Follow Us On

21

October

2021

Thursday

ക്രിസ്തുവിനെപ്രതി 200 ദിനങ്ങൾക്കിടെ നൈജീരിയയിൽ രക്തസാക്ഷിത്വം വരിച്ചത് 3462 പേർ; നടുക്കുന്ന റിപ്പോർട്ട് പുറത്ത്‌

ക്രിസ്തുവിനെപ്രതി 200 ദിനങ്ങൾക്കിടെ നൈജീരിയയിൽ രക്തസാക്ഷിത്വം വരിച്ചത് 3462 പേർ; നടുക്കുന്ന റിപ്പോർട്ട് പുറത്ത്‌

അബൂജ: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 2021 ജനുവരി ഒന്നു മുതൽ ജൂലൈ 18 വരെയുള്ള 200 ദിനങ്ങൾക്കിടയിൽ ക്രിസ്തുവിശ്വാസത്തെപ്രതി 3462 പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് പുറത്ത്. നൈജീരിയൻ ക്രൈസ്തവർ നേരിടുന്ന മതപീഡനങ്ങളെ കുറിച്ച് പഠനം നടത്തുന്ന ‘ദ ഇന്റർനാഷണൽ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ’ (ഇന്റർ സൊസൈറ്റി) എന്ന സന്നദ്ധ സംഘടനയാണ് നടുക്കുന്ന ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

ഇസ്ലാമിക തീവ്രവാദികളാലും ജിഹാദി അനുകൂലികളായ സുരക്ഷാ സേനാംഗങ്ങളാലും ഓരോ ദിവസവും ശരാശരി 17 ക്രൈസ്തവർ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020ൽ ആകെ കൊല്ലപ്പെട്ടത് 3530 പേരാണെങ്കിൽ ഈ 200 ദിനത്തിനിടയിൽമാത്രം 3462 പേർ കൊല്ലപ്പെട്ടെന്നത് നടുക്കം വർദ്ധിപ്പിക്കുന്നു- 2020ൽ കൊല്ലപ്പെട്ടവരുടെ എണ്ണവുമായുള്ള വ്യത്യാസം വെറും 68 മാത്രം!

റിപ്പോർട്ട് ചെയ്യപ്പെടുകയോ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുകയോ ചെയ്യാത്ത 150 മരണങ്ങൾ കൂടിയുണ്ട്. ഇതുകൂടി പരിഗണിക്കുമ്പോൾ 2020ൽ ഉണ്ടായതിനേക്കാൾ കൂടുതൽ ക്രൈസ്തവ രക്തസാക്ഷിത്വങ്ങൾ 2021ന്റെ ആദ്യ 200 ദിനങ്ങൾക്കിടയിൽ മാത്രം സംഭവിച്ചു. 10 വൈദികരും പാസ്റ്റർമാരും ഉൾപ്പെടെ 10 സഭാശുശ്രൂഷകരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. 200 ദിനങ്ങൾക്കിടയിൽ 2980 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2021 ജനുവരി മുതൽ ഇതുവരെ 300ൽപ്പരം ദൈവാലയങ്ങൾ ആക്രമണത്തിനിരയാവുകയും ചെയ്തു.

2021 ജനുവരി മുതൽ ഏപ്രിൽ 30 വരെയുള്ള കണക്കുകൾ അടിസ്ഥാനപ്പെടുത്തി മേയ് 11ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 1470 പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ മേയ് ഒന്നു മുതൽ ജൂലൈ 18 വരെയുള്ള 80 ദിനങ്ങൾക്കിടയിൽ 1,992 ക്രൈസ്തവർ കൊല്ലപ്പെട്ടു. ബെന്യു സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ടത്, ദൈവാലയങ്ങൾക്കു നേരായ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ ഉണ്ടായത് ടാരാബാ സംസ്ഥാനത്തും.

കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കാൻ കാരണം നൈജീരിയൻ സുരക്ഷാ സേനയുടെ നിഷ്‌ക്രിയത്വവും കഴിവില്ലായ്മയുമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബൊക്കോ ഹറാം, ഫുലാനി ഹെഡ്‌സ്മാൻ, ഐസിസ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ് എന്നീ ഇസ്ലാമിക തീവ്രവാദികളാണ് നൈജീരിയയിലും സമീപ പ്രദേശങ്ങളിലും വെല്ലുവിളി ഉയർത്തുന്നത്. ക്രിസ്തുവിശ്വാസത്തെപ്രതി പീഡനങ്ങൾ വർദ്ധിക്കുമ്പോഴും ക്രിസ്തുവിശ്വാസത്തെ നൈജീരിയൻ ജനത മാറോടു ചേർന്നു എന്നതാണ് വാസ്തവം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?