Follow Us On

26

September

2021

Sunday

ലോക കുടുംബസംഗമം: ഒരുക്കം പുരോഗമിക്കുന്നു, ‘വിവാഹ വിരുന്ന്’ തയാർ! ഔദ്യോഗിക ചിത്രം പുറത്തിറക്കി വത്തിക്കാൻ

ലോക കുടുംബസംഗമം: ഒരുക്കം പുരോഗമിക്കുന്നു, ‘വിവാഹ വിരുന്ന്’ തയാർ! ഔദ്യോഗിക ചിത്രം പുറത്തിറക്കി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: 2022 ജൂൺ 23മുതൽ 27വരെ റോം ആതിഥേയത്വം വഹിക്കുന്ന ലോക കുടുംബസംഗമത്തിന്റെ ഔദ്യോഗിക ചിത്രം പുറത്തിറക്കി വത്തിക്കാൻ. വെള്ളം വീഞ്ഞാക്കിമാറ്റി ഈശോ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ച കാനായിലെ വിവാഹവിരുന്നാണ് ഔദ്യോഗിക ചിത്രത്തിന്റെ പ്രമേയം. ജെസ്യൂട്ട് സഭാംഗവും ദൈവശാസ്ത്രജ്ഞനും ചിത്രകാരനുമായ ഫാ. മാർക്കോ ഇവാൻ റുപ്‌നിക്കാണ്, ‘ഈ രഹസ്യം വളരെ ശ്രേഷ്ഠം’ (This is a great mystery) എന്ന തലക്കെട്ടിൽ തയാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ രചയിതാവ്.

ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കുമൊപ്പം വധൂവരന്മാരെയും വീഞ്ഞ് പകരുന്ന ഒരു ഭൃത്യനെയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘വധൂവരന്മാർ ഇടതുവശത്ത് ഒരു തിരശീലയ്ക്ക് പിന്നിലും യേശുവും മറിയയും വലതുവശത്തുമാണ് നിൽക്കും വിധമാണ് രംഗം ചിത്രീകരിച്ചിരിക്കുന്നത്. അവർക്ക് മുന്നിൽ വീഞ്ഞ് ഒഴിക്കുന്ന ഭൃത്യന്, ക്രിസ്റ്റ്യൻ ഐക്കണോഗ്രഫി പ്രകാരം വിശുദ്ധ പൗലോസിനെ അനുസ്മരിപ്പിക്കുന്ന രൂപസാദൃശ്യമാണുള്ളത്,’ കുടുംബ സംഗമത്തിന് ചുക്കാൻ പിടിക്കുന്ന ‘അൽമായർക്കും കുടുംബത്തിനും ജീവനും’ വേണ്ടിയുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കി.

‘സ്ത്രീയും പുരുഷനും തമ്മിലുള്ള കൗദാശിക സ്‌നേഹം എപ്രകാരം ക്രിസ്തുവും സഭയും തമ്മിലുള്ള അഭേദ്യ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതിഫലനമാകുന്നുമെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. ക്രിസ്തു സഭയ്ക്കായി രക്തം ചിന്തി. അതുപോലെ, വെള്ളം വീഞ്ഞായി മാറ്റിയതിലൂടെ കൂദാശയുടെ ചക്രവാളം തുറക്കുകയായിരുന്നു അവിടുന്ന്,’ സ്ലൊവേനിയയിൽനിന്നുള്ള 67 വയസുകാരനായ ഫാ. റുപ്‌നിക് വ്യക്തമാക്കി. വത്തിക്കാനിലെ അപ്പോസ്‌തോലിക കൊട്ടാരത്തിലെ റിഡംപ്റ്ററിസ്റ്റ് മേറ്റർ ചാപ്പലിന്റെ നവീകരണത്തിന് മേൽനോട്ടം വഹിച്ചതിലൂടെയും ശ്രദ്ധേയനാണ് റോമിലെ ‘സെന്റർ അലേട്ടി’ ഡയറക്ടർകൂടിയായ ഫാ. റുപ്‌നിക്.

‘കുടുംബ സ്നേഹം: വിശുദ്ധയിലേക്കുള്ള വിളിയും മാർഗവും’ എന്നതാണ് 10-ാമത് ലോക കുടുംബസംഗമത്തിന്റെ ചിന്താവിഷയം. കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021 ജൂണിൽ നടക്കേണ്ടിയിരുന്ന ലോക കുടുംബസംഗമം 2022 ജൂണിലേക്ക് പാപ്പ മാറ്റിവെക്കുകയായിരുന്നു. സഭയിലും സമൂഹത്തിലും കുടുംബങ്ങൾക്കുള്ള പ്രസക്തി വ്യക്തമാക്കാനും കത്തോലിക്കാ കുടുംബമൂല്യങ്ങൾ പ്രഘോഷിക്കാനും ലക്ഷ്യംവെച്ച് 1994ൽ ആരംഭം കുറിച്ച ലോക കുടുംബസംഗമം മൂന്ന് വർഷത്തിൽ ഒരിക്കലാണ് സംഘടിപ്പിക്കുന്നത്. അയർലൻഡിലെ ഡബ്ലിനായിരുന്നു 2018ലെ ആതിഥേയർ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?