Follow Us On

26

September

2021

Sunday

പാവങ്ങളുടെ അന്നദാതാവ് ഫാ. മലാവേ ഇനി ‘അർബൻ ഹീറോ’; കത്തോലിക്കാ വൈദികന് ഇക്വഡോറിന്റെ ആദരം

പാവങ്ങളുടെ അന്നദാതാവ് ഫാ. മലാവേ ഇനി ‘അർബൻ ഹീറോ’; കത്തോലിക്കാ വൈദികന് ഇക്വഡോറിന്റെ ആദരം

ക്വീറ്റോ: തെരുവിൽ അലയുന്ന നൂറുകണക്കിന് ആളുകൾക്ക് അന്നമേകുന്നതിലൂടെ ശ്രദ്ധേയനായ കത്തോലിക്കാ വൈദികൻ വിൽസൺ മലാവേയ്ക്ക് ഇക്വഡോറിയൻ നഗരസഭയുടെ ‘അർബൻ ഹീറോ’ പുരസ്‌ക്കാരം. ഇക്വഡോറിലെ ഏറ്റവും വലിയ നഗരമായ ഗ്വായാഗ്വിൽ നഗരസഭയാണ് ‘ലോർഡ് ഓഫ് ഗുഡ് ഹോപ്പ്’ സംഘടനയ്ക്ക് നേതൃത്വം നൽകുന്ന ഫാ. മലാവേയ്ക്ക് ‘മെഡൽ ഫോർ ദ മെറിറ്റ് ഓഫ് അർബൻ ഹീറോസ്’ പുരസ്‌ക്കാരം സമ്മാനിച്ചത്. എൺപത് പേർക്ക് ഭക്ഷണം ലഭ്യമാക്കി ഒൻപത് വർഷംമുമ്പ് തുടക്കം കുറിച്ച ‘ലോർഡ് ഓഫ് ഗുഡ് ഹോപ്പ്’ സംരംഭത്തിലൂടെ ഇന്ന് പ്രതിദിനം വിശപ്പടക്കുന്നവരുടെ എണ്ണം 550ൽപ്പരം വരും.

ഗ്വായാഗ്വിൽ നഗരസഭ സ്ഥാപിതമായതിന്റെ 486-ാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ, ഇക്വഡോർ പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. ‘ഈ സംരംഭത്തോട് ചേർന്നു പ്രവർത്തിക്കുന്ന എല്ലാ സന്നദ്ധപ്രവർത്തകർക്കും, ക്ലേശങ്ങളുടെ ഈ ദിനങ്ങളിലും പ്രാർത്ഥനയിലൂടെയും സംഭാവനകളിലൂടെയും സംരംഭത്തെ പിന്തുണയ്ക്കുന്ന സകലർക്കും കൂടിയുള്ള ആദരവാണ് ഈ പുരസ്‌ക്കാരം,’ സാൻ അഗസ്റ്റിൻ ദൈവാലയ വികാരികൂടിയായ ഫാ. മലാവേ പറഞ്ഞു.

വിശക്കുന്നവർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം പ്രായമായവർ, അഭയാർത്ഥികൾ, അവിവാഹിതരായ അമ്മമാർ, തെരുവ് കച്ചവടക്കാർ, വികലാംഗർ, ഭവനരഹിതർ എന്നിവർക്ക് വസ്ത്രം ലഭ്യമാക്കുന്നുമുണ്ട് സംഘടന. ‘സ്‌നേഹം നിറഞ്ഞ ഒരു പാത്രത്തിലൂടെ ക്രിസ്തുവിനെ സ്വീകരിക്കുകയാണ് അവർ. അത് വെറും ഭക്ഷണമല്ല, മറിച്ച്, തന്റെ അയൽക്കാരനുവേണ്ടി ചെറുതും വലുതുമായ സമർപ്പണങ്ങൾ കാഴ്ചവെക്കുന്നവരുടെ സ്‌നേഹമാണത്,’ ഫാ. മലാവേ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?