Follow Us On

19

February

2019

Tuesday

കിണറാഴങ്ങളിൽ തുണയായത് ജപമാല

കിണറാഴങ്ങളിൽ തുണയായത് ജപമാല

മാനന്തവാടി രൂപതയിലെ ചെറുകാട്ടൂർ കുന്നുമ്മേൽ ഷൈലസ്-ആൻസി ദമ്പതികൾക്ക് മാതാവിൽ നിന്ന് ലഭിച്ചത് നിസ്തുലമായ അനുഗ്രഹമാണ്. ഇവരുടെ ഇളയമകൾ ലിറ്റിയെ പരിശുദ്ധ അമ്മ കരം ചേർത്ത് പിടിച്ച് നിർത്തി എന്നതാണ് അവരുടെ ജീവിതത്തെ അനുഗ്രഹപ്രദമാക്കിയത്. മൂന്ന് വർഷം മുമ്പാണ് നാടിനെ മുഴുൻ വിസ്മയിപ്പിച്ച ഈ സംഭവം നടന്നത്. അന്ന് നടവയൽ സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയായ ലിറ്റി റോസും പിതൃസഹോദരപുത്രി ഒരു വയസുകാരി നിയമോളും തറവാട്ടുവീട്ടിലെ കിണറിന്റെ അരികിൽ കളിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. പെട്ടെന്ന് അബദ്ധത്തിൽ ഇരുവരും കിണറിനകത്തേക്ക് വീണു. കിണറിലെ പൈപ്പിൽ പിടുത്തം കിട്ടിയ ലിറ്റിമോൾ നിയയെ കൈയിൽ നിന്നും വിട്ടില്ല. നിയമോളാകട്ടെ ചേച്ചിയുടെ കഴുത്തിലെ ജപമാലയിലാണ് മുറുകെ പിടിച്ചത്. പൊട്ടാതിരുന്ന ആ ജപമാല ഒരിക്കലും കൈവിടാത്ത മാതൃസ്‌നേഹത്തിന്റെ സാക്ഷ്യമാണിന്ന്. ലിറ്റിയുടെ മാതാപിതാക്കളും സഹോദരനുമെല്ലാം കുളിവയലിലുള്ള മദർ തെരേസ ദേവാലയത്തിൽ തിരുനാളിന് പോയിരിക്കുകയായിരുന്നു. പെൺകുട്ടികളെ കാണാതെ അന്വേഷിച്ചെത്തിയ നിയമോളുടെ അഞ്ചുവയസുകാരൻ സഹോദരൻ നവീൻ ആണ് കുട്ടികൾ കിണറ്റിൽ വീണ കാര്യം നിയയുടെ അമ്മ ഐബിയെ അറിയിച്ചത്. തുടർന്നാണ് സമീപവാസികൾ പോലും സംഭവമറിയുന്നത്.
നാൽപതു റിങ്ങുള്ള ഈ കിണറ്റിൽ 20 റിങ്ങ് വെള്ളമുണ്ടായിരുന്നു. ആൾക്കാരെത്തുവോളം പതറാതെ കുഞ്ഞിനെ ചേർത്തുപിടിച്ച ലിറ്റിമോളെ കൈ തളരാൻ തുടങ്ങിയപ്പോഴും മാതാവ് സംരക്ഷിക്കുകയായിരുന്നു. മുക്കാൽ മണിക്കൂറോളം ഈ കുരുന്നുകൾ കിണറിൽ മരണത്തെ മുഖാമുഖം കണ്ടുനിന്നു. കുട്ടികളെ രക്ഷിക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടു. പിന്നീട് സമീപവാസിയായ രാജൻ എന്ന വ്യക്തി കിണറിൽ ഇറങ്ങിയാണ് കുട്ടികളെ രക്ഷപ്പെടുത്തുന്നത്. കിണറിനു പുറത്തെത്തിച്ച കുട്ടികളെ ആശുപത്രിയിലേക്കു കൊണ്ടുപോകുംമുമ്പ് മദർ തെരേസാ ദേവാലയത്തിലെത്തിച്ച് പരിശുദ്ധ മാതാവിന് നന്ദി പറയുകയാണ് മാതാപിതാക്കൾ ആദ്യം ചെയ്തത്.
ലിറ്റി റോസിന്റെ മനോധൈര്യത്തെ സഹപാഠികളും അധ്യാപകരും മാതാപിതാക്കളും അനുമോദിച്ചു. പ്രധാനാധ്യാപകൻ എൻ.യു.ടോമിയുടെ നേതൃത്വത്തിൽ ലിറ്റി റോസിന്റെ വീട്ടിലെത്തി പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗങ്ങളുടെ നേതൃത്വത്തിലും ലിറ്റിയെ ആദരിച്ചു.
ആദരമെല്ലാം ഏറ്റുവാങ്ങുമ്പോഴും ഒരു നിറഞ്ഞ പുഞ്ചിരിയുടെ വിനയഭാഷയിൽ ലിറ്റിമോൾ ആ സുകൃതജപം ആവർത്തിക്കുന്നു ”എന്റെ അമ്മേ, എന്റെ ആശ്രയമേ…”
ആ കുട്ടികളെ രക്ഷിച്ച സംരക്ഷണയിൽ ആശ്രയിച്ച് മുന്നോട്ട് നീങ്ങുകയാണ് ഒരു ഗ്രാമം മുഴുവനുമിന്ന്.
ഷാജി ചന്ദനപ്പറമ്പിൽ കല്പ്പറ്റ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

Don’t want to skip an update or a post?